Latest News

വന്ദേഭാരത് മിഷന്‍: പ്രവാസി ക്ഷേമനിധിയിലെ പണം സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികള്‍ക്ക് ടിക്കറ്റെടുക്കാന്‍ നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍

വന്ദേഭാരത് മിഷന്‍:  പ്രവാസി ക്ഷേമനിധിയിലെ പണം സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികള്‍ക്ക് ടിക്കറ്റെടുക്കാന്‍ നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍
X

കൊച്ചി: എംബസ്സികളിലേയും കോണ്‍സുലേറ്റുകളിലെയും ക്ഷേമനിധിയിലെ പണം സാമ്പത്തികശേഷിയില്ലാത്ത പ്രവാസികളുടെ ടിക്കറ്റിന് മുടക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ക്ഷേമനിധിയിലെ പണം ചെലവഴിക്കുന്നതിനുള്ള മുഴുവന്‍ അധികാരവും എംബസികളിലെയും കോണ്‍സുലേറ്റുകളിലെയും മേധാവികള്‍ക്കാണെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അസി. സോളിസിറ്റര്‍ ജനറല്‍ അഡ്വ. പി വിജയകുമാര്‍ വ്യക്തമാക്കി.

കൊവിഡ് 19ന്റെ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് രാജ്യത്തേക്ക് മടങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികള്‍ക്ക് ടിക്കറ്റിന് പണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസികളുടെ ഭാര്യമാരടക്കം നാല് പേരാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ ക്ഷേമനിധിയിലെ പണം വിനിയോഗിക്കാവില്ലെന്ന് എംബസികള്‍ നിലപാടെടുത്തു. ആ വാദം ശരിയല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഇന്ന് കേരള ഹൈക്കോടതിയില്‍ അനു ശിവരാമന്റെ ബഞ്ചിനുമുന്നില്‍ നല്‍കിയ മറുപടിയിലൂടെ വ്യക്തമായത്.

കൊവിഡ് 19 വ്യാപകമായതോടെ പല ലോകരാജ്യങ്ങളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതോടെ ഗള്‍ഫ് മേഖലയിലടക്കമുള്ള പ്രവാസികളില്‍ പലരുടെയും ജോലി നഷ്ടപ്പെട്ടു. ഭക്ഷണവും മറ്റും പ്രവാസി സംഘടനകള്‍ ഏര്‍പ്പാടാക്കിയെങ്കിലും കനത്ത വിമാനക്കൂലി നല്‍കാന്‍ പലര്‍ക്കും സാധ്യമല്ലാതായി. ചില പ്രവാസി സംഘടനകള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തെങ്കിലും അവര്‍ക്കും സാധ്യമല്ലാത്ത അത്രയും വലിയ തുകയാണ് അതിനു വേണ്ടിയിരുന്നത്. ആ സാഹചര്യത്തിലാണ് പ്രവാസികള്‍ എംബസികളെ സമീപിച്ചത്. അവര്‍ പക്ഷേ, അനുകൂല നിലപാടായിരുന്നില്ല എടുത്തത്. അതിനെ തുടര്‍ന്നാണ് ക്ഷേമനിധി ഫണ്ട് ദുരിതത്തിലായ പ്രവാസികള്‍ക്ക് ടിക്കറ്റെടുത്തു നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവാസികളായ മൂന്നു പേരുടെ ഭാര്യമാരും ഒരു സാമൂഹിക പ്രവര്‍ത്തകനും കേരള ഹൈക്കോടതിയെ സമീപിച്ചത്.

ജിദ്ദയിലെ കോണ്‍സുലേറ്റില്‍ 6.45 കോടിയും റിയാദില്‍ 22 കോടിയും യുഎഇയിലും ഖത്തറിലും ഇതിനേക്കാള്‍ അധികവും പണവുമുണ്ടെന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. ഇന്ത്യക്ക് എംബസികളുള്ള എല്ലാ രാജ്യങ്ങളിലും ഇത്രയോ അതിലധികമോ പണമുണ്ട്. ഈ പണം പ്രവാസികള്‍ക്ക് അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കാനുള്ളതാണെന്നും ഹരജിക്കാര്‍ വാദിച്ചു.

ഹൈക്കോടതി ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അഭിപ്രായമാരാഞ്ഞ് കേസ് ഇന്നത്തേക്ക് വച്ചു. അതിലാണ് ഇപ്പോള്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടില്‍ വരുന്നതിന് സ്വന്തമായി വിമാനടിക്കറ്റ് എടുക്കാന്‍ സാമ്പത്തികമായി കഴിവില്ലാത്ത എല്ലാ ഇന്ത്യക്കാര്‍ക്കും എംബസ്സി/കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്നും ടിക്കറ്റിനുള്ള സഹായം നല്‍കും. അത് ആവശ്യമുള്ളവര്‍ ടിക്കറ്റിനുള്ള അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടും വിസയും സമര്‍പ്പിക്കണമെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

പ്രവാസികളുടെ ഭാര്യമാരായ ജിഷ പ്രജിത്ത്, ഷീബ, മനീഷ, സാമൂഹിക പ്രവര്‍ത്തകനായ ജോയ് കൈതാരത്ത് തുടങ്ങിയവരാണ് ക്ഷേമനിധിയിലെ പണം പ്രവാസികളുടെ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതില്‍ ജിഷ പ്രജിത്ത് ദുബയിലെ പ്രജിത്തിന്റെ ഭാര്യയും, ഷീബ റിയാദിലെ ഷിബു മുഹമ്മദ് ഇല്യാസിന്റെ ഭാര്യയും മനീഷ ദോഹയിലെ പി കെ വിനോദന്റെ ഭാര്യയുമാണ്. ഇവര്‍ക്കൊപ്പം ദുബയിലെ ഗ്രാമം, റിയാദിലെ ഇടം സാംസ്‌കാരിക വേദി, ദോഹയിലെ കരുണ എന്നീ സംഘടനകളും സഹായിച്ചു.

ഹരജിക്കാര്‍ക്കു വേണ്ടി സീനിയര്‍ അഭിഭാഷകനായ അഡ്വ. പി ചന്ദ്രശേഖരന്‍, അഡ്വ. ആര്‍ മുരളീധരന്‍, അഡ്വ. ജോണ്‍ ജോര്‍ജ്ജ് എന്നിവരും ഹാജരായി.

ക്ഷേമനിധി ഫണ്ടില്‍ എത്ര രൂപയാണ് ഉള്ളതെന്ന് ആവശ്യപ്പെട്ട് റിയാദിലെ ഡൊമനിക് സൈമണാണ് കോണ്‍സുലേറ്റുകളെ സമീപിച്ചത്. കുവൈത്തിലെ എംബസി പക്ഷേ, വിവരം നല്‍കാന്‍ തയ്യാറായില്ല. ഇതില്‍ അപ്പീല്‍ പോകുമെന്ന് അഡ്വ. ആര്‍ മുരളീധരന്‍ പറഞ്ഞു.

കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it