Latest News

സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി

സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി
X

കാഠ്മണ്ഡു: കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി. നേപ്പാള്‍ സുപ്രിംകോടതി ഉത്തരവ് പ്രകാരമാണ് 78കാരനായ ശോഭരാജിനെ ജയിലില്‍ നിന്നും മോചിപ്പിച്ചത്. ഫ്രഞ്ച് പൗരനായ ഇയാള്‍ കൊലക്കുറ്റത്തിന് 19 വര്‍ഷമായി നേപ്പാള്‍ കാഠ്മണ്ഡു സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു. അമേരിക്കന്‍ വനിതയെ കൊലപ്പെടുത്തിയ കേസില്‍ 2003ലാണു നേപ്പാള്‍ കോടതി ശോഭരാജിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ജസ്റ്റിസുമാരായ സപാന പ്രധാന്‍ മല്ല, തിലക് പ്രസാദ് ശ്രേസ്ത എന്നിവരുടെ ബെഞ്ചാണ് ശോഭരാജിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.

15 ദിവസത്തിനകം ഇയാളെ നാടുകടത്താനും കോടതി നിര്‍ദേശിച്ചു. ജയിലില്‍ നല്ല പെരുമാറ്റമുള്ള തടവുകാരെ ശിക്ഷാ കാലാവധിയുടെ 75 ശതമാനം പിന്നിട്ടാല്‍ മോചിപ്പിക്കാമെന്ന് നേപ്പാളില്‍ നിയമവ്യവസ്ഥയുണ്ട്. ഇന്നലെ ശോഭരാജിന്റെ മോചനം നടക്കേണ്ടതായിരുന്നു. എന്നാല്‍, ഇയാള്‍ക്ക് താമസമൊരുക്കുന്നതിലുള്ള പ്രയാസം ഇമിഗ്രേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചതോടെയാണു മോചനം ഒരുദിവസം വൈകിയത്. നിലവില്‍ നേപ്പാള്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്കു മാറ്റിയ ചാള്‍സിനെ ഉടന്‍തന്നെ ഫ്രാന്‍സിലേക്കു കൊണ്ടുപോവുമെന്നാണ് റിപോര്‍ട്ട്. 1972നും 1976നും ഇടയില്‍ 24 ഓളം കൊലപാതകങ്ങള്‍ ചാള്‍സ് നടത്തി.

കൊല്ലപ്പെട്ടതെല്ലാം ചാള്‍സുമായി സൗഹൃദം പുലര്‍ത്തിയിരുന്നവര്‍ തന്നെ. കൊലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവരുമായി സൗഹൃദമുണ്ടാക്കുകയും പിന്നീട് അവരെ കൊലപ്പെടുത്തി പണവും പാസ്‌പോര്‍ട്ടും കൈവശപ്പെടുത്തുകയും പിന്നീട് ഈ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യുന്നതായിരുന്നു ചാള്‍സിന്റെ രീതി. 1976 മുതല്‍ 1997 വരെ ഇന്ത്യയിലെ ജയിലിലായിരുന്ന ചാള്‍സ് ശോഭരാജ് ജയില്‍മോചിതനായ ശേഷം പാരിസിലേക്ക് മടങ്ങി. 2003ല്‍ നേപ്പാളിലേക്ക് പോയി അവിടെ വീണ്ടും നടത്തിയ കൊലപാതകത്തില്‍ ജയിലിലാവുകയായിരുന്നു.

Next Story

RELATED STORIES

Share it