Latest News

സ്വകാര്യ ബസ്സുകളിലെ അംഗീകാരമില്ലാത്ത ക്യാമറകള്‍; ഉടന്‍ നടപടി ഇല്ല, സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം അന്തിമ തീരുമാനം

സ്വകാര്യ ബസ്സുകളിലെ അംഗീകാരമില്ലാത്ത ക്യാമറകള്‍; ഉടന്‍ നടപടി ഇല്ല, സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം അന്തിമ തീരുമാനം
X

പാലക്കാട്: സ്‌റ്റേജ് ക്യാരേജുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന അംഗീകാരമില്ലാത്ത ക്യാമറകള്‍ മാറ്റിസ്ഥാപിക്കാത്തവര്‍ക്കെതിരേ ഉടന്‍ നടപടി ഉണ്ടാകില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. നേരത്തെ അനുവദിച്ച സമയപരിധി അവസാനിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തുടര്‍ ഉത്തരവിറക്കാന്‍ സാധിക്കാത്തതാണ് വാഹന ഉടമകള്‍ക്ക് താല്‍ക്കാലിക ആശ്വാസമായത്.

പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് ശേഷമേ വിഷയത്തില്‍ അന്തിമ ഉത്തരവിറങ്ങുകയുള്ളൂവെന്നും അതുവരെ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു. സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളില്‍ മുന്‍വശം, പിന്‍വശം, അകത്ത് എന്നിവിടങ്ങളില്‍ മൂന്നു ക്യാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍, ക്യാമറകളുടെ സാങ്കേതിക മാനദണ്ഡങ്ങളെ കുറിച്ചുള്ള വ്യക്തമായ നിര്‍ദേശം ലഭിക്കുന്നതിന് മുന്‍പ് തന്നെ നിരവധി വാഹന ഉടമകള്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ശേഷം നിര്‍ദേശങ്ങള്‍ പാലിക്കാത്ത ക്യാമറകള്‍ സ്ഥാപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അവ മാറ്റി അംഗീകൃത ക്യാമറകള്‍ സ്ഥാപിക്കണമെന്ന് വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. എആര്‍എഐ, ഐസിഎടി, സിഐആര്‍ടി അംഗീകൃത ക്യാമറകള്‍ക്കാണ് അനുമതിയുള്ളത്.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍ ക്യാമറ സ്ഥാപനം നിര്‍ണായകമാകുന്നതിനാല്‍ മാര്‍ച്ച് 31നകം ക്യാമറകള്‍ സ്ഥാപിക്കണമെന്നായിരുന്നു അവസാന നിര്‍ദേശം. എന്നാല്‍, ഇതിനകം സ്ഥാപിച്ച ക്യാമറകള്‍ മാറ്റി പുതിയത് ഘടിപ്പിക്കുന്നത് സാമ്പത്തിക ബാധ്യതയാകുമെന്നാരോപിച്ച് വാഹന ഉടമകള്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കോടതി ഇടപെടലിന് പിന്നാലെ വിഷയം പരിഗണിക്കവെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ഇതോടെ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും പുതിയ നിര്‍ദേശം വരുന്നതുവരെ നിലവിലെ സംവിധാനം തുടരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it