Latest News

നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ പട്ടിക സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

തെള്ളിയൂര്‍ മൃഗാശുപത്രിയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായ കോയിപ്രം അശ്വതി ഭവനില്‍ മായയെയാണ് പത്തനംതിട്ട പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് ന്യൂമാന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ പട്ടിക സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരുടെ പട്ടിക സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പത്തനംതിട്ട പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. തെള്ളിയൂര്‍ മൃഗാശുപത്രിയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായ കോയിപ്രം അശ്വതി ഭവനില്‍ മായയെയാണ് പത്തനംതിട്ട പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് ന്യൂമാന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്നും പുറത്തുവിട്ട പട്ടിക പ്രതി സ്വന്തം വാട്‌സ്ആപ്പ് നമ്പരില്‍ നിന്നും ഇതര ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശാനുസരണം ജില്ലാ പോലിസ് സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വാട്‌സ്ആപ്പ് നമ്പറില്‍ നിന്നാണ് ലിസ്റ്റ് ചോര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടര്‍ന്നു വരുകയാണെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.

കൊവിഡ്ബാധ സംബന്ധിച്ചും മറ്റും തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളോ സന്ദേശങ്ങളോ പ്രചരിപ്പിക്കുകയോ, കൃത്രിമമായി സൃഷ്ടിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. അടൂര്‍ പറക്കോട് ചന്തയില്‍, മഹാരാഷ്ട്രയില്‍ നിന്നും ആവശ്യസാധനങ്ങളുമായി വന്ന ലോറിക്കാരുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് കേസ് എടുത്തെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.

Next Story

RELATED STORIES

Share it