Latest News

സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ജില്ലകളില്‍ സഞ്ചരിക്കുന്ന പരിശോധനാ ലാബുകള്‍

സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ജില്ലകളില്‍ സഞ്ചരിക്കുന്ന പരിശോധനാ ലാബുകള്‍
X

തിരുവനന്തപുരം: മായമില്ലാത്ത ഭക്ഷണം ജനങ്ങള്‍ക്കു ലഭ്യമാക്കാനായി സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധനാ ലാബുകള്‍ സജ്ജമാക്കുന്നു. സംസ്ഥാന ആരോഗ്യവകുപ്പാണ് പദ്ധതി തുടങ്ങുന്നത്. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണ് കേരളം.

ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടുപിടിക്കാന്‍ സാധിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മൊബൈല്‍ ലാബുകളാണ് 14 ജില്ലകളിലും ഉള്ളത്. ഭക്ഷ്യ വസ്തുക്കളിലെ മായം പെട്ടെന്ന് കണ്ടുപിടിക്കാനുള്ള ക്യുക്ക് അഡല്‍റ്ററേഷന്‍ ടെസ്റ്റുകള്‍, മൈക്രോബയോളജി, കെമിക്കല്‍ അനാലിസിസ് തുടങ്ങിയവ നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവ മൊബൈല്‍ ലാബിലുണ്ട്. റിഫ്രാക്ടോമീറ്റര്‍, പിഎച്ച് & ടി.ഡി.എസ്. മീറ്റര്‍, ഇലക്ട്രോണിക് ബാലന്‍സ്, ഹോട്ട്‌പ്ലേറ്റ്, മൈക്രോബയോളജി ഇന്‍ക്യുബേറ്റര്‍, ഫ്യൂം ഹുഡ്, ലാമിനാര്‍ എയര്‍ ഫ്‌ളോ, ആട്ടോക്ലേവ്, മില്‍ക്കോസ്‌ക്രീന്‍, സാംപിളുകള്‍ സൂക്ഷിക്കാനുള്ള റഫ്രിജറേറ്റര്‍ തുടങ്ങിയ സംവിധാനങ്ങളോട് കൂടിയതാണ് മൊബൈല്‍ ലാബ്.

പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാനായി മൈക്ക് സിസ്റ്റം ഉള്‍പ്പെടെ ടിവി സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം, പാല്‍, എണ്ണകള്‍, മത്സ്യം, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയിലെ മായങ്ങളും കൃത്രിമ നിറങ്ങളും കണ്ടുപിടിക്കാന്‍ ലാബിലൂടെ സാധിക്കും. കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ടെങ്കില്‍ ഭക്ഷ്യസുരക്ഷ ലാബുകളിലേക്ക് സാംപിളുകള്‍ അയക്കും. പരിശോധന, അവബോധം, പരിശീലനം എന്നിവയാണ് മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലാബുകളിലൂടെ ലക്ഷ്യമിടുന്നത്.

ജനങ്ങള്‍ കൂടുതല്‍ ഒത്തുചേരുന്ന പൊതു മാര്‍ക്കറ്റുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൊബൈല്‍ ലാബ് എത്തുന്ന സമയം മുന്‍കൂട്ടി അറിയിക്കും. ലാബുകള്‍ എത്തുന്ന പ്രദേശത്തെ ഭക്ഷ്യ വസ്തുക്കളിലെ മായം പരിശോധിക്കുന്നതൊടൊപ്പം ജനങ്ങള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും അവബോധം നല്‍കും. ഇതോടൊപ്പം അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഭക്ഷ്യ ഉത്പാദകര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവര്‍ക്ക് പരിശീലനവും നല്‍കും. വീട്ടില്‍ മായം കണ്ടെത്താന്‍ കഴിയുന്ന മാജിക് കിറ്റുകളുടെ സഹായത്തോടെയാണ് പരിശീലനം. മായം കലരാത്ത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച നല്ല ഭക്ഷണം നാടിന്റെ അവകാശം ക്യാമ്പയിന്‍ നടന്നുവരികയാണ്. കേരളീയരുടെ പ്രധാന ഭക്ഷണമായ മത്സ്യത്തിലെ മായം കണ്ടുപിടിക്കുന്നതിന് ഓപ്പറേഷന്‍ മത്സ്യയും, ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ ജാഗറിയും സംസ്ഥാനത്ത് ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. ഓപ്പറേഷന്റെ ഭാഗമായി വിവിധയിടങ്ങളില്‍ നിന്നും മായംകലര്‍ന്ന മത്സ്യം പിടികൂടി നശിപ്പിച്ചു.

Next Story

RELATED STORIES

Share it