Latest News

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി, ബിജെപി മേധാവി നദ്ദക്ക് രാജിക്കത്ത് കൈമാറി

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി, ബിജെപി മേധാവി നദ്ദക്ക് രാജിക്കത്ത് കൈമാറി
X

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത് ബിജെപി നേതാവ് ജെ പി നദ്ദക്ക് രാജിക്കത്ത് കൈമാറി. ഏതാനും മാസം മുമ്പാണ് റാവത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

മൂന്ന് ദിവസമായി റാവത്ത് ഡല്‍ഹിയില്‍ ബിജെപി നേതാക്കളുമായി പല തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തോട് രാജിവയ്ക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടത്.

ഗവര്‍ണര്‍ ബേബി റാണി മൗര്യയുമായി അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു. ഗവര്‍ണറെ കാണുന്നതിനു മുമ്പാണ് തന്റെ രാജിക്കത്ത് അദ്ദേഹം നദ്ദയെ ഏല്‍പ്പിച്ചത്.

ബിജെപി എംഎല്‍എമാര്‍ നാളെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ യോഗം ചേരും.

മാര്‍ച്ചിലാണ് റാവത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. മുഖ്യമന്ത്രിയായതോടെ ബിജെപിയില്‍ റാവത്തിനെതിരേയുള്ള നീക്കവും സജീവമായി. കൂടാതെ മറ്റൊരു പ്രശ്നവുമുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ റാവത്തിന് നിയമസഭാ സ്ഥാനത്തേക്ക് മല്‍സരിച്ച് ജയിക്കണം. റാവത്ത് ഇപ്പോള്‍ എംപിയാണ്.

തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ സപ്തംബര്‍ 10നുള്ളില്‍ നടക്കണം. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നതോടെ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതിന് കാരണമായതെന്ന വിമര്‍ശനം ശക്തമായിരുന്നു. അതോടെ പല ഉപതിരഞ്ഞെടുപ്പുകളും നടത്താന്‍ കമ്മീഷന്‍ മടിച്ചു. ഈ സാഹചര്യത്തില്‍ എന്താണ് സംഭവിക്കുകയെന്നതില്‍ വലിയ പ്രതിസന്ധിയുണ്ട്.

അടുത്ത വര്‍ഷം ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

Next Story

RELATED STORIES

Share it