Big stories

സഞ്ജയ് റാവത്തിന്റെ അറസ്റ്റ്: മുംബൈയില്‍ വ്യാപക പ്രതിഷേധം ആസൂത്രണം ചെയ്ത് ശിവസേന

സഞ്ജയ് റാവത്തിന്റെ അറസ്റ്റ്: മുംബൈയില്‍ വ്യാപക പ്രതിഷേധം ആസൂത്രണം ചെയ്ത് ശിവസേന
X

ന്യൂഡല്‍ഹി: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധവുമായി ശിവസേന. ഇന്ന് വലിയ പ്രതിഷേധങ്ങളുണ്ടാകുമെന്നാണ് റിപോര്‍ട്ട്. സഞ്ജയ് റാവത്തിന്റെ വസതിയില്‍ ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന അവസാനിച്ച ശേഷമാണ് അദ്ദേഹത്തെ ഇ ഡി കസ്റ്റഡിയിലെടുത്തത്. പിന്നീട് അര്‍ധരാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി.

'സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തു. ബിജെപി അദ്ദേഹത്തെ ഭയപ്പെടുന്നു. അവര്‍ ഞങ്ങള്‍ക്ക് അറസ്റ്റുമായി ബന്ധപ്പെട്ട ഒരു രേഖയും നല്‍കിയിട്ടില്ല. അദ്ദേഹത്തെ കുടുക്കിയിരിക്കുകയാണ്. രാവിലെ 11.30ന് കോടതിയില്‍ ഹാജരാക്കും''- സഹോദരന്‍ സുനില്‍ റാവത്ത് പറഞ്ഞു.

രാവിലെ 7 മണിക്ക് എത്തിയ ഇ ഡി ടീമാണ് വസതിയില്‍ പരിശോധന നടത്തിയത്. കൂടെ സിഐഎസ്എഫ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. മുംബൈയിലെ പ്രാന്തപ്രദേശമായ ബന്ദുപിലാണ് റാവത്ത് താമസിക്കുന്നത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡി പരിശോധന നടത്തിയത്. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ റാവുത്തിന് ഇഡി സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരാകാന്‍ കൂട്ടാക്കിയിരുന്നില്ല.

ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യക്കേസാണ് റാവുത്തിനെതിരേ ഉള്ളത്. ജൂലായ് ഒന്നിന് റാവുത്തിനെ ഇ ഡി പത്ത് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ വര്‍ഷ റാവുത്ത് അടക്കമുള്ളവരുടെ 11.15 കോടി രൂപയുടെ സ്വത്തുവകകള്‍ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഫ്‌ലാറ്റും ഭൂസ്വത്തുക്കളും അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.

മുംബൈയിലെ ഗോരേഗാവില്‍ സ്ഥിതിചെയ്യുന്ന പത്ര ചോള്‍ എന്ന ജനവാസകേന്ദ്രത്തിന്റെ പുനര്‍വികസനവും അതിന് പിന്നാലെയുണ്ടായ ഭൂമിവില്‍പ്പനയും ക്രമക്കേടുമാണ് പത്ര ചോള്‍ കുംഭകോണം കേസിന് ആധാരം. പാവപ്പെട്ടവര്‍ താമസിക്കുന്ന, സൗകര്യങ്ങളില്ലാത്ത ജനവാസകേന്ദ്രങ്ങളെയാണ് ചോള്‍ എന്ന് വിളിക്കുന്നത്. 2007ലാണ് പത്രചോളിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരു കരാര്‍ നിലവില്‍ വരുന്നത്. ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍ െ്രെപവറ്റ് ലിമിറ്റഡും (ജിഎസിപിഎല്‍) മഹാരാഷ്ട്ര ഹൗസിങ് ആന്റ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎച്ച്ഡിഎ)യും പത്ര ചോള്‍ സൊസൈറ്റിയുമായിരുന്നു കരാര്‍ ഒപ്പിട്ടത്.

ഇത് അനുസരിച്ച് ജിഎസിപിഎല്‍ പത്ര ചോളിലെ 672 വാടകക്കാര്‍ക്ക് പുതിയ വീട് നിര്‍മിച്ച് നല്‍കാനും എംഎച്ച്ഡിഎയ്ക്ക് ഫ്‌ലാറ്റുകള്‍ നിര്‍മിച്ചുനല്‍കാനും ബാക്കിവരുന്ന ഭൂമി സ്വകാര്യ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്ക് വില്‍ക്കാനും ധാരണയായി. കരാറും നിബന്ധനകളും നിലവില്‍വന്നെങ്കിലും അതൊന്നും നടപ്പായില്ലെന്നാണ് ഇഡിയുടെ ആരോപണം. കുടിയൊഴിക്കപ്പെട്ട 672 വാടകക്കാര്‍ക്കു വേണ്ടി ജിസിഎ ഒറ്റ ഫല്‍റ്റ് പോലും നിര്‍മിച്ചില്ല. മാത്രമല്ല, എംഎച്ച്ഡിഎയ്ക്ക് നിര്‍മിച്ചുനല്‍കുമെന്ന് പറഞ്ഞ ഫല്‍റ്റുകളും പേപ്പറുകളില്‍ മാത്രമായി.

Next Story

RELATED STORIES

Share it