Latest News

നവോത്ഥാനകാലത്തെ സ്ത്രീ ശബ്ദങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളുണ്ടാകണം; കെ സച്ചിദാനന്ദന്‍

നവോത്ഥാനകാലത്തെ സ്ത്രീ ശബ്ദങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളുണ്ടാകണം; കെ സച്ചിദാനന്ദന്‍
X

തൃശ്ശൂർ: നവോത്ഥാനകാലത്തെ സ്ത്രീ ശബ്ദങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇന്നുണ്ടാകണമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍. നവോത്ഥാന പ്രക്രിയയില്‍ സ്ത്രീകളുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും സാഹിത്യ അക്കാദമിയും സംയുക്തമായി സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടത്തിയ 'സമം- സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സച്ചിദാനന്ദന്‍.

നവോത്ഥാനത്തെ കുറിച്ച് പഠിക്കുമ്പോള്‍ ബോധപൂര്‍വമായി സ്ത്രീകളെ അവഗണിച്ച ചരിത്രമാണുള്ളത്. നവോത്ഥാന കാലത്തെ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ശബ്ദങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. സ്ത്രീ സാഹിത്യത്തിന്റെ പാരമ്പര്യം പോലും സമീപകാലത്താണ് കണ്ടെത്തപ്പെട്ടത്. സാഹിത്യത്തിൽ പുനര്‍വായന നടത്തുമ്പോള്‍ മനപൂര്‍വ്വമായി തന്നെ വിസ്മരിച്ച സ്ത്രീ ചരിത്രങ്ങളുണ്ട്. സ്ത്രീകളെ പല രീതിയിലും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ സ്വതന്ത്ര പെണ്‍ സ്വത്വങ്ങളെ

പ്രതിനിധീകരിക്കുന്ന ഒരു മാതൃകയും സാഹിത്യത്തില്‍ കാണാനാകില്ല. അത്തരം പെണ്‍ കഥാപാത്രങ്ങള്‍ നാടോടി, ഗോത്ര സാഹിത്യത്തിലുണ്ടെങ്കിലും

വരേണ്യ സാഹിത്യത്തില്‍ അപൂര്‍വ്വമായി മാത്രമേ കാണാനാകൂ. സരസ്വതിഅമ്മ, ലളിതാംബിക അന്തര്‍ജനം, മാധവിക്കുട്ടി തുടങ്ങി സ്ത്രീ ജീവിതങ്ങളെ ശക്തമായി സാഹിത്യത്തില്‍ ആവിഷ്‌കരിച്ച എഴുത്തുകാരെ ചൂണ്ടിക്കാണിച്ചായിരുന്നു സച്ചിദാനന്ദന്റെ പരമാര്‍ശം.

പുരുഷാധിപത്യത്തിന് എതിരെയും സ്ത്രീ, പുരുഷ തുല്യതയ്ക്ക് വേണ്ടിയും നടത്തുന്ന സമരങ്ങള്‍ ഒറ്റപ്പെട്ട കലാപമായി കരുതുന്നില്ല. മറിച്ച് സമൂഹത്തില്‍ നടക്കുന്ന അനേകം ഉയര്‍ത്തെഴുന്നേല്‍പ്പുകളുമായി കണ്ണിചേര്‍ത്തുകൊണ്ട് മാത്രമേ അത്തരത്തിലുള്ള സമരങ്ങളെ കാണാനാകൂ. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ എല്ലാം ചേര്‍ത്തുകൊണ്ട് തന്നെയാണ് സ്ത്രീ നടത്തുന്ന പോരാട്ടങ്ങളെയും കാണാനാകൂ. ഓരോ സമരങ്ങള്‍ക്കും ഉപയോഗിക്കേണ്ടിവരുന്ന സമീപനങ്ങളും ദര്‍ശനങ്ങളും വ്യത്യാസപ്പെടുമെങ്കിലും ആത്യന്തികമായി ഈ സമരങ്ങളെല്ലാം തന്നെ സ്വാര്‍ത്ഥകമായ ജനാധിപത്യത്തിന് വേണ്ടിയുള്ളതാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ സാമൂഹികവും സാംസ്‌കാരികവുമായ രംഗങ്ങളില്‍ എത്തുമ്പോള്‍ മാത്രമേ ജനാധിപത്യം പൂര്‍ണമാകൂ എന്നും അദ്ദേഹം പറഞ്ഞു.

ഇടങ്ങളെ പോലും സ്വകാര്യ, പൊതു ഇടങ്ങള്‍ എന്ന് വേര്‍തിരിച്ച് പല രീതിയിലും സമൂഹത്തിന്റെ ശ്രേണിയില്‍ പുരുഷാധിപത്യം സ്ഥാപിച്ചിട്ടുണ്ട്.

പുരുഷന്‍മാരിലും സ്ത്രീയിലും പല വിധേനയും സമൂഹം അധീശത്വ സങ്കല്‍പ്പം അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. അത്തരം സങ്കല്‍പ്പങ്ങളെയും മുന്‍വിധികളെയും

തുടച്ചുനീക്കാനുള്ള സമര പരമ്പര എന്ന നിലയിലാണ് സമം പരിപാടികളെ കാണുന്നത്. സ്ത്രീക്കും പുരുഷനും ഒപ്പം തന്നെ എല്‍ജിബിടിക്യു വിഭാഗത്തെ കൂടി കണക്കിലെടുക്കുമ്പോള്‍ ആണ് സമം എന്ന ആശയം യാഥാര്‍ത്ഥ്യമാകൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സ്ത്രീ സമത്വത്തിന് വേണ്ടിയുള്ള സാംസ്‌കാരികമുന്നേറ്റം എന്ന ദൗത്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമം പരിപാടിയുടെ ഭാഗമായാണ് കേരള സാഹിത്യ അക്കാദമി സംവാദ സദസ് സംഘടിപ്പിച്ചത്. ചടങ്ങില്‍ എഴുത്തുകാരി എസ് ശാരദക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.

Next Story

RELATED STORIES

Share it