Latest News

എയ്ഡഡ് കോളജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍;ഹരജി സുപ്രിംകോടതി തള്ളി

വിരമിക്കല്‍ പ്രായം തീരുമാനിക്കുന്നത് സര്‍ക്കാരിന്റെ നയപരമായ വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

എയ്ഡഡ് കോളജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍;ഹരജി സുപ്രിംകോടതി തള്ളി
X

ന്യൂഡല്‍ഹി:എയ്ഡഡ് കോളജുകളിലെ അധ്യാപകരുടെ വിരമിക്കല്‍ പ്രായം അറുപത്തി അഞ്ച് ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ ഹരജി സുപ്രിംകോടതി തള്ളി.വിരമിക്കല്‍ പ്രായം തീരുമാനിക്കുന്നത് സര്‍ക്കാരിന്റെ നയപരമായ വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ജെ കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

2010ല്‍ ശമ്പള സ്‌കെയില്‍ പരിഷ്‌കരണ പ്രകാരം അധ്യാപകര്‍ക്കുള്ള ശമ്പളം സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.എന്നാല്‍ യുജിസി ശുപാര്‍ശ പ്രകാരം സൂപ്പര്‍അനുവേഷന്‍ പ്രായം 65 ആയി ഉയര്‍ത്തിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പെന്‍ഷന്‍ പ്രായം 65 ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാര്‍ കേരള ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഹരജി ആദ്യം സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.ഈ ഉത്തരവുകളില്‍ ഇടപെടാന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ചിന്റെ ഇപ്പോഴത്തെ വിധി.

യുജിസി രൂപീകരിച്ച ശമ്പള കമ്മീഷനും അധ്യാപകരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.എന്നാല്‍ കോളജ് അധ്യാപകരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യുന്ന സര്‍ക്കുലര്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം 2012 ല്‍ പിന്‍വലിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വാദിച്ചു. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട നയപരമായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുള്ളതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സമാനമായ ആവശ്യം ഉന്നയിച്ച് ബിഹാറില്‍ നിന്നുള്ള അധ്യാപകര്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളിയ കാര്യവും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.


Next Story

RELATED STORIES

Share it