Latest News

ഷിഗല്ല രോഗത്തിനെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യ വകുപ്പ്

ഷിഗല്ല രോഗത്തിനെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യ വകുപ്പ്
X

കോഴിക്കോട്: ഷിഗല്ല രോഗം കൂടുതല്‍ ജില്ലകളില്‍ റിവോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇതിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫfസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന രോഗമാണ് ഷിഗല്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുളളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും.

രോഗ ലക്ഷണങ്ങള്‍

വയറിളക്കം, രക്തവും പഴുപ്പും കലര്‍ന്ന മലം, അടിവയറ്റില്‍ വേദന, പനി, ഛര്‍ദ്ദി, ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുക. അതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഫലപ്രദമായ ചികിത്സ കൃത്യസമയത്ത് ലഭിച്ചില്ലെങ്കില്‍ രോഗം തലച്ചോറിനെയും വൃക്കകളെയും ബാധിക്കാന്‍ സാധ്യതയുണ്ട്. അഞ്ച് വയസില്‍ താഴെ പ്രായമുളള കുട്ടികളില്‍ രോഗം ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ മരണ സാധ്യത കൂടുതലാണ്. അതിനാല്‍ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ ശരിയായ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. വ്യക്തി ശുചിത്വം പരമപ്രധാനം. ഷിഗല്ല രോഗത്തിന് പ്രതിരോധ മരുന്ന് ഇല്ല. അതിനാല്‍ വ്യക്തി ശുചിത്വത്തിന് ഊന്നല്‍ നല്‍കി കൊണ്ടുളള പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും സ്വീകരിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണത്തിന് മുമ്പും മലവിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക. രോഗലക്ഷണങ്ങളുളളവര്‍ ആഹാരം പാകം ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യരുത്. ഭക്ഷണ പദാര്‍ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടി വെക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഇടപഴകാതിരിക്കുക.

പഴങ്ങളും പച്ചക്കറികളും കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. കുടിവെളള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക. വൃത്തിഹീനമായ സാഹചര്യത്തില്‍ ലഭിക്കുന്ന ശീതള പാനീയങ്ങള്‍ കുടിക്കാതിരിക്കുക. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗപകര്‍ച്ച ഉണ്ടാകും. അതിനാല്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യമാണ്. സ്‌കൂളുകളും കോളജുകളും തുറക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ കിണറുകള്‍, ടോയ്‌ലെറ്റുകള്‍, ഹോസ്റ്റലുകള്‍ എന്നിവ ശുചീകരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. ഷിഗല്ല രോഗത്തിനെതിരെയുളള ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it