Latest News

വിഴിഞ്ഞം സമരം: കലക്ടറുടെ വിലക്ക് തള്ളി; തിരുവനന്തപുരം ബൈപാസ് റോഡിലെ ഒമ്പത് സ്ഥലങ്ങള്‍ മല്‍സ്യത്തൊഴിലാളികള്‍ ഇന്ന് ഉപരോധിക്കും

വിഴിഞ്ഞം സമരം: കലക്ടറുടെ വിലക്ക് തള്ളി; തിരുവനന്തപുരം ബൈപാസ് റോഡിലെ ഒമ്പത് സ്ഥലങ്ങള്‍ മല്‍സ്യത്തൊഴിലാളികള്‍ ഇന്ന് ഉപരോധിക്കും
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരത്തിന്റെ 63ാം ദിനമായ ഇന്ന് തിരുവനന്തപുരം ബൈപാസ് റോഡിലെ ഒമ്പത് സ്ഥലങ്ങള്‍ മല്‍സ്യത്തൊഴിലാളികള്‍ ഉപരോധിക്കും. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വള്ളങ്ങളുമായെത്തിയാണ് തൊഴിലാളികള്‍ റോഡ് ഉപരോധിക്കുക. അതിരൂപതയ്ക്ക് കീഴിലെ ആറ് ഫെറോനകളുടെ നേതൃത്വത്തിലാണ് സമരം. ആറ്റിങ്ങല്‍, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, സ്‌റ്റേഷന്‍കടവ്, പൂവാര്‍, ഉച്ചക്കട എന്നിവടങ്ങളിലാണ് സമരം.

സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും നടത്തും. മുഴുവന്‍ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളും റോഡ് ഉപരോധത്തിനെത്തുമെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു. ക്രമസമാധാന സ്ഥിതി കണക്കിലെടുത്ത് വിഴിഞ്ഞത്തും മുല്ലൂരിലുമുള്ള ഉപരോധ സമരത്തിന് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. എന്നാല്‍, റോഡ് ഉപരോധത്തിന് ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനം തള്ളിയാണ് മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം. സമരം ചെയ്യുന്നവരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടുപോവില്ലെന്നാണ് ലത്തീന്‍ രൂപതയുടെയും മല്‍സ്യത്തൊഴിലാളികളുടെയും നിലപാട്.

അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നത് കണക്കിലെടുത്താണ് നിരോധനമെന്നാണ് കലക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവില്‍ പറയുന്നത്. സമരം കണക്കിലെടുത്ത് കൂടുതല്‍ പോലിസിനെ വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കും. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് ശാസ്ത്രീയ പഠനം നടത്തുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വാടക നല്‍കി പുനരധിവസിപ്പിക്കുക, മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മല്‍സ്യത്തൊഴിലാളികളുടെ സമരം.

നീതി കിട്ടും വരെ സമരം തുടരുമെന്നും മല്‍സ്യത്തൊഴിലാളികള്‍ മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളില്‍ ഒന്ന് പോലും സര്‍ക്കാര്‍ പാലിച്ചില്ലെന്നും സര്‍ക്കാരിന് തികഞ്ഞ ദാര്‍ഷ്ട്യ മനോഭാവമാണെന്നും പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നു. തുറമുഖ കവാടത്തിലെ സമരം തുടങ്ങിയതിനു ശേഷം ഇത് അഞ്ചാം തവണയാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്. തുറമുഖ നിര്‍മാണം മൂലമുള്ള പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങള്‍ പഠിക്കുന്നതിനായി ലത്തീന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജനകീയ കമ്മീഷനുമായി സഹകരിക്കണമെന്നും സര്‍ക്കുലറില്‍ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it