Latest News

'ആര്‍എസ്എസ് കുഴല്‍പ്പണമോര്‍ച്ച; ജനാധിപത്യ സമൂഹത്തെ അട്ടിമറിക്കാന്‍ ആര്‍എസ്എസ് നീക്കം'- എംഎ ബേബി

ഇത് കേരളത്തിന് പുറത്തു നിന്ന് നിയമവിരുദ്ധമായി സമാഹരിച്ച പണമാണ്. നമ്മുടെ സമൂഹ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലെയും ജനാധിപത്യ സ്വഭാവത്തെ പണം ചെലവാക്കി അട്ടിമറിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്

ആര്‍എസ്എസ് കുഴല്‍പ്പണമോര്‍ച്ച; ജനാധിപത്യ സമൂഹത്തെ അട്ടിമറിക്കാന്‍ ആര്‍എസ്എസ് നീക്കം- എംഎ ബേബി
X

തിരുവനന്തപുരം: ആര്‍എസ്എസിന്റെ കുഴല്‍പ്പണമോര്‍ച്ചയെ കേരളസമൂഹം അതീവഗൗരവത്തോടെ കാണണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേരളത്തിന് പുറത്തു നിന്ന് നിയമവിരുദ്ധമായി സമാഹരിച്ച പണമാണ് ഇതെന്നും എംഎ ബേബി ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ആര്‍എസ്എസിന്റെ കുഴല്‍പ്പണമോര്‍ച്ചയെ കേരളസമൂഹം അതീവഗൗരവത്തോടെ കാണണം. നമ്മുടെ സമൂഹത്തിന്റെ ജനാധിപത്യത്തെ ആകെ തകര്‍ക്കാനുള്ള ക്രിമിനല്‍ രാഷ്ട്രീയ ശ്രമത്തിന്റെ ഭാഗമാണത്. ഇന്ത്യയിലെ താരതമ്യേന ഏറ്റവും ജനാധിപത്യപരമായ സമൂഹമാണ് കേരളത്തിലേത് എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്.

എത്ര പരിമിതികള്‍ ഉള്ളതാണെങ്കിലും നമ്മുടെ രാഷ്ട്രീയവും അടിസ്ഥാനപരമായി ജനാധിപത്യ സ്വഭാവമുള്ളതാണ്. ഇപ്പോഴും പണമല്ല ഏറ്റവും നിര്‍ണായകമായ കാര്യം. തൊഴിലാളികളുടെ പ്രതിനിധികളും സാമ്പത്തികമായി തീരെ പിന്നോക്കമായിരിക്കുന്നവരും രാഷ്ട്രീയ നേതാക്കള്‍ ആവുന്നതും ജനപ്രതിനിധികളും ഭരണാധികാരികളും ആവുന്നതും അസാധാരണമല്ല. തിരഞ്ഞെടുപ്പില്‍ പണം സ്വാധീനം ചെലുത്തുമ്പോഴും കൂടുതല്‍ പണമുണ്ട് എന്നത് മാത്രം കൊണ്ട് ഒരാള്‍ക്ക് ജയിക്കാനാവില്ല.

ഈ നില അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഹൈക്കമാന്റില്‍ നിന്ന് അയച്ചു കിട്ടിയ വന്‍തുകകളുടെ 'വിനിയോഗത്തെ'പ്പറ്റി പരസ്യവും രഹസ്യവുമായ ആരോപണങ്ങളും വിഴിപ്പലക്കലും നാം മറന്നിട്ടില്ല. കോണ്‍ഗ്രസും യുഡിഎഫും വന്‍തുകകള്‍ തിരഞ്ഞെടുപ്പുകളില്‍ വാരി വിതറിയിട്ടുണ്ടെന്നത് ആര്‍ക്കാണറിയാത്തത്? എന്നാല്‍ കേരളം ആ പണാധിപത്യ ശ്രമങ്ങളെ പരാജയപ്പെടുത്തുകയാണുണ്ടായത്. ജനാധിപത്യ മൂല്യങ്ങളോട് ഒരു ബഹുമാനവും ഇല്ലാത്തവരാണ് ആര്‍എസ്എസും അതിന്റെ രാഷ്ട്രീയ കക്ഷിയായ ബിജെപിയും. വലിയ പണം ചെലവാക്കി പാര്‍ട്ടികളേയും ജനപ്രതിനിധികളെയും വിലയ്‌ക്കെടുക്കുന്നത് അഭിമാനകരമായ മിടുക്കായി കാണുന്നവരാണ് അവര്‍.

ഇന്ത്യയെങ്ങും വന്‍തോതില്‍ പണമൊഴുക്കി തിരഞ്ഞെടുപ്പ് ജയിക്കുന്നതും മികവായി കാണുന്ന ഇവര്‍ക്ക് ജനാധിപത്യമൂല്യങ്ങളോട് യാതൊരു ബഹുമാനവും ഇല്ല. ആര്‍എസ്എസിന്റെ പണമൊഴുക്കല്‍ അബദ്ധത്തില്‍ പുറത്ത് ചാടിയതാണ് ഇപ്പോള്‍ തൃശൂരില്‍ ഉണ്ടായിരിക്കുന്ന കുഴല്‍പ്പണക്കേസ്. പോലിസ് ഇതിന്റെ ക്രിമിനല്‍ കുറ്റം എന്ന സ്വഭാവമാണ് അന്വേഷിക്കുന്നത്. അത് ഉത്തരവാദിത്തത്തോടെ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടു പോകും.

പക്ഷേ, അതിലും പ്രധാനമാണ് ഇത്തരം ജനാധിപത്യ ധ്വംസനത്തിലൂടെ ആര്‍എസ്എസ് നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കുന്ന ധാര്‍മിക ആഘാതം. ഇതിനെ ഒരു നിയമ പ്രശ്‌നം എന്നതിനുപരി ഒരു രാഷ്ട്രീയ പ്രശ്‌നം എന്ന നിലയില്‍ കൂടുതല്‍ ഗൗരവത്തോടെ കേരളത്തിലെ ജനാധിപത്യ സമൂഹം കാണണം എന്നാണ് ഞാന്‍ കരുതുന്നത്.

ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ജനാധിപത്യ സമൂഹത്തെ അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. കേരളത്തിലെ ബിജെപിയുടെ സംഘടനാചുമതലയുമായി ആര്‍എസ്എസ് നേരിട്ട് നിയോഗിച്ചിരിക്കുന്ന വ്യക്തിയാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി വന്‍തോതില്‍ പണം എത്തിച്ചത് എന്നത് ശ്രദ്ധേയമാണ്. അതും കേരളത്തിന് പുറത്തു നിന്ന് നിയമവിരുദ്ധമായി സമാഹരിച്ചപണം.

ഒരു സ്ഥാനാര്‍ഥിക്കു ചെലവഴിക്കാവുന്ന പരമാവധി തുക സംബന്ധിച്ച തിരഞ്ഞെടുപ്പു ചട്ടവും ബിജെപി ലംഘിച്ചിരിക്കയാണെന്നു കാണാം.

ആര്‍എസ്എസിന്റെ ഈ പണാധിത്യ ശ്രമത്തെ, നഗ്‌നമായ ക്രിമിനല്‍ രാഷ്ട്രീയത്തെ ഈ നാട് ഒന്നായിചേര്‍ന്ന് എതിര്‍ത്തില്ലെങ്കില്‍ നമ്മുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമല്ല ജനാധിപത്യ വിരുദ്ധമാക്കാന്‍ പോകുന്നത്. നമ്മുടെ സമൂഹജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലെയും ജനാധിപത്യ സ്വഭാവത്തെ പണം ചെലവാക്കി അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കും.

Next Story

RELATED STORIES

Share it