Latest News

ആര്യന്‍ ഖാനെ തട്ടിക്കൊണ്ടുപോയി പണം തട്ടാനുള്ള നീക്കം തകര്‍ത്തത് 'സെല്‍ഫി'; ആരോപണങ്ങള്‍ കടുപ്പിച്ച് നവാബ് മാലിക്

ആര്യന്‍ ഖാനെ തട്ടിക്കൊണ്ടുപോയി പണം തട്ടാനുള്ള നീക്കം തകര്‍ത്തത് സെല്‍ഫി; ആരോപണങ്ങള്‍ കടുപ്പിച്ച് നവാബ് മാലിക്
X

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ തട്ടിക്കൊണ്ടുപോയി പണം പിടുങ്ങാനുള്ള ശ്രമം തകര്‍ന്നത് സെല്‍ഫി പുറത്തുവന്നതോടെയെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ബിജെപി നേതാവ് മൊഹിത് കംബോജി ആസൂത്രണം ചെയ്ത തട്ടിക്കൊണ്ടുപോകല്‍ ഗൂഢാലോചനയില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കപ്പലിലേക്ക് ആര്യന്‍ ഖാനെപ്പോലുള്ളവരെ ആകര്‍ഷിച്ച് കേസില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു.

വാങ്കഡെയുടെ നേതൃത്വത്തിലുള്ള നര്‍കോട്ടിക്‌സ് ബ്യൂറോ സംഘമാണ് കഴിഞ്ഞ മാസം 23 വയസ്സുകാരനായ ആര്യന്‍ ഖാനെ മുംബൈ, ഗോവ ആഢംബരക്കപ്പലില്‍ നിന്ന് മറ്റ് ഏഴ് പേര്‍ക്കൊപ്പം അറസ്റ്റ് ചെയ്തത്. മുംബൈ ഹൈക്കോടതി അദ്ദേഹത്തിന് പിന്നീട് ജാമ്യം അനുവദിച്ചു.

''ആര്യന്‍ ഖാന്‍ കപ്പലില്‍ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് എടുത്തിരുന്നില്ല. പ്രതിക് ഗുബയും അമിര്‍ ഫര്‍ണിച്ചര്‍വാലയുമാണ് അദ്ദേഹത്തെ അവിടെ എത്തിച്ചത്. ഇതൊരു തട്ടിക്കൊണ്ടുപോകല്‍ നാടകമാണെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു''- മാലിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

''ബിജെപി നേതാവ് മൊഹിത് കംബോജിയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നത്. ആര്യന്‍ ഖാനെ അവരാണ് അവിടെ എത്തിച്ചത്. തട്ടിക്കൊണ്ടുപോയി 25 കോടി രൂപ മോചനദ്രവ്യം വാങ്ങാനായിരുന്നു പദ്ധതി. 18 കോടിയാണ് ഒടുവില്‍ തീരുമാനമായത്. അതില്‍ 50 ലക്ഷം നല്‍കി. പക്ഷേ, ഒരു സെല്‍ഫി എല്ലാ തുലച്ചു''- അദ്ദേഹം പറഞ്ഞു.

ആരാണ് സെല്‍ഫിയെടുത്ത് 'നാടകം പൊളിച്ച'തെന്ന് അദ്ദേഹം പറഞ്ഞില്ല.

സ്വതന്ത്രകുറ്റന്വേഷകനായി സ്വയം വിശേഷിപ്പിക്കുന്ന കെ പി ഗോസവിയാണ് ആര്യന്‍ ഖാനോടൊപ്പം സെല്‍ഫിയെടുത്തതും പിന്നീട് ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതും. ബിജെപി നേതാവ് മൊഹിത് കംബോജിയാണ് എല്ലാ ഗൂഢാലോചനക്കും പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സമീര്‍ വാങ്കഡെയുടെ പങ്കാളിയാണ് മൊഹിത്തെന്നും അദ്ദേഹം ആരോപിച്ചു.

കാഷിഫ് ഖാന്റെയും മഹാരാഷ്ട്ര മന്ത്രി അസ് ലം ഷെയ്ഖിന്റെയും മറ്റ് ചില മന്ത്രിമാരുടെ മക്കളെയും ഇതേ കപ്പലില്‍ എത്തിക്കാന്‍ ശ്രമം നടന്നുവെന്നും അത് വിജയിച്ചില്ലെന്നും നവാബ് മാലിക്ക് വെളിപ്പെടുത്തി.

കംബോജി എല്ലാ ആരോപണങ്ങളും നിഷേധിച്ചു.

Next Story

RELATED STORIES

Share it