Latest News

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷവും അധിനിവേശ താല്‍പര്യങ്ങളും

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷവും അധിനിവേശ താല്‍പര്യങ്ങളും
X

റഷ്യയും യുക്രെയ്‌നും തമ്മില്‍ യുദ്ധമാരംഭിച്ചുകഴിഞ്ഞു. യുക്രയ്‌ന്റെ വ്യോമത്താവളം ആക്രമിച്ചതായി റഷ്യയും തിരിച്ച് റഷ്യയുടെ അഞ്ച് വിമാനങ്ങള്‍ തകര്‍ത്തതായി യുക്രെയ്‌നും അവകാശപ്പെടുന്നു. അവകാശവാദങ്ങള്‍ എന്തൊക്കെയാണെങ്കിലും യൂറോപ് യുദ്ധത്തിലേക്ക് എടുത്തുചാടിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി, റഷ്യന്‍ പ്രസിഡന്റ് പുടിനുമായി സംസാരിച്ചെങ്കിലും യൂറോപ്പിനെ യുദ്ധത്തിലേക്ക് തള്ളിവിടുന്നത് ഒഴിവാക്കാന്‍ അതിനായില്ല. സംഘര്‍ഷം ഒഴിവാക്കുന്നതിനുവേണ്ടി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ കഴിഞ്ഞ ആഴ്ച റഷ്യയിലെത്തി പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നയതന്ത്ര തലത്തില്‍ ഇന്ത്യയും സമാനമായ നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇതൊന്നും സമാധാനം കൊണ്ടുവന്നില്ലെന്ന് ഇന്നത്തോടെ വ്യക്തമായി.

നാറ്റോ സഖ്യത്തില്‍ യുക്രെയ്‌നെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് റഷ്യ ഉയര്‍ത്തിയ തര്‍ക്കമാണ് യുദ്ധത്തിനുളള പ്രാഥമിക കാരണം. യുക്രെയ്‌നു മുകളില്‍ തങ്ങളുടെ മേധാവിത്തം നിലനിര്‍ത്തുകയാണ് റഷ്യയുടെ ആവശ്യം. അതില്‍ വിള്ളലുകള്‍ വീണതോടെയാണ് റഷ്യ യുക്രെയ്‌നെതിരേ തിരിഞ്ഞത്. 2014 മുതല്‍ സംഘര്‍ഷം തുടങ്ങിയെന്നതിന് കാരണവും അതാണ്.

ദീര്‍ഘകാലം സോവിയറ്റ് റിപബ്ലിക്കിന്റെ ഭാഗമായിരുന്ന യുക്രയ്‌ന്, റഷ്യയുമായുള്ള തര്‍ക്കത്തിന് ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. പ്രശ്‌നം ഉരുണ്ടുകൂടി ഗുരുതരതമായിത്തുടങ്ങിയത് 2021ലാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡനോട് തങ്ങളെക്കൂടി നാറ്റോ സഖ്യത്തില്‍ ചേര്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു. അത് റഷ്യക്ക് പിടിച്ചില്ല. അവര്‍ യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് പരിശീലനത്തിനാണെന്ന മട്ടില്‍ സൈന്യത്തെ നിയോഗിച്ചു. ശീതകാലത്ത് ആരംഭിച്ച തര്‍ക്കം ശരത്കാലമായതോടെ മൂര്‍ച്ഛിച്ചു.

ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ റഷ്യക്ക് മുന്നറിയിപ്പ് നല്‍കി. യുക്രെയ്‌നിലുള്ള ഇടപെടല്‍ തുടര്‍ന്നാല്‍ വിവിധ തരം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക ഭീഷണി മുഴക്കി.

യുക്രെയ്‌നിലും കിഴക്കന്‍ യൂറോപ്പിലും സൈനിക നടപടികള്‍ നടത്തില്ലെന്ന് സമ്മതിച്ചുകൊണ്ടുള്ള കരാറില്‍ നാറ്റോ ഒപ്പുവയ്ക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. യുക്രെയ്ന്‍ യൂറോപ്പിന്റെ പാവയാണെന്നും അവിടെ ഒരു കാലത്തും ഒരു മാതൃകാപരമായ സര്‍ക്കാര്‍ ഉണ്ടായിരുന്നില്ലെന്നും പുടിന്‍ കുറ്റപ്പെടുത്തി.

റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം ഇതാദ്യമല്ല. 2014ല്‍ റഷ്യ യുക്രെയ്‌നില്‍ അധിനിവേശം നടത്തിയിരുന്നു. യുക്രെയ്ന്‍ വിമതര്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് നല്‍കിയ പിന്തുണയുടെ ബലത്തിലായിരുന്നു അത്. വിമതരുടെ സഹായത്തോടെ യുക്രെയ്‌ന്റെ വലിയൊരു ഭാഗം റഷ്യ പിടിച്ചെടുത്തു. ഈ സയമത്താണ് ക്രിമിയ കൈവശപ്പെടുത്തുന്നത്. ആ പ്രദേശത്തിനുവേണ്ടിയുളള സൈനിക നീക്കം ഇപ്പോഴും തുടരുകയാണ്.

ആദ്യ കാലത്ത് സോവിയറ്റ് റിപബ്ലിക്കിന്റെ ഭാഗമായിരുന്ന രണ്ട് രാജ്യങ്ങളും തമ്മില്‍ സാംസ്‌കാരികമായി വലിയ ബന്ധം നിലവിലുണ്ടായിരുന്നു. യുക്രെയ്‌നില്‍ നിരവധി പേര്‍ റഷ്യന്‍ ഭാഷ സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷേ, 2014നുശേഷം രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായി. 2014ല്‍ റഷ്യന്‍ അനുകൂലിയായിരുന്ന പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ മാറി ഇപ്പോഴത്തെ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി അധികാരത്തിലെത്തിയതോടെയാണ് റഷ്യ നേരിട്ടുള്ള ഇടപെടല്‍ തുടങ്ങിയത്. അന്നു തുടങ്ങിയ സംഘര്‍ഷം ഇതുവരെ 14,000 പേരുടെ ജീവനെടുത്തു.

ഇപ്പോള്‍ത്തന്നെ റഷ്യ യുക്രെയ്‌നുള്ളില്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരെ ഉപയോഗപ്പെടുത്തി സ്വതന്ത്രരാജ്യങ്ങള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. യുക്രെയ്‌നിലെ 17 ശതമാനം വരുന്ന റഷ്യന്‍ വംശജരില്‍ ഒരു വിഭാഗത്തെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും റഷ്യക്ക് കഴിഞ്ഞിട്ടുണ്ട്.

ഡൊന്‍ബാസ് മേഖലയിലടക്കം സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യയും യുക്രെയ്‌നും നേരത്തെ മിന്‍സ്‌ക് സമാധാന സന്ധിയില്‍ ഒപ്പുവച്ചിരുന്നുവെങ്കിലും സംഘര്‍ഷത്തിന് അയവു വന്നില്ല. സംഘര്‍ഷത്തിനു അയവുവരുത്താന്‍ സമാധാന സേനയെയാണ് തങ്ങള്‍ അയക്കുന്നതെന്നായിരുന്നു റഷ്യയുടെ അവകാശവാദം. റഷ്യ യുക്രെയ്‌നില്‍ അധിനിവേശം നടത്തുകയാണെന്ന് പാശ്ചാത്യരും നിലപാടെടുത്തു.

യൂറോപ്യന്‍ യൂനിയനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ഇപ്പോള്‍ സംഘര്‍ഷം അരങ്ങേറുന്നത്. നാറ്റോ സഖ്യത്തില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ റഷ്യക്കെതിരേ അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തില്‍ പങ്കെടുക്കുന്നതിന് ഒരു കാരണവും അതാണ്.

അതേസമയം റഷ്യക്കുള്ളതുപോലെ അമേരിക്കക്കും അവരുടേതായ താല്‍പര്യങ്ങളുണ്ട്. യൂറോപ്യന്‍ യൂനിയനിലെ മറ്റ് രാജ്യങ്ങള്‍ക്കുമുണ്ട്. പക്ഷേ, അവസാന ഘട്ടത്തില്‍ യുദ്ധക്കെടുതികള്‍ യുക്രെയ്ന്‍ ജനതയ്ക്കു മുകളില്‍ അഗ്നിയായി പതിക്കുമെന്ന കാര്യം മാത്രമേ ഉറപ്പിച്ചുപറയാനാവൂ.

Next Story

RELATED STORIES

Share it