Sub Lead

2 കുട്ടികളില്‍ കൂടുതലുളളവര്‍ക്കും ശൈശവവിവാഹത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും അസമില്‍ ഇനി സര്‍ക്കാര്‍ ജോലിയില്ല

കുട്ടികളുടെ എണ്ണം രണ്ടിലൊതുക്കുന്നതിനെ കുറിച്ചാലോചിക്കുന്ന ആദ്യ സംസ്ഥാനമല്ല അസം. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങി 12 സംസ്ഥാനങ്ങള്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് 2017 മുതല്‍ ആലോചിക്കുന്നുണ്ട്.

2 കുട്ടികളില്‍ കൂടുതലുളളവര്‍ക്കും ശൈശവവിവാഹത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും അസമില്‍ ഇനി സര്‍ക്കാര്‍ ജോലിയില്ല
X

ഗോഹട്ടി: രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരെയും ശൈശവവിവാഹനിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെയും സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കേണ്ടെന്ന് അസം സര്‍ക്കാര്‍. ഒക്ടോബര്‍ 21 ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2021 ജനുവരി 1 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.

രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരെ നിയമനങ്ങൡ നിന്ന് ഒഴിച്ചു നിര്‍ത്തുന്ന തരത്തില്‍ ദി അസം സിവില്‍ സര്‍വ്വീസ്(കണ്ടക്റ്റ്) നിയമം ഭേദഗതി വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ദി അസം സര്‍വീസസ്(അപ്ലിക്കേഷന്‍ ഓഫ് സ്മാള്‍ ഫാമിലി നോംസ് ഇന്‍ ഡയറക്റ്റ് റിക്രൂട്ട്‌മെന്റ്) റൂള്‍സ്, 2019 എന്നാണ് പുതിയ നിയമം അറിയപ്പെടുക.

സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേരുന്നതിന് മൂന്ന് നിബന്ധനകളാണ് മുന്നോട്ടു വെയ്ക്കുക: ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല, അച്ഛന്‍ അമ്മ രണ്ട് കുട്ടികള്‍ എന്ന നിയമം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാലിക്കണം, സ്ത്രീയായാലും പുരുഷനായാലും നിയമപരമായ വിവാഹപ്രായത്തിലേ വിവാഹിതരാകാവൂ.

നിയമത്തില്‍ ചില ഇളവുകളും അനുവദിച്ചിട്ടുണ്ട്: ഒരാള്‍ക്ക് ആദ്യം ഒരു കുട്ടിയും അടുത്ത പ്രസവത്തില്‍ രണ്ട് കുട്ടികളും ഉണ്ടാവുകയാണെങ്കില്‍ നിയമത്തില്‍ ഇളവ് ലഭിക്കും. നിയമം നടപ്പാക്കുന്ന ജനുവരി 2021 നു മുമ്പ് രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കിലും നിയമം ബാധകമാവില്ല. അതേസമയം ആ സമയത്തിനു ശേഷം കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാവില്ല. ഈ നിബന്ധനകള്‍ പാലിക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ എഴുതി നല്‍കുകയും വേണം. തെറ്റായ വിവരം നല്‍കുന്നവരെ സര്‍വീസില്‍ നിന്ന് പുറത്താക്കും.

അതേസമയം, കുട്ടികളുടെ എണ്ണം നിയമപരമായി തീരുമാനിക്കുന്നതിന് ഇന്ത്യ എല്ലാ കാലത്തും എതിരായിരുന്നു, അതുസംബന്ധിച്ച ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സ് ഓണ്‍ പോപ്പുലേഷന്‍ ആന്റ് ഡെവലപ്‌മെന്റ് ഡിക്ലറേഷനിലും ഇന്ത്യ ഒപ്പുവച്ചിരുന്നു.

കുട്ടികളുടെ എണ്ണം രണ്ടിലൊതുക്കുന്നതിനെ കുറിച്ചാലോചിക്കുന്ന ആദ്യ സംസ്ഥാനമല്ല അസം. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങി 12 സംസ്ഥാനങ്ങള്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് 2017 മുതല്‍ ആലോചിക്കുന്നുണ്ട്. കുട്ടികളെ രണ്ടിലൊതുക്കുന്നതും ചെറിയകുടുംബം സ്ഥപിക്കുന്നതും രാജ്യസ്‌നേഹത്തിന്റെ ഭാഗമാണെന്നാണ് പ്രധാനമന്ത്രി മോദിയുടെ നിലപാട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതേ നിലപാടിലാണ്.

രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാവുന്നവര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിനുളള ഒരു പ്രൈവറ്റ് ബില്ല് രാജ്യസഭാ മെമ്പറായിരുന്ന രാകേഷ് സിന്‍ഹ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു. മൂന്നാമത്തെ കുട്ടി മുതല്‍ സര്‍ക്കാര്‍ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്ന ഒരു നിര്‍ദേശം ചില സംസ്ഥാനങ്ങള്‍ നേരത്തെ ചര്‍ച്ചചെയ്തിരുന്നു. ജനസംഖ്യാനിയന്ത്രണ നിയമം കൊണ്ടുവരണമെന്നത് സംഘ്പരിവാറിന്റെ ദീര്‍ഘകാലമായ ആവശ്യമാണ്. ജനസംഖ്യയിലുണ്ടാവുന്ന വളര്‍ച്ച പ്രത്യേകിച്ച് മുസ്‌ലിംകളുടെ ജനസംഖ്യാവര്‍ദ്ധനവ് രാഷ്ട്രസുരക്ഷയ്ക്ക് എതിരാണെന്നും രാജ്യപുരോഗതിയെയും സാമൂഹ്യസൗഹാര്‍ദ്ദത്തെയും തുരങ്കം വെക്കുന്നതാണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കുട്ടികളുടെ എണ്ണം തീരുമാനിക്കുന്നതില്‍ മതത്തിനല്ല, ദാരിദ്ര്യത്തിനാണ് പങ്കെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

1979 മുതല്‍ ചൈന രണ്ട് കുട്ടി നയം പിന്‍തുടരുന്നുണ്ട്.




Next Story

RELATED STORIES

Share it