Latest News

പള്ളിയിലെ പ്രാർഥനകളിൽ പങ്കെടുത്തു; തിരുപ്പതി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥന് സസ്പെൻഷൻ

പള്ളിയിലെ പ്രാർഥനകളിൽ പങ്കെടുത്തു; തിരുപ്പതി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥന് സസ്പെൻഷൻ
X

ചെന്നൈ: പള്ളി പ്രാർഥനകളിൽ പങ്കെടുക്കുന്നുണ്ടെന്ന് ആരോപിച്ച് തിരുപ്പതി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ ആയി സേവനമനുഷ്ഠിച്ച എ രാജശേഖർ ബാബു എന്ന ഉദ്യോഗസ്ഥനെയാണ് ക്ഷേത്രം ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്തത്.

വെങ്കിടേശ്വര ക്ഷേത്രം കൈകാര്യം ചെയ്യുന്ന ക്ഷേത്ര ബോർഡാണ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). ക്ഷേത്രത്തിലെ ടിടിഡി ഉദ്യോഗസ്ഥനായ രാജശേഖർ ബാബു തങ്ങളുടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ജീവനക്കാർക്ക് അഹിന്ദുകളുടെ മതപരമായ ആചാരങ്ങളിൽ പങ്കെടുക്കാൻ അനുവാദമില്ലെന്നും ക്ഷേത്ര ബോർഡ് പറഞ്ഞു.

"ശ്രീ രാജശേഖർ ബാബു തന്റെ ജന്മനാടായ തിരുപ്പതി ജില്ലയിലെ പുത്തൂരിൽ എല്ലാ ഞായറാഴ്ചയും പള്ളി പ്രാർഥനകളിൽ പങ്കെടുക്കുന്നുണ്ടെന്ന് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്" എന്ന് ടിടിഡി അറിയിച്ചു. ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നും ക്ഷേത്രം ബോർഡ് ആരോപിച്ചു.

ടിടിഡി വിജിലൻസ് വകുപ്പ് വീഡിയോ തെളിവ് സഹിതം റിപോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് ബോർഡ് അറിയിച്ചു. രാജശേഖർ ബാബു പള്ളിയിൽ പ്രാർഥന നടത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ആണ് സമർപ്പിച്ചത്.

ഇത് ആദ്യമായല്ല ഇത്തരം നടപടി ക്ഷേത്രം ബോർഡ് സ്വീകരിക്കുന്നത്. മുമ്പ്, സമാനമായ കാരണങ്ങളാൽ അധ്യാപകരും നഴ്‌സുമാരും ഉൾപ്പെടെ 18 ജീവനക്കാരെ ബോർഡ് സ്ഥലം മാറ്റിയിട്ടുണ്ട്.

Next Story

RELATED STORIES

Share it