Latest News

മൂന്നാറിലെ ജനവാസകേന്ദ്രത്തില്‍ നിന്ന് പിടികൂടിയ കടുവ ചത്തു

മൂന്നാറിലെ ജനവാസകേന്ദ്രത്തില്‍ നിന്ന് പിടികൂടിയ കടുവ ചത്തു
X

ഇടുക്കി: മൂന്നാറിലെ ജനവാസകേന്ദ്രത്തില്‍ നിന്ന് പിടികൂടിയ കടുവ ചത്തു. പെരിയാര്‍ കടുവാസങ്കേതത്തില്‍ തുറന്നുവിട്ട കടുവയാണ് ചത്തത്. പെരിയാര്‍ സങ്കേതത്തിലെ തടാകത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മുങ്ങി മരിച്ചതാണെന്നാണ് നിഗമനം. നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. മൂന്നാര്‍ നയമക്കാട് എസ്‌റ്റേറ്റില്‍ ഭീതി വിതച്ച കടുവയെ വനംവകുപ്പ് കെണിവച്ച് പിടിച്ചശേഷം ഒക്ടോബര്‍ ഏഴിന് ഉള്‍ക്കാട്ടില്‍ തുറന്നുവിടുകയായിരുന്നു.

നിരീക്ഷണത്തിനായി കടുവയുടെ ശരീരത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നെങ്കിലും പിന്നീട് സാറ്റ്‌ലൈറ്റ് ബന്ധം നഷ്ടമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഒരു കണ്ണിന് തിമിരം ബാധിച്ചതിനാലും പ്രായാധിക്യം മൂലമുള്ള അവശതകളും സ്വാഭാവികമായി ഇരതേടാന്‍ പെണ്‍കടുവയ്ക്ക് കഴിയാത്ത അവസ്ഥയിലായിരുന്നു. അതിനാലാണ് കാടിറങ്ങിയതെന്നാണ് കരുതുന്നത്. ഒക്ടോബര്‍ ഏഴിന് രാത്രി 8.30നാണ് നയമക്കാട് ഈസ്റ്റ് ഡിവിഷനില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. എസ്റ്റേറ്റ് തൊഴിലാളികളുടെ നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കിയ കടുവയ്ക്കായി മൂന്നിടങ്ങളിലായി കൂടുകള്‍ സ്ഥാപിച്ചാണ് വനം വകുപ്പ് കുടുക്കിയത്.

Next Story

RELATED STORIES

Share it