ശബരിമലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി; 1,250 പോലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു

പത്തനംതിട്ട: മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിലെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തി. ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലിസിന്റെ ആദ്യസംഘം ചുമതലയേറ്റു. സന്നിധാനത്തും പരിസരത്തുമായി 1,250 പോലിസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 980 സിവില്‍ പോലിസ് ഓഫിസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, 12 ഡിവൈഎസ്പിമാര്‍, 110 എസ്‌ഐ/എഎസ്‌ഐമാര്‍, 30 സിഐമാര്‍ എന്നിവരടങ്ങിയ സംഘമാണ് സുരക്ഷാചുമതലയേറ്റത്. കേരള പോലിസിന്റെ കമാന്‍ഡോ വിഭാഗം, സ്‌പെഷ്യല്‍ ബ്രാഞ്ച്, ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗം, ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്.
തീര്‍ഥാടകരുടെ തിരക്ക് കൂടുന്നതനുസരിച്ച് വരും ദിവസങ്ങളില്‍ ഡ്യൂട്ടിക്കെത്തുന്ന പോലിസുകാരുടെ എണ്ണത്തിലും വര്‍ധനയുണ്ടാവും. ഇതിനെല്ലാം പുറമേ സുരക്ഷാനിരീക്ഷണത്തിന്റെ ഭാഗമായി സന്നിധാനത്തും പമ്പയിലും നിലയ്ക്കലും സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനം, നിലയ്ക്കല്‍, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ താത്കാലിക പോലീസ് സ്‌റ്റേഷനും തുറന്നിട്ടുണ്ട്. കൂടാതെ നിലയ്ക്കല്‍, പമ്പ മേഖലകളുടെ മേല്‍നോട്ടത്തിന് എസ്പി റാങ്കുള്ള പ്രത്യേക ഉദ്യോഗസ്ഥരെയും നിയോഗിച്ചു. നിലയ്ക്കല്‍ മേഖലുടെ പ്രത്യേക ചുമതല എം ഹേമലതയ്ക്കും പമ്പ മേഖലയുടെ ചുമതല എസ് മധുസൂദനനുമാണ്.
വലിയ നടപ്പന്തല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ചീഫ് പോലിസ് കോ- ഓഡിനേറ്ററും ശബരിമലയുടെ ചുമതലയുള്ള എഡിജിപിയുമായ എം ആര്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ എം മഹാജന്‍ സന്നിഹിതനായിരുന്നു. ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ ആദ്യ ബാച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കി. പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനം ഈ ഉത്സവ കാലം വിജയകരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാമിമാര്‍ക്ക് സുഗമമായ ദര്‍ശനവും തൃപ്തിയോടെ തൊഴുത് മടങ്ങാനുള്ള സൗകര്യവും ഒരുക്കുകയാണ് സേനയുടെ ദൗത്യം. ശബരിമല സ്‌പെഷ്യല്‍ ഓഫിസര്‍ ബി കൃഷ്ണകുമാര്‍, അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫിസര്‍ ആര്‍ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സന്നിധാനത്ത് പോലിസ് സേന സേവനം അനുഷ്ഠിക്കുക.
RELATED STORIES
മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTആന്മരിയയുടെ നില ഗുരുതരമായി തുടരുന്നു
2 Jun 2023 6:12 AM GMTകോട്ടയത്ത് ഭൂമിക്കടിയില്‍ നിന്ന് ഉഗ്രസ്ഫോടന ശബ്ദം
2 Jun 2023 5:26 AM GMTഅഗതിമന്ദിരത്തിലെ അന്തേവാസികള്‍ നടുറോഡില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക്...
2 Jun 2023 5:16 AM GMTഗുസ്തി താരങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് വിമന്‍ ഇന്ത്യ...
1 Jun 2023 3:53 PM GMTകണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMT