Latest News

'വെര്‍ച്വല്‍ ഹിയറിങ്' പുതിയ കാര്യമല്ല, മഹാഭാരതകാലം മുതലുണ്ടെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

വെര്‍ച്വല്‍ ഹിയറിങ് പുതിയ കാര്യമല്ല, മഹാഭാരതകാലം മുതലുണ്ടെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്
X

ന്യൂഡല്‍ഹി: വെര്‍ച്വല്‍ ഹിയറിങ് പുതിയ കാര്യമല്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ. ഡോ. കഫീല്‍ ഖാന്റെ മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

ഡോ. കഫീല്‍ ഖാന്റെ മോചനവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. കക്ഷികള്‍ ഹാജരായി 15 ദിവസത്തിനുള്ളില്‍ എന്നും കോടതി നിര്‍ദേശിച്ചു. ഹാജരാവല്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായാലും മതിയെന്ന് കൂട്ടിച്ചേര്‍ക്കാനാവുമോ എന്ന് ഹരജിക്കാരിയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് ആരാഞ്ഞു.

വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയുമാകാമെന്നായിരുന്നു മറുപടി. അതും ഒരു ഹാജരാവലാണ്. ഇപ്പോള്‍ നിങ്ങള്‍ ഞങ്ങള്‍ക്കു മുമ്പില്‍ ഹാജരാവുന്നതും അങ്ങിനെയാണല്ലോ- കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം ഹാജരാവലുകള്‍ സാധാരണ ഹാജരാവലായി പരിഗണിക്കണമെന്ന് ജെയ്‌സിങ് തുടര്‍ന്ന് അഭ്യര്‍ത്ഥിച്ചു.

വെര്‍ച്വല്‍ ഹിയറിങ് പുതിയ കാര്യമല്ലെന്ന് ഇതിന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. മഹാഭാരത കാലം മുതല്‍ ഇതുണ്ട്. തനിക്കതറിയില്ലെന്നും കൊവിഡ് കാലം മുതലുള്ളതായി അറിയാമെന്നും ചിരിച്ചുകൊണ്ട് ഇന്ദിരാ ജെയ്‌സിങ് മറുപടി നല്‍കി.

അല്ല, ഞാന്‍ സഞ്ജയന്റെ ചെയ്തതുപോലെയെന്നാണ് ഉദ്ദേശിച്ചതെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.

കുരുക്ഷേത്രത്തില്‍ നടന്ന മഹാഭാരത യുദ്ധം അന്ധനായ ധൃതരാഷ്ട്രര്‍ക്ക് വിവരിച്ചുകൊടുക്കുന്നത് സഞ്ജയനാണ്. ഇതിനായി വ്യാസന്‍ അദ്ദേഹത്തിന് ദിവ്യദൃഷ്ടി നല്‍കി. ഇതുവഴി അദ്ദേഹത്തിന് എല്ലാ വിവരങ്ങളും ധൃതരാഷ്ട്രര്‍ക്ക് വിവരിച്ച് കൊടുക്കാന്‍ കഴിഞ്ഞു.

അറിയപ്പെടുന്ന പീഡിയാട്രിക് ഡോക്ടറായ കഫീല്‍ ഖാനെ 2019 ഡിസംബര്‍ 12 ന് സിഎഎ വിരുദ്ധ സമരത്തിന്റെ ഭാഗമായി അലിഗഡില്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്. 2020 ജനുവരി 29ന് ഉത്തര്‍പ്രദേശ് പോലിസ് കഫീല്‍ഖാനെ അറസ്റ്റ് ചെയ്തു. ആദ്യം അലിഗഡ് ജയിലില്‍ തടവിലാക്കപ്പെട്ട അദ്ദേഹത്തെ മഥുര ജയിലിലേക്ക് മാറ്റി. ഫെബ്രുവരി 10 ന് ഖാന് ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തെ വിട്ടയച്ചില്ല. ദേശീയ സുരക്ഷാ നിയമം ചുമത്തി വീണ്ടും തടവറയിലേക്കയച്ചു. ഇതിനെതിരേ കഫീല്‍ഖാന്റെ മാതാവ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി.

Next Story

RELATED STORIES

Share it