Latest News

ദേശീയപാത സര്‍വേക്കിടെ ഭിന്നശേഷിക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഹൈക്കോടതി വിശദീകരണം തേടി

ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും ഭിന്നശേഷിക്കാരനുമായ നൗഷാദ് വെന്നിയൂരിനെ തിരൂരങ്ങാടി സിഐ എം ജി വിനോദ് ആണ് മര്‍ദ്ദിച്ചത്

ദേശീയപാത സര്‍വേക്കിടെ ഭിന്നശേഷിക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഹൈക്കോടതി വിശദീകരണം തേടി
X

തിരൂരങ്ങാടി: ദേശീയപാത സര്‍വേയുമായി ബന്ധപ്പെട്ട് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും ഭിന്നശേഷിക്കാരനുമായ ആളെ മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് അടിയന്തരമായി വിശദീകരണം ആവശ്യപ്പെട്ടു. ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും ഭിന്നശേഷിക്കാരനുമായ നൗഷാദ് വെന്നിയൂരിനെ തിരൂരങ്ങാടി സിഐ എം ജി വിനോദ് ആണ് മര്‍ദ്ദിച്ചത്. 2020 ജുലൈ ഏഴിന് നൗഷാദിന്റെ വീട്ടില്‍ സര്‍വ്വേ നടത്താന്‍ ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണും നൂറോളം പോലീസുകാരും അടങ്ങുന്ന സംഘം എത്തിയപ്പോഴായിരുന്നു സംഭവം.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇത്രയും പേരുമായി വീട്ടില്‍ കയറാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞ് നൗഷാദ് സംഘത്തെ തടഞ്ഞു. ഇതിനിടെ തിരൂരങ്ങാടി സിഐ എം ജി വിനോദ് നൗഷാദിന്റെ മുഖത്ത് അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.

തന്നെ ആക്രമിച്ചതിനെതിരെ പോലീസ് കംപ്ലൈയ്ന്റ് അതോറിറ്റി, പോലീസ് ജില്ലാ മേധാവി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നൗഷാദ് പരാതി നല്‍കിയിരുന്നു. ഇതില്‍ യാതൊരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തില്‍ സര്‍വ്വേക്ക് നേതൃത്വം നല്‍കിയ ഡെപ്യൂട്ടി കലക്ടര്‍ ജെ ഒ അരുണിനും,തിരൂരങ്ങാടി ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ക്കും, തിരൂരങ്ങാടി സിഐ എം ജി വിനോദിനും സര്‍ക്കാറിനും എതിരെ നൗഷാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി ഹര്‍ജിക്കാരന്റെ പരാതി അതീവ ഗുരുതരമാണെന്ന് കണ്ടെത്തുകയും സര്‍ക്കാറിനോട് അടിയന്തരമായി വിശദീകരണം തേടുകയും ചെയ്തു. കേസ് ഇനി 17 ന് പരിഗണിക്കും.


Next Story

RELATED STORIES

Share it