Latest News

വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിന് ബാധ്യതയും ജനങ്ങള്‍ക്ക് ദുരന്തവുമായി മാറും: പി അബ്ദുല്‍ ഹമീദ്

വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിന് ബാധ്യതയും ജനങ്ങള്‍ക്ക് ദുരന്തവുമായി മാറും: പി അബ്ദുല്‍ ഹമീദ്
X

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിന് ബാധ്യതയും തീരദേശവാസികള്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കാകെയും ദുരന്തവുമായി മാറുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. തീരത്തെയും തീരദേശവാസികളെയും സംരക്ഷിക്കുക, ലത്തീന്‍ കത്തോലിക്കാ സമരത്തിന് ഐക്യദാര്‍ഢ്യവുമായി 'അദാനി ഗോ ബാക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിനു സമീപത്തുനിന്ന് വിഴിഞ്ഞത്തേക്ക് നടത്തുന്ന ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കോര്‍പറേറ്റ് പ്രീണനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിഴിഞ്ഞം പദ്ധതി.

ജനാധിപത്യം ഇന്ന് കോര്‍പറേറ്റ് ആധിപത്യമായി മാറിക്കൊണ്ടിരിക്കുന്നു. ജനപ്രതിനിധികള്‍ പൊതുസ്വത്ത് കോര്‍പറേറ്റിന് തീറെഴുതി കൊടുക്കുന്ന ഏജന്റുമാരായി മാറിയിരിക്കുന്നു. തീരദേശവാസികളെയും മല്‍സ്യത്തൊഴിലാളികളെയും തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതിയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കിയത്. സാമൂഹിക പ്രവര്‍ത്തകരും പരിസ്ഥിതി സ്‌നേഹികളും ആദ്യം മുതല്‍ പങ്കുവച്ച ആശങ്കകള്‍ നിര്‍മാണം പൂര്‍ത്തിയാവുന്നതിനു മുമ്പ് തന്നെ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു.

ശംഖുമുഖം ബീച്ചും കോവളം ബീച്ചും ഓര്‍മയായി മാറിയിരിക്കുന്നു. തിരകള്‍ തീരം കവര്‍ന്നെടുക്കുന്നു. മല്‍സ്യസമ്പത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. തീരദേശവാസികള്‍ അഭയാര്‍ഥികളായി മാറുകയാണ്. അദാനിക്ക് മാത്രം നേട്ടമുണ്ടാക്കുകയും സംസ്ഥാനത്തിനു ദുരന്തമായി മാറുകയും ചെയ്യുന്ന പദ്ധതി നിര്‍ത്തിവയ്ക്കണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു. വികസനമല്ല, ഇത് വിനാശമാണെന്നും വിനാശത്തിനെതിരായാണ് ജനങ്ങള്‍ സമരം ചെയ്യുന്നതെന്നും സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആന്റോ ആന്റണി ജോസഫ് പറഞ്ഞു.

ജാഥാ ക്യാപ്ടനും ജില്ലാ പ്രസിഡന്റുമായ സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ സെക്രട്ടറി അജയന്‍ വിതുര സംസാരിച്ചു. പാര്‍ട്ടി സംസ്ഥാന സമിതിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജലീല്‍ കരമന, ഷിഹാബൂദ്ദീന്‍ മന്നാനി, ജില്ലാ സെക്രട്ടറിമാരായ സിയാദ് തൊളിക്കോട്, ഇര്‍ഷാദ് കന്യാകുളങ്ങര, സബീന ലുഖ്മാന്‍, ജില്ലാ നേതാക്കളായ ഇബ്രാഹിം മൗലവി, കുന്നില്‍ ഷാജഹാന്‍, ഷജീര്‍ കുറ്റിയാമ്മൂട്, സുനീര്‍ പച്ചിക്കോട്, സജീവ് വഴിമുക്ക്, മാഹീന്‍ പരുത്തിക്കുഴി, സൗമ്യ പൂവച്ചല്‍, മണ്ഡലം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ സംബന്ധിച്ചു.

അട്ടക്കുളങ്ങര, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പാച്ചല്ലൂര്‍, കോവളം, വിഴിഞ്ഞം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം വൈകീട്ട് അഞ്ചിന് മുല്ലൂര്‍ സമരപ്പന്തലില്‍ സമാപിക്കും. സമാപന സമ്മേളനം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.

Next Story

RELATED STORIES

Share it