Latest News

'സേവ് ബോക്‌സ്' ആപ്പ് തട്ടിപ്പു കേസ്; ജയസൂര്യയെ ഇഡി ചോദ്യംചെയ്യുന്നു

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പു കേസ്; ജയസൂര്യയെ ഇഡി ചോദ്യംചെയ്യുന്നു
X

കൊച്ചി: 'സേവ് ബോക്‌സ്' ഓണ്‍ലൈന്‍ ലേല ആപ്പ് തട്ടിപ്പു കേസില്‍ നടന്‍ ജയസൂര്യ ഭാര്യ സരിത എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി)ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് നടനെ ചോദ്യംചെയ്യുന്നത്. തൃശൂര്‍ സ്വദേശി സ്വാതിഖ് റഹീം പ്രതിയായ കേസിലാണ് ചോദ്യം ചെയ്യല്‍. ഉടമ സ്വാതിഖുമായി നടത്തിയ സാമ്പത്തികയിടപാടുകളുമായി ബന്ധപ്പെട്ടാണ ഇഡി അന്വേഷണം. കഴിഞ്ഞ ബുധനാഴ്ചയും ജയസൂര്യയെ ഇഡി ഓഫിസില്‍ ചോദ്യം ചെയ്തിരുന്നു.

രണ്ടുവര്‍ഷം മുന്‍പ് ഏറെവിവാദമായ കേസാണ് 'സേവ് ബോക്‌സ്' ആപ്പ് തട്ടിപ്പ്. ഓണ്‍ലൈന്‍ ലേല ആപ്പായ 'സേവ് ബോക്‌സി'ന്റെ ഫ്രൊഞ്ചൈസി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി. കേസില്‍ സേവ് ബോക്‌സ് സ്ഥാപന ഉടമയായ തൃശൂര്‍ സ്വദേശി സ്വാതിഖ് റഹീമിനെ തൃശൂര്‍ പോലിസ് അറസ്റ്റ്‌ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ ഇഡിയും അന്വേഷണം നടത്തുന്നത്.

2019ലാണ് കേരളത്തിന്റെ സ്വന്തമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ സേവ് ബോക്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യയെന്നാണ് ഇഡി നല്‍കുന്ന വിവരം. മറ്റ് സിനിമ താരങ്ങള്‍ക്കൊപ്പം ബിഡിങ് ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും ജയസൂര്യയാണ്.

ഓണ്‍ലൈന്‍ ലേലം നടത്തുന്ന സ്ഥാപനമാണ് സേവ് ബോക്‌സ്. ഇതേപേരില്‍ മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഈ ലേലത്തില്‍ പങ്കെടുക്കാനായി സേവ് ബോക്‌സ് നല്‍കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകള്‍ ഉപയോഗിച്ചായിരുന്നു ലേലം.

ഇന്ത്യയിലെ തന്നെ ആദ്യ ലേല ആപ്പ് എന്നുപറഞ്ഞാണ് സേവ് ബോക്‌സിനെ പരിചയപ്പെടുത്തിയിരുന്നത്. സേവ് ബോക്‌സിന്റെ ഫ്രൊഞ്ചൈസികളും ഓഹരികളും വാഗ്ദാനംചെയ്താണ് സ്വാതിഖ് റഹീം പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയത്. പഴയ ഐഫോണുകള്‍ പുതിയ കവറിലിട്ടുനല്‍കി ഇയാള്‍ സിനിമാതാരങ്ങളെ കബളിപ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it