Latest News

വനിതാ സാമാജികരുടെ ദേശീയ സമ്മേളനം രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു

വനിതാ സാമാജികരുടെ ദേശീയ സമ്മേളനം രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു
X

തിരുവനന്തപുരം: കേരള നിയമസഭയില്‍ നടക്കുന്ന ഇന്ത്യയിലെ വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാവിലെ 11.30ന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി രാജേഷ്, വനിതാ മന്ത്രിമാരായ വീണാ ജോര്‍ജ്, ഡോ. ആര്‍. ബിന്ദു, ജെ.ചിഞ്ചുറാണി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, വനിത എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ത്യയില്‍തന്നെ ആദ്യമായാണ് ദേശീയ തലത്തില്‍ വനിതാ സാമാജികരുടെ ഒരു കോണ്‍ഫറന്‍സ് ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നതെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രണ്ടു ദിവസത്തെ സമ്മേളനത്തില്‍ നാലു സെഷനുകളിലായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഇരുസഭസഭകളിലെയും വനിതകളായ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പാര്‍ലമെന്റംഗങ്ങളും വിവിധ സംസ്ഥാന നിയമസഭകളിലെ വനിതാ സ്പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്പീക്കര്‍മാര്‍, വനിതാ മന്ത്രിമാര്‍, സാമാജികര്‍ എന്നിവരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, മാധ്യമ രംഗത്തെയും ജുഡൂഷ്യറിയെയും പ്രതിനിധീകരിക്കുന്ന പ്രമുഖ വനിതകള്‍ കോണ്‍ഫറന്‍സിലെ വിവിധ സെഷനുകളില്‍ പങ്കെടുക്കുണ്ട്.

കോണ്‍സ്റ്റിറ്റിയൂഷന്‍ ആന്‍ഡ് വിമന്‍ റൈറ്റ്‌സ് എന്ന ആദ്യ സെഷനില്‍ ഗുജറാത്ത് നിയമസഭ സ്പീക്കര്‍ നിമാബെന്‍ ആചാര്യ, ലോക്‌സഭ അംഗം കനിമൊഴി കരുണാനിധി, മുന്‍ ലോക്‌സഭ സ്പീക്കര്‍ മീരാ കുമാര്‍, മുന്‍ രാജ്യസഭാംഗം ബൃന്ദ കാരാട്ട് എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും സംസാരിക്കുന്നുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ വനിതകളുടെ പങ്ക് എന്ന രണ്ടാം സെഷനില്‍ ലോക്‌സഭാംഗം സുപ്രിയ സുലേ, രാജ്യസഭാംഗം ജെ.ബി.മേത്തര്‍, മുന്‍ എം.പി.സുഭാഷിണി അലി എന്നിവര്‍ സംസാരിക്കും.

വിമന്‍ റൈറ്റ്‌സ് ആന്‍ഡ് ലീഗല്‍ ഗ്യാപ്‌സ് എന്ന വിഷയത്തിന്‍മേല്‍ രണ്ടാം ദിവസം നടക്കുന്ന ആദ്യ സെഷനില്‍ പശ്ചിമ ബംഗാള്‍ വനിതാ ശിശു വികസന വകുപ്പുമന്ത്രി ഡോ.ശഷി പഞ്ചാ, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍, ജയാ ബച്ചന്‍ എം.പി., ഡല്‍ഹി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ രാഖി ബിര്‍ല എന്നിവര്‍ പങ്കെടുക്കും.

27ലെ രണ്ടാം സെഷന്‍ അണ്ടര്‍ റിപ്രസെന്റേഷന്‍ ഓഫ് വിമന്‍ ഇന്‍ ഡിസിഷന്‍ മേക്കിംഗ് ബോഡീസ് എന്ന വിഷയത്തില്‍ നടക്കും. ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കര്‍ റിതു ഖണ്ഡൂരി, മുന്‍ എം.പിയും തെലുങ്കാന എം.എല്‍.സി യുമായ കവിതാ കല്‍വകുന്തല, നാഷണല്‍ ഫെഡറേഷ് ഓഫ് ഇന്ത്യന്‍ വിമന്‍ ജനറല്‍ സെക്രട്ടറി ആനി രാജ എന്നിവര്‍ സംസാരിക്കും.

ഉച്ചയ്ക്കുശേഷം നടക്കുന്ന സമാപന സമ്മേളനം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഉദ്ഘാടനം ചെയ്യും. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗക്ഷേമദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പുമന്ത്രി കെ.രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വനിതാ ജനപ്രിതിനിധികള്‍ താങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും.

Next Story

RELATED STORIES

Share it