Latest News

സിദ്ദീഖ് കാപ്പന്റെ അറസ്റ്റ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള വെല്ലുവിളി: ഇ എസ് സുഭാഷ്

സിദ്ദീഖ് കാപ്പന്റെ അറസ്റ്റ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള വെല്ലുവിളി:   ഇ എസ് സുഭാഷ്
X

മലപ്പുറം: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ അറസ്റ്റ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് കെയുഡബ്ല്യുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷ് പറഞ്ഞു. മലപ്പുറത്ത് കെയുഡബ്ല്യുജെ ജില്ലാ വാര്‍ഷിക ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ ചെയ്യാവുന്നതെല്ലാം കെയുഡബ്ല്യുജെ ചെയ്യുന്നുണ്ട്. ഏറ്റവും അവസാനമായി കാസര്‍കോട് എത്തിയ യു പി മുഖ്യമന്ത്രി ആദിത്യനാഥിന് ഇതു സംബന്ധിച്ച നിവേദനം നല്‍കി. നേരിട്ട് കാണാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് യു പി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പ്പിക്കുകയാണ് ചെയ്തത്.


ഹാഥ്‌റസില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയ സിദ്ദീഖ് കാപ്പനെ യു പി സര്‍ക്കാര്‍ അറസ്റ്റു ചെയ്തതിനെ അപലപിച്ചുകൊണ്ടും അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും കെയുഡബ്ല്യുജെ ജില്ലാ ജനറല്‍ബോഡി പ്രമേയം പാസാക്കി. മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ പി ഒ റഹ്മത്തുല്ല അവതരിപ്പിച്ച പ്രമേയത്തെ കെ എന്‍ നവാസ് അലി പിന്താങ്ങി. സിദ്ദീഖ് കാപ്പന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിന് കെയുഡബ്ല്യുജെ മലപ്പുറം ജില്ലാ കമ്മറ്റി മുന്നിട്ടിറങ്ങണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത റസാഖ് മഞ്ചേരി, സമീര്‍ കല്ലായി എന്നിവര്‍ ആവശ്യപ്പെട്ടു. സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ അനുഭാവപൂര്‍ണമായ കാര്യങ്ങളാണ് കെയുഡബ്ല്യുജെ ചെയ്യുന്നതെന്നും തുടര്‍ന്നും അത് ഉണ്ടാകുമെന്നും കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി കെ പി എം റിയാസ് പറഞ്ഞു. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ശംസുദ്ദീന്‍ മുബാറക്, ഖജാന്‍ജി രാജീവ്, സംസ്ഥാന സമിതി അംഗം എസ് മഹേഷ് കുമാര്‍ സംസാരിച്ചു. അശോക് ശ്രീനിവാസ്, സുരേഷ് എടപ്പാള്‍ ,ഫ്രാന്‍സിസ് ഓണാട്ട്, സിദ്ദീഖ് പെരിന്തല്‍മണ്ണ, സുബൈര്‍ , സുരേഷ് കുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.


പുരസ്‌കാര ജേതാക്കളായ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും കലാ, കായിക മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ റഷീദ് ബാബു ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എനസ് എടത്തൊടിക ഉപഹാരങ്ങള്‍ വിതരണം ചെയ്തു.




Next Story

RELATED STORIES

Share it