Latest News

ന്യൂനപക്ഷ പീഡനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉപരോധം പ്രഖ്യാപിക്കണമെന്ന് അമേരിക്കന്‍ മതനേതാക്കള്‍

ന്യൂനപക്ഷ പീഡനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉപരോധം പ്രഖ്യാപിക്കണമെന്ന് അമേരിക്കന്‍ മതനേതാക്കള്‍
X

വാഷിങ്ടണ്‍: ഹൈന്ദവേതരമായ മതങ്ങളെയും ന്യൂനപക്ഷങ്ങളെയും പീഡിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉപരോധം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെ മുപ്പതോളം മതനേതാക്കളും അക്കാദമിക്കുകളും രാഷ്ട്രീയനേതാക്കളും അമേരിക്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയെ യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പ്രത്യേകം ശ്രദ്ധിക്കേണ്ട വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ അമേരിക്കന്‍ മുസ് ലിം കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് മുപ്പതോളം പ്രതിനിധികള്‍ പതിനൊന്നിന പ്രസ്താവനയുമായി രംഗത്തുവന്നത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിലാണ് സംയുക്ത പ്രസ്താവന പുറത്തുവന്നത്. സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന അടിച്ചമര്‍ത്തലുകളും ക്രിസ്ത്യന്‍, മുസ് ലിം, ജൂതര്‍ എന്നിവര്‍ക്കെതിരേ നടന്ന ആക്രമണങ്ങളും പ്രമേയത്തില്‍ എണ്ണമിട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ വലതുപക്ഷ ഹൈന്ദവ ദേശീയവാദികളുടെ ആക്രമണത്തിനിരയാവുന്നതായും പ്രമേയം ചൂണ്ടിക്കാട്ടി.

6 ദശലക്ഷം അംഗങ്ങളുള്ള ആര്‍എസ്എസ്സാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയുടെ മാതൃസംഘടന ആര്‍എസ്എസ്സാണ്. ആര്‍എസ്എസ്സിന്റെ സ്ഥാപകര്‍ ജൂതരുടെ വംശഹത്യയെ പിന്തുണച്ചവരാണെന്നും പ്രമേയംചൂണ്ടിക്കാട്ടുന്നു.

ബിജെപി, ആര്‍എസ്എസ്സിന്റെ കീഴില്‍ വരുന്ന സംഘടനയാണ്. ആര്‍എസ്എസ് സവര്‍ക്കറുടെ ഹിന്ദുത്വ ആശയശാസ്്ത്രമനുസരിച്ച് പ്രവര്‍ത്തിക്കുന്നു. എംഎസ് ഗോല്‍വാല്‍ക്കറാണ് അതിന്റെ സ്ഥാപനകന്‍. ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ആരാധകനായിരുന്നു അയാള്‍. നാസിസത്തെയും ഫാസിസത്തെയും അംഗീകരിച്ചു. വംശശുദ്ധിയും സംസ്‌കാരവും നിലനിര്‍ത്താന്‍ സെമറ്റിക് വംശമായ ജൂതന്മാരെ ജര്‍മനി ഇല്ലാതാക്കണമെന്നും അത് ഹിന്ദുസ്താനുള്ള ഗുണപാഠമാണെന്നും അത് ഉപയോഗപ്പെടുത്തണമെന്നുമുള്ള ഹിന്ദുത്വ നേതാക്കളുടെ അഭിപ്രായങ്ങളും പ്രമേയത്തിലുണ്ട്.

ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന ഇന്ത്യക്കെതിരേ നിശ്ശബ്ദത പാലിക്കുന്ന അമേരിക്കന്‍ അധികൃതര്‍ക്കെതിരേയും പ്രമേയം വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. ചൈനക്കെതിരേ ഒരു പങ്കാളിയെ നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി ബൈഡന്‍ ഭരണകൂടം മുന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ പിന്തുടരുകയാണ്. മനുഷ്യാവകാശത്തിന്റെ ചാമ്പ്യന്‍മാരായ യുഎസ് ഇക്കാര്യത്തില്‍ എടുക്കുന്ന സമീപനം തികച്ചും കാപട്യമാണ്. മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്ന രാജ്യങ്ങള്‍ക്കെതിരേ വിമര്‍ശനമുയര്‍ത്തുന്ന യുഎസ്സ്, ഇന്ത്യയുടെ കാര്യത്തില്‍ നിശ്ശബ്ദരാണ്- ഇന്ത്യന്‍ അമേരിക്കന്‍ മുസ് ലിം കൗണ്‍സില്‍ നേതാവ് റഷീദ് അഹ്മദ് പറഞ്ഞു.

ദലിത് സോളിഡാരിറ്റി ഫോറം, സെന്റര്‍ ഓഫ് പ്ലൂരലിസം, കൗണ്‍സില്‍ ഓഫ് ഇസ് ലാമിക് റിലേഷന്‍സ്, ഫോര്‍ ദി മാര്‍ട്യേഴ്‌സ്, ചര്‍ച്ച് ഓഫ് സൈന്റോളജി നാഷണല്‍ അഫയേഴ്‌സ് ഓഫഇസ്, കൊയലിഷന്‍ ഓഫ് സിയാറ്റില്‍ ഇന്ത്യന്‍ അമേരിക്കന്‍, ഹിന്ദു ഫോര്‍ ഹിന്ദു റൈറ്റ്‌സ്, ഹ്യൂമനിസം പ്രൊജക്റ്റ്, ഇന്‍ഡൊ-യുഎസ് ഡെമോക്രസി ഫോണ്ടേഷന്‍, ഇര്‍പിന്‍ ബൈബീള്‍ ചര്‍ച്ച്, ഉക്രൈന്‍, ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ഡ, ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, വേള്‍ഡ് ലൈഫ് സെന്റര്‍ ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ചസ് ഓഫ് ഉക്രൈന്‍, നോര്‍ക്രോസ് ല ഫേം തുടങ്ങി മുപ്പതോളം സംഘടനകളും വ്യക്തികളുമാണ് ഒപ്പുവച്ചത്.

Next Story

RELATED STORIES

Share it