Latest News

ശ്രീറാം വെങ്കട്ടരാമന്റെ നിയമനം പിന്‍വലിക്കണം: പത്രപ്രവര്‍ത്തക യൂനിയന്‍ മലപ്പുറം ജില്ലാ സമ്മേളനം

ശ്രീറാം വെങ്കട്ടരാമന്റെ നിയമനം പിന്‍വലിക്കണം: പത്രപ്രവര്‍ത്തക യൂനിയന്‍ മലപ്പുറം ജില്ലാ സമ്മേളനം
X

മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ള ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചത് അത്യന്തം അപലപനീയവും നിയമാവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. ശ്രീറാമിന്റെ നിയമനം അടിയന്തിരമായി പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഗള്‍ഫില്‍ മാധ്യമം ദിനപത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയായിരിക്കെ കെ.ടി ജലീല്‍ യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതിയ സംഭവത്തില്‍ അദ്ദേഹം സ്ഥാപനത്തോടും തൊഴിലാളികളോടും പൊതുസമൂഹത്തോടും മാപ്പ് പറയണം. വയനാട്ടില്‍ ദേശാഭിമാനി ലേഖകനോട് പ്രതിപക്ഷ നേതാവ് അപമര്യാദയായി പെരുമാറിയ സംഭവം പ്രതിഷേധാര്‍ഹമാണ്. ഇ.പി.എഫ് പെന്‍ഷന്‍ സര്‍ക്കാര്‍ പെന്‍ഷന് ആനുപാതികമായി വര്‍ധിപ്പിക്കണമെന്നും യൂനിയന്‍ തെരഞ്ഞെടുപ്പ് രീതി കുറ്റമറ്റതാക്കി പരിഷ്‌കരിക്കണമെന്നും പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് കെ.പി റജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശംസുദ്ദീന്‍ മുബാറക് അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.പി.എം റിയാസ് പ്രവര്‍ത്തന റിപോര്‍ട്ടും ട്രഷറര്‍ സി.വി രാജീവ് വരവ് ചെലവ് കണക്കും എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍ ഹയ്യ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സുരേഷ് എടപ്പാള്‍, ടി.പി സുരേഷ് കുമാര്‍, വി. അജയ്കുമാര്‍, കെ.പി.ഒ റഹ്മത്തുല്ല, രഘുപ്രസാദ്, മുഹമ്മദലി വലിയാട് എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ കൊണ്ടുവന്നു. ഇവ ഭേദഗതികളോടെ അംഗീകരിച്ചു.

റഷീദ് ആനപ്പുറം, സിദ്ദീഖ് പെരിന്തല്‍മണ്ണ, പി.വി നാരായണന്‍, വി.എം സുബൈര്‍, ഫ്രാന്‍സിസ് ഓണാട്ട്, സമീര്‍ കല്ലായി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാധ്യമം കോഴിക്കോട് യൂനിറ്റിലേക്ക് സ്ഥലംമാറിയ യൂനിയന്‍ ജില്ലാ സെക്രട്ടറി കെ.പി.എം റിയാസിന് പ്രസിഡന്റ് ശംസുദ്ദീന്‍ മുബാറക് ഉപഹാരം നല്‍കി. സ്‌പോര്‍ട്‌സ് മത്സര വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി. എസ്. മഹേഷ് കുമാര്‍, പി.വി സന്ദീപ്, വി. അഞ്ജു, പി. ഷംസീര്‍, വി.പി നിസാര്‍, കെ. ഷമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 2022-24 കമ്മിറ്റിയുടെ സ്ഥാനാരോഹണത്തിന് ശേഷം പ്രസിഡന്റ് വിമല്‍ കോട്ടക്കല്‍ നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it