Latest News

എന്‍ഐഎയ്ക്ക് സമാന്തരമായി എസ്‌ഐഎ: കശ്മീര്‍ മാതൃക സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്ന് സൂചന

എന്‍ഐഎയ്ക്ക് സമാന്തരമായി എസ്‌ഐഎ: കശ്മീര്‍ മാതൃക സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്ന് സൂചന
X

ന്യൂഡല്‍ഹി: എന്‍ഐഎ അഥവാ ദേശീയ അന്വേഷണ ഏജന്‍സിയുടെ സാധുതയെയും പരിധി വിട്ട കടന്നുകയറ്റത്തെയും കുറിച്ചുള്ള വാര്‍ത്തകള്‍ രാജ്യത്ത് വന്‍ വിമര്‍ശനത്തിനിടയാക്കിയിട്ട് കാലം കുറച്ചായി. ഇപ്പോഴിതാ എന്‍ഐഎ മാതൃകയില്‍ സംസ്ഥാനങ്ങളില്‍ എസ്‌ഐഎ എന്ന പുതിയൊരു അന്വേഷണ ഏജന്‍സി കൂടി വരുന്നു. ഭരണഘടന നല്‍കിയ ഉറപ്പുകളെല്ലാം ലംഘിച്ച് ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വെട്ടിമുറിച്ച കശ്മീരിലാണ് സ്‌റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അഥവാ എസ്‌ഐഎ രൂപീകരിച്ചിരിക്കുന്നത്. വരുംകാലങ്ങളില്‍ അത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന സൂചന പുറത്തുവരുന്നുണ്ട്.

കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ സായുധ ആക്രമണവുമായി ബന്ധപ്പെട്ട കേസുകളില്‍ വേഗത്തിലുള്ളതും ഫലപ്രദവുമായ അന്വേഷണത്തിനു വേണ്ടിയാണ് എസ്‌ഐഎ രൂപീകരിക്കുന്നതെന്നാണ് ഭരണകൂടം പറയുന്നത്. എന്‍ഐഎ തുടങ്ങിയ മറ്റ് കേന്ദ്ര ഏജന്‍സികളുമായി സംസ്ഥാനത്തെ അന്വേഷണത്തെ ഏകോപിപ്പിക്കുന്നതിനുള്ള ഒരു നോഡല്‍ ഏജന്‍സിയായിട്ടായിരിക്കും എസ്‌ഐഎ പ്രവര്‍ത്തിക്കുക. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ വേഗത്തിലുള്ളതും ഫലപ്രദവുമായ അന്വേഷണത്തിനും വിചാരണയ്ക്കും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സിഐഡി വിഭാഗത്തിന്റെ തലവന്‍ എസ്‌ഐഎയുടെ എക്‌സ് ഒഫീഷ്യോ ഡയറക്ടറായിരിക്കും.

'തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ പോലിസ് സ്‌റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉടനടി എസ്‌ഐഎയെ അറിയിക്കണമെന്നാണ് ഉത്തരവിലുള്ളത്. മാത്രമല്ല, അന്വേഷണത്തിനിടെ ഏതെങ്കിലും വിധത്തില്‍ തീവ്രവാദ ബന്ധം ഉയര്‍ന്നുവരുന്ന കേസുകളെക്കുറിച്ചും വിവരം നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

2008ലെ ദേശീയ അന്വേഷണ നിയമത്തിന്റെ പരിധിയില്‍ വരാത്തതോ എന്‍ഐഎ അന്വേഷണം ഏറ്റെടുക്കാത്തതോ ആയ കേസുകളില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം, അന്വേഷണ പുരോഗതി, മറ്റ് പ്രസക്തമായ ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്ത് എസ്‌ഐഎക്ക് കേസ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഡിജിപിക്കും തീരുമാനമെടുക്കാം. മറ്റു കേസുകളില്‍ അന്വേഷണത്തിന്റെ ഏത് ഘട്ടത്തിലും കേസന്വേഷണം എസ്‌ഐഎയ്ക്കു കൈമാറുകയും ചെയ്യാം. എന്നാല്‍, അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ കാരണങ്ങള്‍ രേഖാമൂലം രേഖപ്പെടുത്തുമ്പോള്‍ ഡിജിപിക്ക് തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു.

അതുപോലെ തന്നെ ഡിജിപിയെ അറിയിച്ചുകൊണ്ട് സ്വമേധയാ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും എസ്‌ഐഎയ്ക്ക് അധികാരം നല്‍കിയിട്ടുണ്ട്. 2008ലെ എന്‍ഐഎ നിയമത്തിലെ സെക്ഷന്‍ 7 പ്രകാരം സംസ്ഥാന സര്‍ക്കാരിന് കൈമാറുന്ന കേസുകളിലെ അന്വേഷണവും വിചാരണയും എസ് ഐഎയ്ക്കു കൈകാര്യം ചെയ്യാം. ജമ്മു കശ്മീരിനെ മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളായി വെട്ടിമുറിച്ച ശേഷവും ആക്രമങ്ങളില്‍ കുറവ് വരാത്ത സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ 20 സായുധരും ഒമ്പത് സൈനികരും 12 സിവിലിയന്മാരും ഉള്‍പ്പെടെ 41 പേരാണ് ജമ്മു കശ്മീരില്‍ വിവിധ ആക്രമങ്ങളില്‍ കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it