Latest News

അണ്‍ ലോക്ക് ഡൗണ്‍ 3: കുവൈത്തില്‍ മൂന്നാം ഘട്ട പദ്ധതികള്‍ ജൂലായ് 21 മുതല്‍

അണ്‍ ലോക്ക് ഡൗണ്‍ 3: കുവൈത്തില്‍ മൂന്നാം ഘട്ട പദ്ധതികള്‍ ജൂലായ് 21 മുതല്‍
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവ് വരുത്തി സാധാരണ ജനജീവിത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച അഞ്ചു ഘട്ട പദ്ധതികളില്‍ മൂന്നാം ഘട്ടം ജൂലായ് 21 മുതല്‍ ആരംഭിച്ചേക്കും. നാളെ ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. നേരത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതു പ്രകാരം ജൂലായ് 15 മുതലാണ് മൂന്നാം ഘട്ടം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഒന്നാം ഘട്ടത്തില്‍ നിന്ന് രണ്ടാം ഘട്ടത്തിലേക്ക് മാറുന്നതിനു 9 ദിവസം വൈകിയിരുന്നു. ഇതുകാരണമാണ് രണ്ടാം ഘട്ടത്തില്‍ നിന്നും മൂന്നാം ഘട്ടത്തിലേക്കുള്ള പ്രവേശനവും വൈകിയത്. എന്നാല്‍ രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യം അനുസരിച്ച് ജൂലായ് 21 നു തന്നെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ ആരോഗ്യ മന്ത്രാലയം പച്ചക്കൊടി കാട്ടിയതായാണ് സൂചന.

നിലവില്‍ ദൈനംദിന രോഗബാധിതരുടെയും തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെയും മരണമടയുന്നവരുടെയും എണ്ണത്തില്‍ അനുഭവപ്പെടുന്ന കുറവ്, രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധന മുതലായ ഘടകങ്ങള്‍ വിലയിരുത്തിക്കൊണ്ടാണു ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് അനുകൂല തീരുമാനം അറിയിച്ചിരിക്കുന്നത്.

ഇതിനു പുറമേ രാജ്യത്ത് 4 മാസത്തോളമായി തുടരുന്ന ഭാഗിക കര്‍ഫ്യൂ, ഫര്‍വ്വാനിയയില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മുതലായവ പിന്‍വലിക്കുവാനും നാളത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. കഴിഞ്ഞ 10 ദിവസമായി ഫര്‍വ്വാനിയ പ്രദേശത്തു നിന്ന് ഉയര്‍ന്ന നിരക്കിലുള്ള രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെടാത്തതും പ്രദേശത്തെ ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ അനുകൂലമായ ഘടകമാണ്.

എന്നാല്‍ രാജ്യത്ത് നിലവില്‍ ഉയര്‍ന്ന തോതില്‍ നിരന്തരമായി രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെടുന്ന ചില പ്രദേശങ്ങളില്‍ പുതുതായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുവാനും സാധ്യത കൂടുതലാണ്. അങ്ങിനെയെങ്കില്‍ ജഹറ, അഹമ്മദി ഗവര്‍ണ്ണറേറ്റുകളിലെ ചില സ്വദേശി പാര്‍പ്പിട കേന്ദ്രങ്ങള്‍ക്കാണ് ഇതിന് ഏറ്റവും അധികം സാധ്യത നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളിലെയും സ്വകാര്യമേഖലയിലെയും ജീവനക്കാരുടെ പ്രവൃത്തിസമയവും മാനവശേഷിയും നിലവിലെ 30 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തുക, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകള്‍, ടാക്‌സികള്‍ എന്നിവയുടെ പ്രവര്‍ത്തനം പുനരാരംഭിക്കല്‍ മുതലായവയാണു മൂന്നാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടാക്‌സി സര്‍വ്വീസ് പുനരാരംഭിക്കുമെങ്കിലും വാഹനത്തില്‍ ഒരു യാത്രക്കാരനെ മാത്രമേ കയറ്റാന്‍ പാടുള്ളൂ എന്ന നിബന്ധനയും ആരോഗ്യ മന്ത്രാലയം മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാല്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഉയരുന്ന മറ്റു അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടാവും മൂന്നാം ഘട്ട പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

Next Story

RELATED STORIES

Share it