Latest News

അദാനിക്ക് വേണ്ടി പിണറായി സര്‍ക്കാര്‍ എന്തും ചെയ്യും, ആര്‍ച്ച് ബിഷപ്പിനെതിരേ കേസെടുത്തത് കേട്ടുകേള്‍വിയില്ലാത്തത്; രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന്‍

അദാനിക്ക് വേണ്ടി പിണറായി സര്‍ക്കാര്‍ എന്തും ചെയ്യും, ആര്‍ച്ച് ബിഷപ്പിനെതിരേ കേസെടുത്തത് കേട്ടുകേള്‍വിയില്ലാത്തത്; രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന്‍
X

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി പോലിസ് കേസെടുത്തതിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. പോലിസിന്റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും കുറ്റപ്പെടുത്തി. ആര്‍ച്ച് ബിഷപ്പിനെയാണ് ഒന്നാം പ്രതിയാക്കിയത്.

സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ് ഉള്‍പ്പെടെ അന്‍പതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്. അദാനിക്കുവേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പോലിസ് നടപടി. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടര്‍ന്നാണെന്ന ലത്തീന്‍ അതിരൂപതയുടെ ആരോപണം ഗുരുതരമാണ്. അതെക്കുറിച്ചും അന്വേഷിക്കണം.

ആര്‍ച്ച് ബിഷപ്പിനും വൈദികര്‍ക്കുമെതിരേ കേസെടുത്ത പോലിസ്, സിപിഎം പ്രവര്‍ത്തകര്‍ സമരം ചെയ്താല്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കുമെതിരേ കേസെടുക്കാന്‍ തയ്യാറാവുമോയെന്ന് ചോദിച്ചു. അദാനിക്കുവേണ്ടി അടിമവേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിന് വേണ്ടിയുള്ള മല്‍സ്യത്തൊഴിലാളികളുടെ സമരത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. സമരത്തെ വര്‍ഗീയവല്‍ക്കരിച്ച് ഇല്ലാതാക്കുകയെന്ന തന്ത്രമാണ് സര്‍ക്കാരും സിപിഎമ്മും തുടക്കം മുതലേ പയറ്റിയത്. ഇതിന്റെ ഭാഗമായി സിപിഎം- ബിജെപി കൂട്ടുകെട്ടുണ്ടാക്കിയതും കേരളം കണ്ടു. അദാനിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് വിഴിഞ്ഞം സമരത്തിനെതിരേ സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയത്. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ഈ സഖ്യത്തിന് ബന്ധമുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

സഖ്യത്തിലേര്‍പ്പെട്ട രണ്ട് കൂട്ടരും എന്തും ചെയ്യാന്‍ മടിക്കാത്തവരാണെന്നും സതീശന്‍ ആരോപിച്ചു. വികസനത്തിന്റെ ഇരകളായവരെ പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍, അദാനിക്കൊപ്പം ചേര്‍ന്ന് സമരത്തെ ഇല്ലാതാക്കുകയെന്ന നിലപാടാണ് സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വഴങ്ങി ജനകീയ പ്രശ്‌നങ്ങളും സമരങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it