Latest News

പത്മശ്രീ അവാർഡ് ജേതാവും കാർഷിക ശാസ്ത്രജ്ഞനുമായ സുബ്ബണ്ണ അയ്യപ്പൻ കാവേരി നദിയിൽ മരിച്ച നിലയിൽ

പത്മശ്രീ അവാർഡ് ജേതാവും കാർഷിക ശാസ്ത്രജ്ഞനുമായ സുബ്ബണ്ണ അയ്യപ്പൻ കാവേരി നദിയിൽ മരിച്ച നിലയിൽ
X

മാണ്ഡ്യ: മൂന്ന് ദിവസമായി കാണാതായ പ്രശസ്ത കൃഷി ശാസ്ത്രജ്ഞനും പത്മശ്രീ അവാർഡ് ജേതാവുമായ സുബ്ബണ്ണ അയ്യപ്പനെ (70) മരിച്ച നിലയിൽ കണ്ടെത്തി.മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണയിലെ സായ് ആശ്രമത്തിന് സമീപം കാവേരി നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വിശ്വേശ്വര നഗർ ഇൻഡസ്ട്രിയൽ ഏരിയയിലെ അക്കമഹാദേവി റോഡിലെ ഒരു അപ്പാർട്ട്മെന്റിലാണ് അയ്യപ്പൻ താമസിച്ചിരുന്നത്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട് . ശ്രീരംഗപട്ടണ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകുന്നേരം നദിയിൽ ഒരു അജ്ഞാത മൃതദേഹം പൊങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതിനേ തുടർന്ന് നടന്ന പരിശോധനയിൽ മൃതദേഹം അയ്യപ്പൻ്റെതെന്ന് സ്ഥിരീകരിക്കുയായിരുന്നു.

മെയ് ഏഴിന് വീട്ടിൽ നിന്ന് ഇറങ്ങിയ അയ്യപ്പനെ കാണാതാവുകയായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് കുടുംബാംഗങ്ങൾ മൈസൂരിലെ വിദ്യാരണ്യപുരം പോലിസ് സ്റ്റേഷനിൽ കാണാനില്ലെന്ന് പരാതി നൽകിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മൈസൂരുവിലെ കെആർ ആശുപത്രിയിലേക്ക് മാറ്റി.

1955 ഡിസംബർ 10 ന് ചാമരാജനഗർ ജില്ലയിലെ യലന്ദൂരിലാണ് അയ്യപ്പൻ ജനിച്ചത്. 1975 ൽ മംഗളൂരുവിൽ നിന്ന് ഫിഷറീസ് സയൻസിൽ ബിരുദവും 1977 ൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 1998 ൽ ബെംഗളൂരുവിലെ കാർഷിക ശാസ്ത്ര സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി.

കാർഷിക, അക്വാകൾച്ചർ ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം, ഡൽഹി, മുംബൈ, ഭോപ്പാൽ, ബാരക്പൂർ, ഭുവനേശ്വർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഭുവനേശ്വറിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് വാട്ടർ അക്വാകൾച്ചർ (CIFA) ഡയറക്ടറായും മുംബൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷൻ (CIFE) യുടെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കൂടാതെ, യൂണിയൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ആൻഡ് എഡ്യൂക്കേഷന്റെ (DARE) സെക്രട്ടറിയായും, ഹൈദരാബാദിലെ നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡിന്റെ സ്ഥാപക ചീഫ് എക്‌സിക്യൂട്ടീവായും, നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യയുടെ 'നീല വിപ്ലവ'ത്തിൽ പ്രധാന പങ്കു വഹിച്ച ആളാണ് അയ്യപ്പൻ. 2022 ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു. കാർഷിക ഗവേഷണത്തിൽ സജീവമായിരിക്കുന്നതിനു പുറമേ, രാജ്യത്തുടനീളം വിവിധ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, കൂടാതെ ഇംഫാലിലെ സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (സിഎയു) വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it