Latest News

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം ആഴ്ചയില്‍ അഞ്ചാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് സര്‍വീസ് സംഘടനകള്‍

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം ആഴ്ചയില്‍ അഞ്ചാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് സര്‍വീസ് സംഘടനകള്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കുന്നത് സ്വാഗതം ചെയ്ത് സര്‍വീസ് സംഘടനകള്‍. ദിവസവും ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കുക എന്ന കാര്യവും സര്‍വീസ് സംഘടനകള്‍ അംഗീകരിച്ചു. അന്തിമ തീരുമാനത്തിന് മുന്‍പ് ജീവനക്കാരുടെ സംഘടനകളുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്തും. പൊതു അവധിയും കാഷ്വല്‍ ലീവും ചുരുക്കാന്‍ അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംഘടനാ പ്രതിനിധികള്‍ നിലപാടെടുത്തു. നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആകരുതെന്ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍വീസ് സംഘടനകളുമായി പ്രാഥമിക ചര്‍ച്ചയാണ് ഇന്ന് നടന്നത്. പ്രവൃത്തിദിനം കുറക്കുന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ചീഫ് സെക്രട്ടറി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് സര്‍വീസ് സംഘടനാ പ്രതിനിധികള്‍ അനുകൂല പ്രതികരണം നടത്തിയത്. പ്രവൃത്തിദിനം കുറക്കുമ്പോള്‍ ജോലി സമയം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തോടും സര്‍വീസ് സംഘടനകള്‍ക്ക് അനുകൂല നിലപാടാണ്. അതേസമയം, ആരോഗ്യമേഖലയിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പ്രത്യേകം പരിഗണിക്കണമെന്നും സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഴുമണിക്കൂറാണ് പ്രവര്‍ത്തി സമയത്തില്‍ കുറവുണ്ടാകുന്നത്. രാവിലെയും വൈകുന്നേരവും സമയം കൂട്ടി ഇത് പുനഃക്രമീകരിക്കാം എന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിര്‍ദ്ദേശം. ദിവസവും ഒരു മണിക്കൂര്‍ കൂട്ടുക എന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് അനുകൂല സംഘടനകളും മുന്നോട്ടുവച്ചു. 10.15 മുതല്‍ 5.15 വരെ എന്നതാണ് നിലവിലെ പ്രവര്‍ത്തന സമയം. രാവിലെ ഇത് 9:30 ആക്കുകയും, വൈകുന്നേരം അഞ്ചര ആക്കുകയും ചെയ്താല്‍ ഒരു മണിക്കൂര്‍ അധികം ലഭിക്കുമെന്നാണ് നിര്‍ദ്ദേശം. അവധി ദിനം വര്‍ധിപ്പിക്കുന്നതല്ല, ഒരു ദിവസം അധികം ജോലി ചെയ്യുന്നതിന് ലഭിക്കുന്ന ഓഫ് മാത്രമാണെന്നാണ് സര്‍വീസ് സംഘടനകളുടെ വിശദീകരണം.

പ്രവര്‍ത്തി ദിനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാനാണ് യോഗം വിളിച്ചതെന്ന് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു. നിലവിലെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് അജണ്ട നിശ്ചയിച്ച് മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കും. അന്തിമ തീരുമാനത്തിന് മുന്‍പ് ജീവനക്കാരുടെ സംഘടനകളുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചു.

Next Story

RELATED STORIES

Share it