Latest News

ജാമിഅയിലെ പോലിസ് നടപടിയെ ജാലിയന്‍വാലാബാഗിനെ അനുസ്മരിപ്പിച്ചുവെന്ന് ഉദ്ദവ് താക്കറെ; വിമര്‍ശനവുമായി ഫഡ്‌നാവിസ്

ഉദ്ദവിന്റെ അഭിപ്രായം രക്തസാക്ഷികളെയും സ്വാതന്ത്ര്യസമര പോരാളികളെയും അപമാനിക്കുന്നതിനു തുല്യമാണെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഫഡ്‌നായിസിന്റെ വിമര്‍ശനം.

ജാമിഅയിലെ പോലിസ് നടപടിയെ ജാലിയന്‍വാലാബാഗിനെ അനുസ്മരിപ്പിച്ചുവെന്ന് ഉദ്ദവ് താക്കറെ; വിമര്‍ശനവുമായി ഫഡ്‌നാവിസ്
X

മുംബൈ: ഞായറാഴ്ച ജാമിഅ മില്ലിയ്യയില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ കേന്ദ്ര സേന അഴിച്ചുവിട്ട അക്രമങ്ങള്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ അനുസ്മരിപ്പിച്ചുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.

പോലിസും സുരക്ഷാസേനയും കാമ്പസിലേക്ക് കടന്നുവന്നതും വിദ്യാര്‍ത്ഥികളുടെ നേരെ വെടിവച്ചതും ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ അനുസ്മരിപ്പിക്കും വിധമായിരുന്നുവെന്ന് മഹാരാഷ്ട്ര നിയമസഭയില്‍ വച്ചാണ് ഉദ്ദവ് അഭിപ്രായപ്പെട്ടത്. പൗരത്വനിയമത്തിനെതിരേ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ കേന്ദ്ര സുരക്ഷാസേന കടുത്ത പീഡനമഴിച്ചുവിട്ടതിനെ ഉദ്ദവ് വിമര്‍ശിച്ചു.

ഏതൊരു രാജ്യത്തും യുവജനങ്ങള്‍ കോപാകുലരാണെങ്കില്‍ അവിടെ സമാധാനം ഉണ്ടാവില്ല. യുവജനങ്ങളാണ് നമ്മുടെ ശക്തി, ലോകത്ത് ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യവും നമ്മുടെതാണ്. യുവശക്തി എന്നത് ബോംബ് പോലെയാണ്. അതിന് തീ കൊളുത്തരുത്-ഉദ്ദവ് കൂട്ടിച്ചേര്‍ത്തു.

ഉദ്ദവിന്റെ അഭിപ്രായം രക്തസാക്ഷികളെയും സ്വാതന്ത്ര്യസമര പോരാളികളെയും അപമാനിക്കുന്നതിനു തുല്യമാണെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഫഡ്‌നായിസിന്റെ വിമര്‍ശനം.

ജാമിഅ വിഷയത്തെ ജാലിയന്‍വാലാബാഗിനോട് ഉപമിച്ചതിലൂടെ ഉദ്ദവ് സ്വാതന്ത്ര്യസമര സേനാനികളെയും രക്തസാക്ഷികളെയും അപമാനിക്കുകയാണ് - ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.

ഉദ്ദവിന്റെ പരാമര്‍ശത്തിനെതിരേ നിയമസഭയില്‍ വച്ച്് ശിവസേന-ബിജെപി അംഗങ്ങള്‍ ഏറ്റുമുട്ടി. ബഹളം വര്‍ധിച്ചതോടെ സ്പീക്കര്‍ നിയമസഭായോഗം നിര്‍ത്തിവച്ചു.

Next Story

RELATED STORIES

Share it