Latest News

സ്ഥിതി ഗുരുതരം: സംസ്ഥാനത്ത് 133 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ, നഗരങ്ങളില്‍ മള്‍ട്ടിപ്പിള്‍ സ്പ്രഡിന് സാധ്യത

സ്ഥിതി ഗുരുതരം: സംസ്ഥാനത്ത് 133 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ, നഗരങ്ങളില്‍ മള്‍ട്ടിപ്പിള്‍ സ്പ്രഡിന് സാധ്യത
X

തിരുവനന്തപുരം: സമ്പര്‍ക്കം വഴി രോഗബാധ വര്‍ധിച്ചത് സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിശേഷം സംജാതമാക്കിയതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പര്‍ സ്പ്രഡ് സംഭവിച്ചത്. ഇതേ സ്ഥിതിവിശേഷം സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിലേക്കും വ്യാപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ സാധ്യത വര്‍ധിച്ചതായി ലോകാരോഗ്യസംഘടനയുടെ റിപോര്‍ട്ട് വന്ന വിവരവും മുഖ്യമന്ത്രി വാര്‍ത്താലേഖകരുമായി പങ്കുവച്ചു. നഗരങ്ങളില്‍ മള്‍ട്ടിപ്പിള്‍ സ്പ്രഡിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒരു കാരണവശാലും അനുവദിക്കാനാവില്ല. ജനങ്ങള്‍ ഏറെ ശ്രദ്ധപതിപ്പിക്കേണ്ട സമയമാണ് ഇത്. സമൂഹവ്യാപനം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകും- മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. തുടര്‍ച്ചയായി ഇത് രണ്ടാം ദിവസമാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 300 കടക്കുന്നത്. രോഗികളില്‍ 133 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധയുണ്ടായി. രോഗബാധ സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശത്തുനിന്നെത്തിയവരും 79 പേര്‍ ഇതര സംസ്ഥാനത്തുനിന്നു വന്നവരുമാണ്. ഉറവിടമറിയാത്ത 7 കേസുകളാണ് ഉള്ളത്. 149 പേരുടെ രോഗം ഭേദമായി.

സംസ്ഥാനത്ത് 188 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ: തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍കോഡ് 11, കൊല്ലം 10, കോഴിക്കോട് 8, കണ്ണൂര്‍ 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7.

ഇന്നത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് ചികില്‍സയിലുള്ളത് 2,295 പേരാണ്. 1,85,960 പേര്‍ നിരീക്ഷണത്തിലുണ്ട്.

Next Story

RELATED STORIES

Share it