Latest News

ലോക്ക് ഡൗണ്‍ ലംഘിച്ച് ചാലിയാറില്‍ അനധികൃത മണലൂറ്റ്

ലോക്ക് ഡൗണ്‍ ലംഘിച്ച് ചാലിയാറില്‍ അനധികൃത മണലൂറ്റ്
X

അരീക്കോട്: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ചാലിയാറില്‍ നിന്ന് അനധികൃത മണല്‍വാരല്‍ വ്യാപകം. പ്രതിദിനം നൂറിലേറെ ലോഡ് മണലാണ് ചാലിയാറില്‍ നിന്ന് അനധികൃതമായി കടത്തുന്നത്. ബന്ധപ്പെട്ട അധികാരികളുടെ നിസ്സംഗതയാണ് മണല്‍വാരല്‍ സംഘങ്ങള്‍ തഴച്ചുവളരുന്നതിനു പിന്നിലെന്നാണ് പ്രധാന ആരോപണം. അരീക്കോട്, എടവണ്ണ, വാഴക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് അനധികൃതമായി മണല്‍ കടത്തുന്നത്. പോലീസിന്റെ ഓരോ നീക്കങ്ങളും കൃത്യമായി അറിയുന്ന സംഘമാണ് മണല്‍വാരലിന് പിന്നില്‍. മണല്‍കടത്തുകാരെ കണ്ടെത്താനായി വാഴക്കാട് പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ച ബോട്ട് ഒരു വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുകയാണ്

മണല്‍പരിശോധനക്ക് എത്തുന്ന സംഘത്തെ കുറിച്ച് വിവരം നല്‍കാനായി ഉന്നതങ്ങളില്‍ തന്നെ ആളുഉള്ളതിനാല്‍ മണല്‍വാരല്‍ സംഘങ്ങള്‍ക്ക് രക്ഷപ്പെടുക എളുപ്പമാണ്. പുഴക്കടവിലേക്ക് പല ദിക്കുകളില്‍ നിന്നായി ഊടുവഴികള്‍ ഉണ്ടാക്കി പകല്‍സമയത്ത് മണല്‍ ഇവിടങ്ങളില്‍ ശേഖരിക്കും. രാത്രി സര്‍വ്വ സന്നാഹത്തോടെ മണല്‍ കടത്തും. അതിന്നായി പ്രത്യേക വാഹനവും തോണിയും സംഘത്തിന്റെ കൈവശം ഉണ്ട്. ലോക്ക് ഡൗണ്‍ ആയതിനാല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ എം സാന്റ് ലഭ്യമാകുന്നില്ല. അതിനാല്‍ മണലിന് ആവശ്യക്കാര്‍ അധികരിച്ചതാണ് മണലൂറ്റ് വ്യാപകമാകാന്‍ കാരണം. സര്‍ക്കാറിന് വരുമാനമാകേണ്ട മണല്‍വില്പന വഴി നഷ്ടപ്പെടുന്നത് കോടികള്‍ വരും.

ലോക്ക് ഡൗണ്‍ ആയതിനാല്‍ പോലിസിന്റെ പരിമിതി ചൂഷണം ചെയ്യുകയും ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചും സംഘം ചേര്‍ന്നാണ് മണല്‍വാരല്‍ നടത്തുന്നത്. നേരത്തെ സ്‌റ്റേഷന്‍ പോലീസിനെ മറികടന്ന് ജില്ലാ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാല്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ പോലിസിന്റെ സേവനം ആവശ്യമായതിനാല്‍ ജില്ലാ പോലീസ് സംഘത്തിന്റെ പരിശോധനയും നിലച്ചു. ഇതോടെ ചാലിയാറിലെ മണല്‍കൊള്ളയും അധികരിച്ചിരിക്കുകയാണ്. അരീക്കോട് വിവിധ കടവുകളില്‍ അനധികൃതമായി മണല്‍ വാരുന്നുണ്ട്. ആഴമേറിയ പുഴ ആയതിനാല്‍ ഇത്തരക്കാരെ പിടികൂടുക എന്നതും പോലിസിന് ഏറെ പ്രയാസകരമാണ്. പോലിസിനും ഭീഷണിയായതിനാല്‍ കൂടുതല്‍ പേരില്ലാതെ പരിശോധനക്കിറങ്ങാന്‍ നിമയപാലകരും തയ്യാറല്ല.

Next Story

RELATED STORIES

Share it