Latest News

എക്സൈസ് ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്

എക്സൈസ് ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ 'ഓപ്പറേഷന്‍ സേഫ് സിപ്പ്' റെയ്ഡില്‍ വ്യാപകമായ കൈക്കൂലി ഇടപാടുകളും ക്രമക്കേടുകളും പുറത്ത് വന്നു. സംസ്ഥാനത്തെ വിവിധ എക്സൈസ് ഉദ്യോഗസ്ഥര്‍ ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍ നിന്ന് കൈപ്പറ്റിയ 2,13,500 രൂപയും, പിടിച്ചെടുത്ത 25 മദ്യക്കുപ്പികളും പരിശോധനയില്‍ കണ്ടെത്തി.

ഗൂഗിള്‍ പേ വഴിയാണ് ഭൂരിഭാഗം ഇടപാടുകളും നടന്നത്. പത്താനാപുരം എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ ബാറുടമയില്‍ നിന്ന് 42,000 ഗൂഗിള്‍ പേ വഴി സ്വീകരിച്ചതായി വിജിലന്‍സ് കണ്ടെത്തി. പാലാ സര്‍ക്കിള്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ 11,500 രൂപ കൈപ്പറ്റിയതായും, കൊച്ചി എക്സൈസ് ഓഫിസിലെ ഒരാളുടെ അക്കൗണ്ടില്‍ 93,000 ഗൂഗിള്‍ പേ വഴി നല്‍കിയതായും രേഖകള്‍ സൂചിപ്പിക്കുന്നു.

തൃശൂര്‍ പരിശോധനയില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് 2,600 രൂപയും, വൈക്കം സര്‍ക്കിള്‍ ഓഫിസിലെ ശുചിമുറിയില്‍ സ്വകാര്യ ബാര്‍ ഹോട്ടലിന്റെ പേരിലുള്ള കവറില്‍ ഒളിപ്പിച്ച നിലയില്‍ 13,000 രൂപയും, പൊന്നാനി സര്‍ക്കിള്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയ അഞ്ച് മദ്യക്കുപ്പികളും കണ്ടെത്തി.

പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ 24,000 രൂപ, മഞ്ചേരി സര്‍ക്കിള്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ 34,000 ഗൂഗിള്‍ പേ വഴി സ്വീകരിച്ചതായും വിജിലന്‍സ് കണ്ടെത്തി. കോഴിക്കോട്ട് സര്‍ക്കിള്‍ ഓഫിസില്‍ 16 മദ്യക്കുപ്പികള്‍, പേരാമ്പ്രയില്‍ 8000, കാസര്‍കോട് ഓഫിസില്‍ കണക്കില്‍പ്പെടാത്ത 5000 കുപ്പികളും കണ്ടെത്തി.

സുല്‍ത്താന്‍ ബത്തേരി സര്‍ക്കിള്‍ ഓഫിസില്‍ വിജിലന്‍സ് സംഘം എത്തുമ്പോള്‍, ഉദ്യോഗസ്ഥര്‍ 6,500 രൂപ വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കല്‍പ്പറ്റ എക്സൈസ് ഓഫിസ് പരിശോധനയ്ക്കായി എത്തിയപ്പോഴേക്കും പൂട്ടിയ നിലയില്‍ ആയിരുന്നു.

വിജിലന്‍സ് കണ്ടെത്തിയ വിവരങ്ങള്‍ പ്രകാരം, സംസ്ഥാനത്തെ പല എക്സൈസ് ഓഫിസുകളിലും ഗൂഗിള്‍ പേ വഴിയുള്ള കൈക്കൂലി ഇടപാടുകള്‍ വ്യാപകമാണെന്നും ഉദ്യോഗസ്ഥര്‍ ബാറുടമകളില്‍ നിന്ന് പാരിതോഷികമായി മദ്യം, പണം, മറ്റു ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നുവെന്നും വ്യക്തമായിട്ടുണ്ട്.

Next Story

RELATED STORIES

Share it