Latest News

സിപിഎം സമ്മേളനത്തിലെ തിരുവാതിര; കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറി

സിപിഎം സമ്മേളനത്തിലെ തിരുവാതിര; കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് തൃശൂര്‍  ജില്ലാ സെക്രട്ടറി
X

തൃശൂര്‍: തൃശൂര്‍ തെക്കുംകരയില്‍ സിപിഎം നടത്തിയ മെഗാ തിരുവാതിരയെ ന്യായീകരിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി രംഗത്ത്. തിരുവാതിരയില്‍ ആകെ പങ്കെടുത്തത് 80 പേര്‍ മാത്രമാണെന്നും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിനിധികളുടെ എണ്ണം കുറച്ചിരുന്നെന്നും ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് പറഞ്ഞു. ഉദ്ഘാടനം ഓണ്‍ലൈനായാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സമ്മേളനത്തിന്റെ ഭാഗമായി തെക്കുംകരയില്‍ നൂറിലേറെ പേരെ പങ്കെടുപ്പിച്ച് തിരുവാതിര നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത് പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെയാണ് പരാതി.

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പോലും പരിഗണിക്കാതെ നടത്തിയ തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സിപിഎം വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്ത് തിരുവാതിരക്കളി സംഘടിപ്പിച്ചത്.

ജനുവരി 1 മുതല്‍ 23 വരെയാണ് സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ സമ്മേളനം. പാറശ്ശാലയില്‍ സിപിഎം ജില്ലാ നേതൃത്വം നടത്തിയ മെഗാ തിരുവാതിരയില്‍ സംസ്ഥാന നേതൃത്വം വിശദീകരണം തേടാന്‍ തീരുമാനിച്ചിരിക്കെയാണ് പുതിയ തിരുവാതിര വിവാദം.

Next Story

RELATED STORIES

Share it