Latest News

മെയ് 28 നും ജൂണ്‍ നാലിനുമിടയില്‍ കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് ആറ് വിമാനങ്ങള്‍

മെയ് 28 നും ജൂണ്‍ നാലിനുമിടയില്‍ കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് ആറ് വിമാനങ്ങള്‍
X

കുവൈത്ത് സിറ്റി: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് ഈ മാസം 28 മുതല്‍ ജൂണ്‍ 4 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 6 സര്‍വ്വീസുകള്‍ നടത്തും. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 2 സര്‍വ്വീസുകള്‍ വീതവും കൊച്ചി, കണ്ണൂര്‍ സെക്റ്ററില്‍ ഓരോ സര്‍വ്വീസുമാണു ക്രമീകരിച്ചിരിക്കുന്നത്. 177 യാത്രക്കാരെയാണ് ഓരോ വിമാനത്തിലും നാട്ടിലെത്തിക്കുക. വിമാനങ്ങളുടെ സമയക്രമം അടുത്ത ദിവസം പുറത്ത് വിടുമെന്നാണ് സൂചന.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ നാല് വിമാനങ്ങളാണ് കുവൈത്തില്‍ നിന്നും കേരളത്തിലേക്ക് യാത്രക്കാരെ കൊണ്ടു പോയത്. ഇന്ത്യന്‍ എംബസി തയ്യാറാക്കിയ മുന്‍ഗണനാ പട്ടിക പ്രകാരമാണ് യാത്രക്കാരെ തെരഞ്ഞെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ മറികടന്ന് മുന്‍ഗണനാക്രമം അട്ടിമറിക്കുന്നതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഗര്‍ഭിണികളും രോഗികളും വയോധികരുമാണ് ഇതുമൂലം തഴയപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ട യാത്രികരുടെ പട്ടിക എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ ഒരു അളവ് വരെ ഇത്തരം ക്രമക്കേടുകള്‍ തടയാന്‍ സാധിക്കും. എന്നാസ് എംബസി അധികൃതര്‍ ഇത് ചെയ്യാറില്ല. ഇതിനു പിന്നില്‍ ചില ഗൂഢ ലക്ഷ്യങ്ങള്‍ ഉള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ പൊതുമാപ്പുമായി ബന്ധപ്പെട്ട് ഈ മാസം 25 മുതല്‍ ജൂണ്‍ 3 വരെ കേരളത്തിലേക്ക് മൂന്ന് വിമാനങ്ങള്‍ പുറപ്പെടും. വിവിധ ക്യാമ്പുകളില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗം വരുന്ന ആന്ധ്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലേക്ക് വിമാനങ്ങളില്‍ ആളുകള്‍ പോയതിനു പിന്നാലെയാണ് കേരളത്തിലേക്കുള്ള മൂന്ന് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് പൊതുമാപ്പ് യാത്രക്കാരുമായുള്ള വിമാനങ്ങള്‍ പുറപ്പെടുക. ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും ധാരണയായതായി പ്രവാസി മലയാളികളെ തിരിച്ചു കൊണ്ടുവരുന്നതിന് ചുമതലയുള്ള നോര്‍ക്ക പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത്ത് കുമാറിനെ അറിയിച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത്ത് കുമാര്‍ മുഖ്യമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും കത്തയിച്ചിരുന്നു.

Next Story

RELATED STORIES

Share it