Latest News

ടൂള്‍കിറ്റ് വിവാദം: ട്വിറ്റര്‍-കേന്ദ്ര സര്‍ക്കാര്‍ പോര് മുറുകുന്നു; ഡല്‍ഹി പോലിസ് ട്വിറ്റര്‍ മേധാവിയെ ചോദ്യം ചെയ്തു

ടൂള്‍കിറ്റ് വിവാദം: ട്വിറ്റര്‍-കേന്ദ്ര സര്‍ക്കാര്‍ പോര് മുറുകുന്നു; ഡല്‍ഹി പോലിസ് ട്വിറ്റര്‍ മേധാവിയെ ചോദ്യം ചെയ്തു
X

ന്യൂഡല്‍ഹി: വ്യാജരേഖ നിര്‍മിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ടൂള്‍കിറ്റ് ആരോപണം ഉന്നയിച്ച ബിജെപി വക്താവ് സാംബിത് പത്രക്കെതിരേ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ട്വിറ്റര്‍ മേധാവിയെ ഡല്‍ഹി പോലിസ് പ്രത്യേക സെല്ല് ചോദ്യം ചെയ്തു. ബംഗളൂരുവിലെത്തിയാണ് ഇന്ത്യ എംഡി മനീഷ് മഹേശ്വരിയെ ചോദ്യം ചെയ്തത്.

മെയ് 31ന് ചോദ്യം ചെയ്ത വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ കമ്പനിയുടെ ഉദ്യോഗസ്ഥശ്രേണിയെക്കുറിച്ചും പോലിസ് ചോദിച്ചറിഞ്ഞു.

കോണ്‍ഗ്രസ്സിന്റെ ലെറ്റര്‍ ഹെഡില്‍ വ്യാജരേഖ നിര്‍മിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ടൂള്‍കിറ്റ് ആരോപണം ഉന്നയിച്ച ബിജെപി വക്താവ് സാംബിത് പത്രക്കെതിരേ കോണ്‍ഗ്രസ് സാമൂഹികമാധ്യമ വിഭാഗം മേധാവി രോഹന്‍ ഗുപ്തയും വക്താവ് എം വി രാജീവ് ഗൗഢയുമാണ് പരാതി നല്‍കിയത്. എന്നാല്‍ കോണ്‍ഗ്രസ് പ്രതിയായി ചൂണ്ടിക്കാട്ടിയ ബിജെപി വക്താവ് സാംബിത് പത്രയെ ഈ കേസില്‍ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.

കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സെല്ല് ഏതാനും ആഴ്ച മുമ്പ് ട്വിറ്ററിലെ ഡല്‍ഹി ഓഫിസിലെത്തിയിരുന്നെങ്കിലും ആരെയും കാണാതെ മടങ്ങി. പിന്നീടാണ് മഹേശ്വരിയെ സമീപിച്ച് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അത് മുടങ്ങി. ട്വിറ്റര്‍ ബംഗളൂരു ഓഫിസില്‍ പോലിസ് എത്തുന്നവിവരം പിന്നീട് മഹേശ്വരിയെ അറിയിക്കുകയായിരുന്നു.

ചില രാഷ്ട്രീയക്കാരുടെ പോസ്റ്റുകളില്‍ മാനിപ്പുലേറ്റഡ് മീഡിയ എന്ന് ടാഗ് ചെയ്യാന്‍ കാരണമായതെന്താണെന്ന് പോലിസ് ആരാഞ്ഞു.

മെയ് 18ലെ ട്വീറ്റുമായി ബന്ധപ്പെട്ടാണ് സാംബിത് പത്രക്കെതിരേയും പോസ്റ്റ് ഷെയര്‍ ചെയ്ത മൂന്ന് ബിജെപി നേതാക്കള്‍ക്കെതിരേയും കോണ്‍ഗ്രസ് പരാതി നല്‍കിയത്. ടൂള്‍കിറ്റ് നിര്‍മിച്ച് കോണ്‍ഗ്രസ്, പ്രധാനമന്ത്രിയെയും കൊവിഡ് പ്രതിരോധത്തെയും തകര്‍ക്കുകയാണെന്നായിരുന്നു ട്വീറ്റ്. കോണ്‍ഗ്രസ്സിന്റെ ലെറ്റര്‍ ഹെഡിലുള്ള ഒരു അറിയിപ്പും ഇതോടൊപ്പം ചേര്‍ത്തിരുന്നു.

ഇതിനെതിരേ കോണ്‍ഗ്രസ് ട്വിറ്ററിന് പരാതി നല്‍കി. സാംബിത് പത്ര പങ്കുവച്ച സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്നും തങ്ങളുടെ ലെറ്റര്‍ ഹെഡ് വ്യാജമായി നിര്‍മിച്ചതാണെന്നും അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സാംബിത് പത്രയുടെ ട്വീറ്റില്‍ രേഖയോടൊപ്പം മാനിപ്പുലേറ്റഡ് മീഡിയ എന്ന ടാഗ് ലൈന്‍ പ്രത്യക്ഷപ്പെട്ടത്. പുതിയ കൊവിഡ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം, മോദി വകഭേദമെന്നും കുംഭമേളയെ സൂപ്പര്‍ സ്‌പെഡര്‍ കുംഭ എന്നും വിശേഷിപ്പിക്കണമെന്ന് കോണ്‍ഗ്രസ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് സാംബിത് പത്രയുടെ ആരോപണം. അടുത്ത ദിവസം ടാഗ് നീക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ ട്വിറ്ററിനെഴുതി. ഡല്‍ഹി പോലിസ് നോട്ടിസും അയച്ചു. മാനിപ്പുലേറ്റഡ് മീഡിയ എന്ന് രേഖപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ ലഭിക്കാനാണ് പോലിസ് ഡല്‍ഹിയിലെ ട്വിറ്റര്‍ ഓഫിസിലെത്തിയത്. പക്ഷേ, ഓഫിസ് അടഞ്ഞുകിടന്നിരുന്നതൊണ്ട് അവര്‍ക്ക് വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല.

Next Story

RELATED STORIES

Share it