Latest News

കൊവിഡിനൊപ്പം ജീവിച്ചുകൊണ്ട് ടൂറിസം വളര്‍ത്താന്‍ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

കൊവിഡിനൊപ്പം ജീവിച്ചുകൊണ്ട് ടൂറിസം വളര്‍ത്താന്‍ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കൊവിഡിനൊപ്പം ജീവിക്കുക, ഒപ്പം ടൂറിസവും വളര്‍ത്തുക എന്ന നിലപാടാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വീകരിക്കാന്‍ കഴിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൂറിസം വകുപ്പിന്റെ വെര്‍ച്വല്‍ ഓണാഘോഷം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടൂറിസം മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പുതിയ ടൂറിസം ഡെസ്റ്റിനേഷനുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നുണ്ട്. ഇവിടേക്ക് വരാനും കാണുവാനും ആരും കൊതിക്കുന്ന നാടാണ് കേരളം. ലോകത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇവിടെ സമാധാനവും ശാന്തിയുമാണുള്ളത്.

കേരളത്തില്‍ ഓണം ജനങ്ങള്‍ ഒത്തുചേര്‍ന്ന് ആഘോഷിക്കാറാണുള്ളത്. ഇത്തവണ അത്തരം ആഘോഷ പരിപാടികള്‍ സാധ്യമല്ലാത്ത അവസ്ഥയാണ്. വീടുകളില്‍ ഒതുങ്ങിയുള്ള ഓണാഘോഷമാണ് കോവിഡിന്റെ കാലത്ത് അഭികാമ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ സംബന്ധിച്ച് ടൂറിസം വിലപ്പെട്ട മേഖലയാണ്. കൊവിഡ് മഹാമാരി ഈ മേഖലയെ വലിയ പ്രതിസന്ധിയിലാക്കി. അഞ്ചു ലക്ഷം പേര്‍ക്ക് നേരിട്ടും 20 ലക്ഷം പേര്‍ക്ക് അല്ലാതെയും തൊഴില്‍ നല്‍കുന്ന മേഖലയാണിത്. 2018ല്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 32 ലക്ഷത്തിന്റെ വര്‍ധനവുണ്ടായി.

ഒന്നേകാല്‍ ലക്ഷം വിദേശ ടൂറിസ്റ്റുകളും അധികമായെത്തി. നിപയും ഓഖിയും പ്രളയവും കനത്ത കാലവര്‍ഷവുമെല്ലാം സൃഷ്ടിച്ച പ്രതിസന്ധികളെ ടൂറിസം മേഖലയ്ക്ക് അതിജീവിക്കാന്‍ കഴിഞ്ഞു. അതിനെ പ്രതിരോധിക്കാന്‍ കേരളം കാണിച്ച മികവ് ലോകമാകെ അംഗീകരിച്ചതിന്റെ ഫലമായാണ് 2019ല്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ കേരളത്തിലെത്തിയത്. 2019ല്‍ 11,89,000 അഭ്യന്തര ടൂറിസ്്റ്റുകളും 1,83 കോടി വിദേശ ടൂറിസ്റ്റുകളും കേരളത്തിലെത്തിയത് ഇതിന്റെ ഭാഗമായാണ്. കൊവിഡ് നാടിനെയാകെ ബാധിച്ചിരിക്കുന്ന അവസ്ഥയിലാണ് ടൂറിസം വകുപ്പ് വെര്‍ച്വല്‍ ഓണം സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരമ്പരാഗത, നവ മാധ്യമങ്ങളെ ഉപയോഗിച്ച് ഓണാഘോഷം ജനങ്ങളിലെത്തിക്കാനാണ് ടൂറിസം വകുപ്പിന്റെ ശ്രമമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്ന അന്താരാഷ്ട്ര മത്സരം ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമിലൂടെ നടത്തുന്നതാണ് ഈ ഓണാഘോഷത്തിന്റെ വലിയ പ്രത്യേകത. ഇത് ലോകത്തിന് ഒരുമയുടെ സന്ദേശം പകരുന്നു. കലാകാരന്‍മാര്‍ സ്വയം റെക്കോഡ് ചെയ്ത് അയച്ചുതരുന്ന കേരളീയ കലകള്‍ വിവിധ ചാനലുകളിലൂടെയും സമൂഹ മാധ്യമ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയും ജനങ്ങളിലേക്കെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it