Latest News

കോളജ് മാഗസിനില്‍ ആര്‍എസ്എസ്, ഫാഷിസം, ഹിന്ദുത്വ പരാമര്‍ശങ്ങള്‍ക്കു വിലക്ക്

കോളജ് പ്രിന്‍സിപ്പല്‍ ബിന്ദു എം നമ്പ്യാര്‍ നേരത്തെ ബിജെപി കൗണ്‍സിലറായി മല്‍സരിച്ചിരുന്നതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു

കോളജ് മാഗസിനില്‍ ആര്‍എസ്എസ്, ഫാഷിസം, ഹിന്ദുത്വ പരാമര്‍ശങ്ങള്‍ക്കു വിലക്ക്
X

തൃശൂര്‍: കോളജ് മാഗസിനില്‍ ആര്‍എസ്എസ്, ഹിന്ദുത്വ തീവ്രവാദം, സംഘപരിവാരം, ഹിന്ദുത്വ ഫാഷിസം തുടങ്ങിയ പരാമര്‍ശങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതായി ആരോപണം. തൃശൂര്‍ ഗവ. ലോ കോളജ് യൂനിയന്‍ പുറത്തിറക്കിയ 'സൂചിയും നൂലും' എന്ന മാഗസിനില്‍ നിന്നാണ് ഇത്തരം പദങ്ങള്‍ ഒഴിവാക്കണമെന്ന് പ്രിന്‍സിപ്പല്‍ ബിന്ദു എം നമ്പ്യാര്‍ ആവശ്യപ്പെട്ടതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ആര്‍എസ്എസ്, സംഘപരിവാരം, സംഘപരിവാര്‍ ഫാഷിസം, ദലിത്, ഹൈന്ദവ ഭീകരത, ഹിന്ദുത്വ തീവ്രവാദം തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞാണ് മാഗസിന് സെന്‍സറിങ് ഏര്‍പ്പെടുത്തിയത്. മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും വിലക്കുണ്ട്. മാഗസിനില്‍ അശ്വിന്‍ തങ്കപ്പന്‍ എഴുതിയ 'ജാതിമരങ്ങള്‍ പൂക്കുന്ന ഇന്ത്യ' എന്ന ലേഖനത്തിലാണ് ഏറ്റവും കൂടുതല്‍ സെന്‍സറിങ് വരുത്തിയത്. ലേഖനം മയപ്പെടുത്തണമെന്നാണ് കോളജ് അധികൃതരുടെ ആവശ്യം. ജാതീയമായി അധിക്ഷേപിച്ചതിന് എസ്‌സി, എസ്ടി നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കോളജിലെ അധ്യാപകര്‍ക്കെതിരേ അശ്വിന്‍ പരാതി നല്‍കിയിരുന്നു. മാഗസിന്‍ പുറത്തിറക്കാനായി പ്രിന്‍സിപ്പലിന്റെ അംഗീകാരത്തിനു സമര്‍പ്പിച്ചപ്പോഴാണ് ചില ഭാഗങ്ങളില്‍ മാറ്റം വരുത്തണമെന്നു ആവശ്യപ്പെട്ട് അടയാളപ്പെടുത്തി നല്‍കിയത്. ചില സ്ഥലത്ത് അക്ഷരത്തെറ്റുകള്‍ നോക്കാനാണെങ്കില്‍ ചിലയിടത്ത് റഫറന്‍സ് വയ്ക്കണമെന്നാണ് ആവശ്യം. എന്നാല്‍ ചില വാക്കുകള്‍ വരുന്ന ഭാഗം പൂര്‍ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിടത്താണ് ഹിന്ദുത്വ ഫാഷിസം പോലുള്ള പദങ്ങളുള്ളത്. മാഗസിനിലെ പകുതിയോളം രചനകളില്‍ മാറ്റം വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ്, സംഘപരിവാര്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ വച്ചാല്‍ പ്രശ്‌നങ്ങളാവും. റിസ്‌ക് ഏറ്റെടുക്കാനാവില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ബിന്ദു എം നമ്പ്യാര്‍ നേരത്തെ ബിജെപി കൗണ്‍സിലറായി മല്‍സരിച്ചിരുന്നതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

സെന്‍സറിങിനെതിരേ എസ്എഫ്‌ഐ നേതൃത്വത്തിലുള്ള മാഗസിന്‍ സമിതി പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഫലം കാണാതായതോടെ മയപ്പെടുത്തണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ച ലേഖനം പൂര്‍ണരൂപത്തില്‍ പ്രത്യേകം അച്ചടിച്ച് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. മാത്രമല്ല, മാഗസിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ലേഖനങ്ങള്‍ പൂര്‍ണരൂപത്തില്‍ തന്നെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന കേന്ദ്രസര്‍ക്കാറിന്റെയും സംഘപരിവാറിന്റെയും നിലപാടുകളോടുള്ള പ്രതിഷേധസൂചകമായി വായ തുന്നിക്കെട്ടിയ കുട്ടിയുടെ കവറോടെയാണ് മാഗസിന്‍ പുറത്തിറക്കിയത്.




Next Story

RELATED STORIES

Share it