Latest News

മഹാരാഷ്ട്രയില്‍ ശിവസേന എന്‍സിപി സഖ്യം അധികാരത്തിലേക്ക്; കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണച്ചേക്കും

ഇതുവരെയുള്ള സൂചനയനുസരിച്ച് ശിവസേനക്ക്, എന്‍സിപിയുടെ സജീവ പിന്തുണയുണ്ടായിരിക്കും. കോണ്‍ഗ്രസ് പുറത്തുനിന്നു നിന്ന് പിന്തുണക്കാനാണ് സാധ്യതയെങ്കിലും അക്കാര്യം ഇനിയും തീരുമാനമായിട്ടില്ല.

മഹാരാഷ്ട്രയില്‍ ശിവസേന എന്‍സിപി സഖ്യം അധികാരത്തിലേക്ക്; കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണച്ചേക്കും
X

മുംബൈ: പ്രതിസന്ധികള്‍ക്ക് വിരാമമിട്ടുകൊണ്ട് മഹാരാഷ്ട്രയില്‍ ശിവസേന, സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങുന്നു. എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതോടെയാണ് ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുളള സാധ്യത തെളിഞ്ഞത്.

ഇതുവരെയുള്ള സൂചനയനുസരിച്ച് ശിവസേനക്ക്, എന്‍സിപിയുടെ സജീവ പിന്തുണയുണ്ടായിരിക്കും. കോണ്‍ഗ്രസ് പുറത്തുനിന്നു നിന്ന് പിന്തുണക്കാനാണ് സാധ്യതയെങ്കിലും അക്കാര്യം ഇനിയും തീരുമാനമായിട്ടില്ല.

ഉദ്ദവ് താക്കറെയും സോണിയാ ഗാന്ധിയും തമ്മിലുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് രാഷ്ട്രീയമായി എതിര്‍ചേരികളിലുള്ള ശിവസേനയും കോണ്‍ഗ്രസ്സും തമ്മിലുള്ള സഖ്യത്തിന് സാധ്യത തെളിഞ്ഞത്. ശിവസേനയുമായി സഖ്യം വേണ്ടെന്നാണ് കഴിഞ്ഞ ആഴ്ച വരെ സോണിയാ ഗാന്ധി പറഞ്ഞിരുന്നതെങ്കിലും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സില്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്.

ഉദ്ദവ്, ശരത് പവാറുമായും മുബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍ഡിഎയുമായി സഖ്യം ഒഴിഞ്ഞാല്‍ മാത്രമേ മഹാരാഷ്ട്രയില്‍ പിന്തുണ നല്‍കു എന്നായിരുന്നു ശരത്പവാറിന്റെ നിലപാട്. ശിവസേനയുടെ ഏക കേന്ദ്രമന്ത്രിയായ അരവിന്ദ് സാവത്ത് ഇതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു.

മഹാരാഷ്ട്ര നിയമസഭയില്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ശിവസേന, ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലു അധികാരം പങ്കുവയ്ക്കുന്നതിലുണ്ടായ തര്‍ക്കമാണ് സര്‍ക്കാര്‍ രൂപീകരണം ഇത്ര വൈകിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് എത്തിയ ധാരണയനുസരിച്ച് അധികാരം തുല്യമായി പങ്കിടണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍ ഇത്തരമൊരു ധാരണയില്ലായെന്ന് ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് വാദിച്ചു. മാത്രമല്ല, ഉദ്ദവ് കള്ളം പറയുകയാണെന്നും ആരോപിച്ചിരുന്നു. ഇത് ശിവസേന-ബിജെപി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി.

സഭയിലെ ഏറ്റവും വലിയ കക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചെങ്കിലും ഭൂരിപക്ഷം ലഭിക്കില്ലെന്ന കാരണത്താല്‍ അവര്‍ പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ക്ഷണിച്ചത്.

Next Story

RELATED STORIES

Share it