Latest News

രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് നിയമപദവി നല്‍കാന്‍ സ്പാനിഷ് സര്‍ക്കാര്‍

രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് നിയമപദവി നല്‍കാന്‍ സ്പാനിഷ് സര്‍ക്കാര്‍
X

മാഡ്രിഡ്: രേഖകളില്ലാതെ സ്‌പെയിനില്‍ കഴിയുന്ന വിദേശ പൗരന്മാര്‍ക്ക് നിയമപരമായ താമസപദവി നല്‍കുന്ന സുപ്രധാന പദ്ധതിക്ക് സ്പാനിഷ് സര്‍ക്കാര്‍ രൂപം നല്‍കുന്നു. ഇതുവഴി അഞ്ചുലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്നതാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പ്രധാനമന്ത്രി പെഡ്രോ സാന്‍ചസിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് സര്‍ക്കാര്‍, യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി, കുടിയേറ്റ ജനതയെ ഉള്‍ക്കൊള്ളുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവര്‍ക്കും 2025 ഡിസംബര്‍ 31നു മുന്‍പ് കുറഞ്ഞത് അഞ്ചുമാസമെങ്കിലും സ്‌പെയിനില്‍ താമസിച്ചതായി തെളിയിക്കാന്‍ കഴിയുന്നവര്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. 'സ്‌പെയിനിന്റെ കുടിയേറ്റ നയ ചരിത്രത്തില്‍ ഇത് ഒരു നിര്‍ണായക ദിനമാണ്,' എന്ന് ഇന്‍ക്ലൂഷന്‍, സോഷ്യല്‍ സെക്യൂരിറ്റി ആന്‍ഡ് മൈഗ്രേഷന്‍ മന്ത്രി എല്‍മ സായിസ് വ്യക്തമാക്കി. ഈ നടപടിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് ആരംഭഘട്ടത്തില്‍ ഒരു വര്‍ഷത്തെ റെസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കും. പിന്നീട് ഇത് ദീര്‍ഘിപ്പിക്കാനുള്ള അവസരവും ഉണ്ടാകും. നിയമവിധേയമാക്കല്‍ നടപടികള്‍ ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച് ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

'മനുഷ്യാവകാശം, സാമൂഹിക സംയോജനം, സഹവര്‍ത്തിത്വം എന്നിവയെ അടിസ്ഥാനമാക്കിയ കുടിയേറ്റ മാതൃകയാണ് ഞങ്ങള്‍ ശക്തിപ്പെടുത്തുന്നത്. ഇത് സാമ്പത്തിക വളര്‍ച്ചക്കും സാമൂഹിക ഐക്യത്തിനും സഹായകരമാകും,'മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷങ്ങളില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വലിയ തോതിലുള്ള കുടിയേറ്റമാണ് സ്‌പെയിനില്‍ രേഖപ്പെടുത്തിയത്. 2017ല്‍ 1,07,409 ആയിരുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 2025ഓടെ 8,37,938 ആയി ഉയര്‍ന്നു. നിലവില്‍ സ്‌പെയിനില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും കൊളംബിയ, പെറു, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കുടിയേറ്റക്കാര്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന വിലയിരുത്തലാണ് സോഷ്യലിസ്റ്റ് നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. മറ്റു പ്രധാന യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്‌പെയിന്‍, 2025ല്‍ മൂന്നു ശതമാനത്തിനടുത്ത് സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നു. 2008നു ശേഷം ആദ്യമായി തൊഴിലില്ലായ്മ നിരക്ക് 10 ശതമാനത്തിന് താഴെയെത്തിയതായും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it