Latest News

ട്രഷറി തട്ടിപ്പ്: ബിജുലാലിനെ പുറത്താക്കും; സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് ധനമന്ത്രി

ട്രഷറി തട്ടിപ്പ്: ബിജുലാലിനെ പുറത്താക്കും; സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് ധനമന്ത്രി
X

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് പണമപഹരിച്ച ജീവനക്കാരന്‍ ബിജുലാലിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. ഫിനാന്‍സ് സെക്രട്ടറി ആര്‍ കെ സിംഗും എന്‍ഐസി ട്രഷറി ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പിരിച്ചുവിടല്‍ ഉത്തരവിറക്കാനാണ് ആലോചിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം എഫ്ബി പോസ്റ്റ് വഴി അറിയിച്ചത്. ഇത് വെറുമൊരു ക്രമക്കേടല്ലെന്നും ഗുരുതരമായ സൈബര്‍ ക്രൈമാണെന്നുമാണ് ധനവകുപ്പിന്റെ നിലപാട്.

തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ ഒരു അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ധനവകുപ്പിന്റെ മൂന്നു പേരും എന്‍ഐസിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക സംഘമാണ് തട്ടിപ്പ് അന്വേഷിക്കുക. അഞ്ച് ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുകളിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേയും നടപടിയുണ്ടാവും. തട്ടിപ്പില്‍ വഞ്ചിയൂര്‍ ട്രഷറിയിലെ മറ്റാര്‍ക്കെങ്കിലും പങ്ക് ഉണ്ടോയെന്നും പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.

അന്വേഷണ വേളയില്‍ തട്ടിപ്പു കണ്ടുപിടിച്ച എസ്.റ്റി.ഒ ബാബു പ്രസാദ് ഒഴികെ വഞ്ചിയൂര്‍ ട്രഷറിയിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും താല്‍ക്കാലികമായി സ്ഥലം മാറ്റാനും തീരുമാനിച്ചു. അന്വേഷണസംഘം ആവശ്യപ്പെടുന്ന വിശദീകരണങ്ങള്‍ നല്‍കുന്നതിന് ഇവര്‍ എല്ലാവരും ബാധ്യസ്ഥരായിരിക്കും.

വീണ്ടും ട്രഷറി സോഫ്ടുവെയര്‍ സെക്യുരിറ്റി ഓഡിറ്റിനു വിധേയമാക്കാന്‍ തീരുമാനിച്ചു. ഇതിന് എന്‍ഐസിയുടെയും ട്രഷറി ഐറ്റി സെല്ലിന്റെയും സംയുക്ത ടീമിനു രൂപം നല്‍കും. സമാനമായ സംഭവങ്ങള്‍ വേറെ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും ഈ കമ്മിറ്റി പരിശോധിക്കും.

Next Story

RELATED STORIES

Share it