Latest News

'സുധാകരന്റെ മനസ് ബിജെപിക്കൊപ്പം; ഓഫര്‍ കിട്ടിയാല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും വരുമെന്ന് കെ സുരേന്ദ്രന്‍

സുധാകരന്റെ മനസ് ബിജെപിക്കൊപ്പം; ഓഫര്‍ കിട്ടിയാല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും വരുമെന്ന് കെ സുരേന്ദ്രന്‍
X

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തെത്തുടര്‍ന്നുള്ള വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെ സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പമാണെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. സമാനചിന്താഗതിയുള്ള നിരവധി നേതാക്കള്‍ ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിലുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേറെ ഓപ്ഷനില്ലാതായി. കോണ്‍ഗ്രസിന് മുന്നിലുള്ള ശരിയായ ഓപ്ഷന്‍ ബിജെപി മാത്രമാണ്. വമ്പന്‍ ഓഫറുകള്‍ ലഭിച്ചാല്‍ കേരളത്തിലെ ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതാക്കളുടെ മനസിലുള്ള അരക്ഷിതാവസ്ഥയാണ് കെ സുധാകരനിലൂടെ പുറത്തുവന്നത്. അതാണ് യാഥാര്‍ഥ്യം. കോണ്‍ഗ്രസിന് ഇനി എത്രകാലം പിടിച്ചുനില്‍ക്കാന്‍ കഴിയും. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലൊട്ടുക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അരക്ഷിത ബോധമുണ്ട്. എത്രയോ പിസിസി അധ്യക്ഷന്‍മാര്‍ അടക്കമുള്ള കോണ്‍ഗ്രസിലെ പ്രമുഖര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. സോണിയാ ഗാന്ധിയോടും കോണ്‍ഗ്രസിനുമൊപ്പം നിന്ന് ഇനി എത്രനാള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പോടെ മഹാത്മാഗാന്ധി സ്വപ്‌നം കണ്ട രീതിയില്‍ കോണ്‍ഗ്രസിന്റെ കഥ കഴിയും. അത് തിരിച്ചറിഞ്ഞാണ് ഓരോരുത്തരുടെയും പ്രതികരണങ്ങള്‍. സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ ഒന്നും താന്‍ നടത്തുന്നില്ല.

പക്ഷേ, കോണ്‍ഗ്രസിലെ മഹാഭൂരിപക്ഷം നേതാക്കളുടേയും മാനസികാവസ്ഥ സുധാകരനെ പോലെ തന്നെയാണ്. അത് ചിലര്‍ സ്വകാര്യമായി പറയും. സുധാകരനെ പോലെയുള്ളവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി പറയും. ഇവിടെ ഓഫറുകള്‍ ഒന്നും നല്‍കാന്‍ ഇല്ലാത്തതിനാലാണ് സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരാത്തത്. പദവികള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ സ്ഥിതി മറിച്ചാവുമായിരുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സുധാകരനെതിരേ രംഗത്തുവന്ന മുസ്‌ലിം ലീഗിനെയും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

കെ സുധാകരനെ ചാരി ലീഗ് ഇടതുമുന്നണിയിലേക്ക് പോവാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിന് ഇനി എത്രനാള്‍ പിടിച്ചുനില്‍ക്കാനാവും. സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരേ ലീഗ് നേതാക്കളാണ് രംഗത്തുവന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ എന്ത് പറയണമെന്ന് തീരുമാനിക്കുന്നത് ലീഗുകാരാണ്. ലീഗ് പറയുന്നതിന് അനുസരിച്ചേ പോവാന്‍ പറ്റൂ എന്ന് പറയുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ആത്മഹത്യാപരമാണ്. ലീഗിന്റെ അപ്രമാദിത്വമാണ് യുഡിഎഫില്‍. ലീഗ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ എന്തിനാണ് അഭിപ്രായം പറയുന്നത്. ലീഗ് ആണോ കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Next Story

RELATED STORIES

Share it