Latest News

കൊല്‍ക്കത്തയില്‍ കോളജിനുള്ളില്‍ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായി; മൂന്നുപേര്‍ അറസ്റ്റില്‍

കഴിഞ്ഞ വര്‍ഷം, ആര്‍ജി കര്‍ മെഡിക്കല്‍കോളജില്‍ ജൂനിയര്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യത്ത് വലിയ തരത്തിലുള്ള പ്രതിഷേധത്തിന് വഴിവച്ചിരുന്നു

കൊല്‍ക്കത്തയില്‍ കോളജിനുള്ളില്‍ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായി; മൂന്നുപേര്‍ അറസ്റ്റില്‍
X

കൊല്‍ക്കത്ത: സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളജ് കാംപസിനുള്ളില്‍ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. കോളേജിലെ ഒരു പൂര്‍വ്വ വിദ്യാര്‍ഥി ഉള്‍പ്പെടെയുള്ള പ്രതികളാണ് അറസ്റ്റിലായത്. വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി.

ജൂണ്‍ 25നാണ് സംഭവം നടന്നത്. മുഖ്യപ്രതിയായ മോണോജിത് മിശ്ര പെണ്‍കുട്ടിയെ ബലമായി പിടിച്ച് ഗാര്‍ഡ് റൂമിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. മറ്റു രണ്ടു പ്രതികള്‍ കുറ്റകൃത്യത്തിന് സഹായം നല്‍കുകയും വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്യുകയും ചെയ്തു. മൂന്ന് പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ പോലിസ് പിടിച്ചെടുത്തു. കുറ്റകൃത്യം നടന്ന മുറിയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും കോളജിലെത്തി.


മോണോജിത് മിശ്ര


പ്രതിയായ മോണോജിത് മിശ്ര കോളജിലെ അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) യുവജന വിഭാഗത്തിന്റെ മുന്‍ പ്രസിഡന്റായിരുന്നുവെന്ന് പറയുന്നു. നിലവില്‍ ഇയാള്‍ കൊല്‍ക്കത്തയിലെ അലിപൂര്‍ കോടതിയില്‍ ക്രിമിനല്‍ അഭിഭാഷകനായി ജോലി ചെയ്തു വരികയാണ്.

അതേസമയം, പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തി. 'ഈ സംസ്ഥാനത്ത് എന്തും സംഭവിക്കാം. കഴിഞ്ഞ വര്‍ഷം ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു ജൂനിയര്‍ ഡോക്ടര്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടു. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷയില്ല. ഇനി ഇപ്പോള്‍, മുഖ്യമന്ത്രി വന്ന് ഇത് ഒരു ചെറിയ സംഭവമാണെന്ന് പറയുകയും ഇരയ്ക്ക് പണം വാഗ്ദാനം ചെയ്യുകയും ചെയ്യും. അതാണ് അവരാകെ ചെയ്യുക' സുവേന്ദു അധികാരി പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇതൊരു സാമൂഹികവിപത്താണെന്നും ഇത്തരം നീചപ്രവര്‍ത്തികള്‍ സംഭവിക്കുന്നതിന്റെ പേരില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാവ് ആക്രമണം അഴിച്ചുവിടുന്നത് നിര്‍ഭാഗ്യകരമാണെന്നും നാമെല്ലാവരും ഒരുമിച്ച് ഈ സാമൂഹിക വിപത്തിനെതിരേ പോരാടണമെന്നും ടിഎംസി വക്താവ് ജയ് പ്രകാശ് മജുംദാര്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it