Latest News

ഖരമാലിന്യ സംസ്‌കരണം; നവകേരള പുരസ്‌കാരം വിതരണം ചെയ്തു

ഖരമാലിന്യ സംസ്‌കരണം; നവകേരള പുരസ്‌കാരം വിതരണം ചെയ്തു
X

കാസര്‍കോഡ്: ഖരമാലിന്യ സംസ്‌കരണത്തിന് മികച്ച സംവിധാനമൊരുക്കിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം പുരസ്‌കാരം നേടിയ ബേഡഡുക്ക പഞ്ചായത്തിന് കെ കെ ശൈലജ എംഎല്‍എ പുരസ്‌കാരം കൈമാറി. പുരസ്‌കാര തുകയായ രണ്ട് ലക്ഷം രൂപയുടെ ചെക്കും വിതരണം ചെയ്തു. മുന്നാടില്‍ സ്ഥാപിച്ച ടേക്ക് എ ബ്രേക്ക് വഴിയിട വിശ്രമ കേന്ദ്രവും എംഎല്‍എ ഉദ്ഘാടനം ചെയ്തു.

പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റില്‍ നിന്നും തരംതിരിച്ച് പൊടിച്ച് ടാറിങ്ങിനായി നല്‍കിയതിനുള്ള ക്ലീന്‍ കേരള കമ്പനിയുടെ 1.81 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ ഹരിത കര്‍മ്മസേനയ്ക്ക് കൈമാറി. പഞ്ചായത്തിന്റെ നേട്ടത്തിനായി പ്രവര്‍ത്തിച്ച ആരോഗ്യവിഭാഗം, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ജില്ലാ ശുചിത്വ മിഷന്‍, ജില്ലാ ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥര്‍, വിശ്രമ കേന്ദ്രം പ്രവൃത്തി പൂര്‍ത്തീകരിച്ച കരാറുകാരന്‍ എന്നിവരെ സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ ആദരിച്ചു.

സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്ത വില്ലേജുകളുടെ പ്രഖ്യാപനവും എംഎല്‍എ നടത്തി. ജില്ലയിലെ 50 വില്ലേജുകളെ ഒ.ഡി.എഫ് പ്ലസ് ആയി തിരഞ്ഞെടുത്തതില്‍ ബേഡഡുക്കയിലെ മൂന്ന് വില്ലേജുകളും ഉള്‍പ്പെട്ടിരുന്നു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ മിഥുന്‍ ഗോപി, ജീവനക്കാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ലക്ഷ്മി സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി ഭരതന്‍ നായര്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it