Latest News

'പാണക്കാട് തങ്ങന്‍മാരെയടക്കം വെല്ലുവിളിക്കുന്നു'; സിഐസിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് വിശദീകരണവുമായി സമസ്ത

പാണക്കാട് തങ്ങന്‍മാരെയടക്കം വെല്ലുവിളിക്കുന്നു; സിഐസിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് വിശദീകരണവുമായി സമസ്ത
X

കോഴിക്കോട്: വാഫി, വഫിയ്യ കോ-ഓഡിനേഷന്‍ സമിതിയായ ഇസ്‌ലാമിക് കോളജ് കൗണ്‍സിലു (സിഐസി) മായുള്ള ബന്ധം ഉപേക്ഷിച്ചതിന് വിശദീകരണവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ രംഗത്ത്. സമസ്ത പ്രസിഡന്റിനെ സിഐസി ഉപദേശക സമിതിയില്‍ നിന്നുമാറ്റുന്ന ഭരണഘടനാ ഭേദഗതിയടക്കം നടപ്പാക്കിയ നീക്കത്തിന് പിന്നാലെയാണ് മതപഠനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടക്കുന്ന ഇസ്‌ലാമിക് കോളജ് കൗണ്‍സിലുമായി ഒരു ബന്ധവും വേണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ തീരുമാനിച്ചത്. ഇത് വലിയ ചര്‍ച്ചയായതോടെയാണ് ഔദ്യോഗിക വിശദീകരണവുമായി ഇകെ സമസ്ത രംഗത്തുവന്നത്.

സമസ്ത പ്രസിഡന്റ് സിഐസിയുടെ ഉപദേശക സമിതി അംഗമായിരുന്നു. എന്നാല്‍, ഭരണഘടനാഭേദഗതി പ്രകാരം സമസ്ത പ്രസിഡന്റ് അംഗമാവണമെന്നില്ല. സമസ്തയുടെ ഏതെങ്കിലുമൊരു മുശാവറാംഗം മാത്രം ഉപദേശകസമിതിയില്‍ ഉണ്ടായാല്‍ മതി. ഇത് സമസ്തയുടെ നിയന്ത്രണത്തില്‍ നിന്ന് സിഐസിയെ വെട്ടിമാറ്റാനാണെന്ന് ആലിക്കുട്ടി മുസ്‌ല്യാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

വഫിയ്യ കോഴ്‌സ് പഠിക്കുന്ന പെണ്‍കുട്ടികള്‍ കോഴ്‌സ് കാലാവധി കഴിയുന്നതുവരെ വിവാഹം കഴിക്കാന്‍ പാടില്ലെന്നും അങ്ങനെ വിവാഹിതരായാല്‍ അവര്‍ പഠിക്കുന്ന സ്ഥാപനം അവരെ പുറത്താക്കണമെന്നുമുള്ള സര്‍ക്കുലറിനെതിരെയും സമസ്ത രംഗത്തുവന്നിരുന്നു. ഈ രണ്ട് വിഷയത്തിലും സിഐസിയോട് സമസ്ത രേഖാമൂലം വിശദീകരണം ചോദിച്ചിരുന്നു. ഇതില്‍ ഒരു മറുപടിയും തന്നില്ലെന്നാണ് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ സിഐസിക്കയച്ച കത്തില്‍ പറയുന്നത്. സമസ്തക്ക് സിഐസിയുടെ ഭരണഘടനയില്‍ അധികാരമുള്ളതിനാലാണ് കോഴ്‌സ് നടത്തിപ്പുമായി വാഫി, വഫിയ്യ കോഴ്‌സ് നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ഇടപെടുന്നത്.

എന്നാല്‍, ഈ അധികാരം ഭരണഘടനയില്‍നിന്ന് എടുത്തുകളയാനാണ് സിഐസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കിം ഫൈസി ശ്രമിച്ചത്. വാഫി കോളജുകളുടെ നിയന്ത്രണം കൈക്കലാക്കാന്‍ അബ്ദുല്‍ ഹക്കിം ഫൈസി വളരെ മുമ്പ് തന്നെ ചരട് വലികള്‍ തുടങ്ങിയിട്ടുണ്ട്. വളാഞ്ചേരി മര്‍ക്കസിന്റെ ഉല്‍പ്പന്നമായ വാഫി കോഴ്‌സ് എങ്ങിനെയാണ് മര്‍ക്കസില്‍ നിന്ന് പുറത്തുപോയതെന്ന് ആലിക്കുട്ടി മുസ്‌ല്യാര്‍ ചോദിച്ചു.

പാണക്കാട് തങ്ങന്‍മാരെയും സമസ്ത നേതാക്കളെയും മാനിക്കാതെ നിരന്തരം മുന്നോട്ടുപോവുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് വേണ്ടി വാഫി, വഫിയ്യ സംവിധാനം തകര്‍ക്കാന്‍ ഇനിയും കൂട്ടുനില്‍ക്കാനാവില്ല. ഈയൊരു ഘട്ടത്തിലാണ് സമസ്ത സിഐസിയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചതും തുടര്‍നടപടി കൈകൊള്ളാന്‍ ആവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിച്ചതും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്ഥാപന മേധാവികള്‍ക്കും യാതൊരു ആശങ്കയും വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സിഐസിയുടെ അധ്യക്ഷന്‍. 90 ലധികം കോളജുകളാണ് സിഐസിക്ക് കീഴിലുള്ളത്.

സമസ്ത ജനറല്‍ സെക്രട്ടറിയുടെ ഔദ്യോഗിക വിശദീകരണത്തിന്റെ പൂര്‍ണരൂപം ചുവടെ:

വാഫി, സിഐസി പ്രശ്‌നം, വസ്തുതകള്‍ എന്ത്?

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യയില്‍ തുടക്കം കുറിച്ച മത, ഭൗതിക സമന്വയ വിദ്യാഭ്യാസ സംവിധാനമാണ് വാഫീ കോഴ്‌സ്. പെണ്‍കുട്ടികള്‍ക്ക് മാത്രമായി നടന്നുവരുന്ന പഞ്ചവല്‍സര വഫിയ്യ കോഴ്‌സസും ഇതിന്റെ ഭാഗമാണ്. 08-06-2022ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ ഈ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്ന ഭരണസമിതിയായ സി.ഐ.സിയുമായി സംഘടനാ ബന്ധം അവസാനിപ്പിച്ചിരിക്കുന്നു. ഇതുസംബന്ധമായി ചില തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയിരിക്കുന്നതിനാലാണ് ഇങ്ങിനെ ഒരു വിശദീകരണം നല്‍കുന്നത്.

വഫിയ്യ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ പഠനം പൂര്‍ത്തിയാവുമ്പോള്‍ ഇരുപത്തി ഒന്നോ ഇരുപത്തിരണ്ടോ വയസ്സാകും. അതിനിടെ നികാഹ് നടത്താന്‍ പാടില്ലെന്നാണ് ചട്ടം. ഈ നിയമം ലംഘിച്ച് ഇടക്ക് നികാഹ് നടത്തിയ ചില പെണ്‍കുട്ടികളെ സ്ഥാപനങ്ങളില്‍ നിന്ന് പുറത്താക്കിയ സംഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട്. പക്ഷെ, ഇതുസംബന്ധിച്ച ചില പരാതികള്‍ സമസ്ത മുശാവറയുടെ മുന്നില്‍ ഒന്നരവര്‍ഷം മുമ്പ് എത്തിയിരുന്നു. അനിവാര്യ സാഹചര്യത്തില്‍ നിക്കാഹ് നടത്തേണ്ടിവന്നതിനാല്‍ തങ്ങളുടെ കുട്ടികളെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുകയും തുടര്‍പഠനം നിഷേധിക്കുകയും ചെയ്തിരിക്കുന്നതിനാല്‍ ബഹു. സമസ്ത ഇടപെട്ട് ഉചിതമായ പരിഹാരമുണ്ടാക്കണമെന്നായിരുന്നു പരാതിയിലെ ഉള്ളടക്കം.

തുടര്‍ന്ന് കേന്ദ്ര മുശാവറ 13-01-2021ന് ചേര്‍ന്ന യോഗത്തില്‍ ഇതു പരിഗണിക്കുകയും ആ കുട്ടികളുടെ തുടര്‍പഠനത്തിന് സൗകര്യം ചെയ്തുകൊടുക്കണമെന്നും കോഴ്‌സ് കഴിയുന്നത് വരെ നികാഹ് പാടില്ലെന്ന നിബന്ധനയുണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്നും സി.ഐ.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ആവര്‍ത്തിച്ച് കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി വിവിധ മുശാവറകള്‍ ചേര്‍ന്ന് പലകത്തുകളും സി.ഐ.സിക്ക് ഇതിനകം നല്‍കയിട്ടുണ്ട്. എന്നാല്‍, കത്തുകള്‍ക്കൊന്നും അനുകൂല മറുപടി ലഭിച്ചിരുന്നില്ല. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന ആത്മാര്‍ത്ഥമായ ഉദ്ദേശ്യം മുന്‍നിര്‍ത്തി സി.ഐ.സിയുടെ പ്രസിഡന്റും സമസ്തയുടെ ഉപാദ്ധ്യക്ഷനുമായ മര്‍ഹൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുശാവറ തീരുമാനപ്രകാരം ഇക്കാര്യം ഹക്കീം ഫൈസിയോട് നേരില്‍ ആവശ്യപ്പെട്ടു. ഞാന്‍ ഇക്കാര്യം ഹക്കിം ഫൈസിയോട് പറഞ്ഞിട്ടുണ്ടെന്ന് ബഹുമാനപ്പെട്ട തങ്ങള്‍ അറിയിക്കുകയും ചെയ്തു.

മറ്റൊരിക്കല്‍ സയ്യിദുല്‍ ഉലമാ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള സമസ്ത നേതാക്കള്‍ സിഐസി ഭാരവാഹികളെ സമസ്താലയത്തില്‍ വിളിച്ച് വരുത്തി ഇക്കാര്യം വിശദമായി ബോധ്യപ്പെടുത്തുകയും ഉപദേശിക്കുകയും ചെയ്തു. ഇങ്ങനെ നിരന്തരം ഉപദേശിക്കാന്‍ കാരണം സമസ്തക്ക് സിഐസിയുടെ ഭരണഘടനയില്‍ അധികാരമുള്ളതിനാലാണ്. പിന്നീട് ഈ അധികാരം ഭരണഘടനയില്‍നിന്ന് എടുത്തുകളയാനാണ് ഹക്കീം ഫൈസി ശ്രമിച്ചത്.

ഭരണഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഉണ്ടായിരുന്നത് ഇപ്രകാരമാണ്. ''5എ ഇപ്പോള്‍ കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ഓഫീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വീക്ഷണവും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ച് ഉന്നത ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളും അക്കാദമിക് പ്രവര്‍ത്തനങ്ങളും പാഠ്യപദ്ധതികളും സര്‍വകലാശാലാ മാതൃകയില്‍ കാലോചിതമായി പരിഷ്‌കരിക്കുക. ഏകീകരിക്കുക, പുതിയ പാഠ്യപദ്ധതികള്‍ ആവിഷ്‌ക്രരിക്കുക.''

സമസ്തയുമായി ബന്ധം അറുത്തുമാറ്റുന്നതിന്റെ ഭാഗമായി ഈ ഭാഗം പൂര്‍ണമായി ഭരണഘടനയില്‍ നിന്ന് ഒഴിവാക്കി കേവലം ''ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളും സ്ഥാപിച്ച് നടത്തുക'' എന്നാക്കി മാറ്റി. ഭാവിയില്‍ ബിദഈ ആശയക്കാര്‍ ഉള്‍പ്പെടെ ആര്‍ക്കും നേതൃത്വം നല്‍കാനും സി.ഐ.സി പിടിച്ചടക്കാനും സാധിക്കുന്ന വിധമാണ് ഈ മാറ്റം. ഇതിന് ഹക്കീം ഫൈസി പറയുന്ന ന്യായം ഏറെ വിചിത്രമാണ്. ഏതൊരു സംഘത്തിന്റെയും ഭരണഘടനയില്‍ ഉദ്ദേശ്യലക്ഷ്യങ്ങളാണ് പ്രധാനം. അതില്‍ നിന്ന് സമസ്തയെ വെട്ടിമാറ്റിയിരിക്കുന്നു. പകരം, അംഗത്വത്തിന് നിബന്ധന വെച്ചിട്ടുണ്ടെന്നാണ് വാദം.

തീര്‍ന്നില്ല, സമസ്ത അദ്ധ്യക്ഷന്‍ ഉപദേശകനായി ഭരണഘടനയില്‍ ഉണ്ടായിരുന്നു. അതും വെട്ടിമാറ്റി. സി.ഐ.സി ജനറല്‍ബോഡി തെരഞ്ഞെടുക്കുന്ന ഒരു മുശാവറ മെമ്പര്‍ ഉപദേശകനായി എന്നും ഭരണഘടനയില്‍ മാറ്റിയെഴുതി. ഈ ഭേദഗതികള്‍ ചോദ്യം ചെയ്തവരെ പ്രതികാരബുദ്ധിയോടെ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയതായാണ് അറിവ്. സമസ്ത പ്രസിഡന്റിനെ അഡ്വൈസറി ബോര്‍ഡില്‍ നിന്ന് മാറ്റരുതെന്ന് അദ്ധ്യക്ഷ വേദിയില്‍ ഉണ്ടായിരുന്ന പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞെങ്കിലും ഹക്കിം ഫൈസി അത് പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞുവത്രെ.

വാഫി കോളജുകളുടെ നിയന്ത്രണം കൈക്കലാക്കാന്‍ ഹക്കീം ഫൈസി വളരെ മുമ്പ് തന്നെ ചരട് വലികള്‍ തുടങ്ങിയിട്ടുണ്ട്. വളാഞ്ചേരി മര്‍ക്കസിന്റെ ഉല്‍പ്പന്നമായ വാഫി കോഴ്‌സ് എങ്ങിനയാണ് മര്‍ക്കസില്‍ നിന്ന് പുറത്ത് പോയത്? ഹുദവി കോഴ്‌സ് നടത്തുന്ന എല്ലാ കോളേജുകളും ദാറുല്‍ ഹുദായുടെയും, ഫൈസി കോഴ്‌സ് നടത്തുന്ന എല്ലാ ജൂനിയര്‍ കോളേജുകളും പട്ടിക്കാട് ജാമിഅയുടെയും, ദാരിമി കോഴ്‌സ് നടത്തുന്ന എല്ലാ കോളജുകളും നന്തി ദാറുസ്സലാമിന്റെയും കീഴിലാണ്. വാഫി കോഴ്‌സ് മാത്രം എങ്ങനെ സി.ഐ.സി എന്ന മറ്റൊരുസംവിധാനത്തിലേക്ക് പോയി? വളാഞ്ചേരി മര്‍ക്കസില്‍ ഹക്കീം ഫൈസി പ്രിന്‍സിപ്പാളായ അവസരം വാഫി സിലബസ് പിന്തുടരുന്ന മറ്റു ചില കോളേജുകളെ കൂട്ടി കോഓര്‍ഡിനേഷന്‍സ് ഓഫ് ഇസ്ലാമിക് കോളേജസ് എന്നൊരു കമ്മിറ്റിയുണ്ടാക്കി താന്‍ ജനറല്‍ സെക്രട്ടറിയായി ഒരു ഭരണഘടന രജിസ്തര്‍ ചെയ്തു. ഇത് മര്‍ക്കസിന്റെ അനുമതിയില്ലാതെയായിരുന്നു.

തുടര്‍ന്ന് വാഫികള്‍ക്ക് ബിരുദം നല്‍കേണ്ടി വന്നപ്പോള്‍ അത് സി.ഐ.സിയുടെ പേരിലാകണമെന്ന് ഹക്കീം ഫൈസി ശഠിച്ചുവെങ്കിലും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ 24102013ന് ചേര്‍ന്ന യോഗം സി.ഐ.സി എന്നതിന് പുറമെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് കീഴില്‍ നടത്തപ്പെടുന്ന എന്ന് അറബിയില്‍ എഴുതി ചേര്‍ക്കാന്‍ തീരുമാനിച്ചു. പക്ഷെ, ഈ തീരുമാനം ലംഘിച്ചാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്.

തുടര്‍ന്ന് പല ഇപടപെടലുകളും നടന്നെങ്കിലും ഹക്കീം ഫൈസി വഴങ്ങിയില്ല. അവസാനം 10012018ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മര്‍ക്കസ് പ്രസിഡന്റ് എന്ന നിലയില്‍ സമസ്തയുടെ കീഴില്‍ എന്ന് എന്തുകൊണ്ട് സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തില്ല എന്നതുള്‍പ്പെടെ വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും സമസ്തക്ക് പലപ്രാവശ്യം നല്‍കിയത് പോലെ ഒഴിഞ്ഞുമാറുന്ന കത്താണ് മറുപടിയായി നല്‍കിയത്.

ഇങ്ങനെ പാണക്കാട് തങ്ങന്മാരെയും സമസ്ത നേതാക്കളെയും മാനിക്കാതെ നിരന്തരം മുന്നോട്ട് പോവുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് വേണ്ടി സമുന്നതമായ വാഫിവഫിയ്യ സംവിധാനം തകര്‍ക്കാന്‍ ഇനിയും നാം കൂട്ട് നില്‍ക്കണോ? ഈ ഒരു ഘട്ടത്തിലാണ് സമസ്ത സി.ഐ.സിയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചതും തുടര്‍നടപടി കൈകൊള്ളാന്‍ ആവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിച്ചതും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്ഥാപന മേധാവികള്‍ക്കും യാതൊരു ആശങ്കയും വേണ്ട. ഇന്‍ശഅല്ലാഹ്, തുടര്‍ന്ന് വേണ്ട വിധം ഇക്കാര്യം സമസ്ത കൈകാര്യം ചെയ്യുന്നതാണ്.

പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍

(ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)

Next Story

RELATED STORIES

Share it