Latest News

ബാങ്കുകളില്‍ അവകാശികളില്ലാതെ 111.82 കോടി രൂപയുടെ നിക്ഷേപം

ബാങ്കുകളില്‍ അവകാശികളില്ലാതെ 111.82 കോടി രൂപയുടെ നിക്ഷേപം
X

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധ പൊതുമേഖല, സ്വകാര്യ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 111.82 കോടി രൂപയുടെ നിക്ഷേപം. പത്തുവര്‍ഷത്തിലധികമായി യാതൊരു ഇടപാടുമില്ലാതെ കിടക്കുന്ന 4,07,747 അക്കൗണ്ടുകളിലാണ് ഇത്രയും തുക നിക്ഷേപമുള്ളത്.

നിക്ഷേപകര്‍ മരിച്ചുപോയതോ വിദേശത്തായതോ മൂലമായിരിക്കാം ഇടപാടുകള്‍ നില്‍ക്കാനുള്ള കാരണം. അനന്തരാവകാശികള്‍ അക്കൗണ്ടിനെപ്പറ്റി അറിയാതെപോകുന്ന സാഹചര്യവുമുണ്ട്. ഇത്തരത്തില്‍ 10 വര്‍ഷത്തിലേറെയായി ഒരിടപാടും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. ഈ പണം യഥാര്‍ഥ അവകാശികള്‍ക്കോ ബന്ധുക്കള്‍ക്കോ തിരികെ ലഭ്യമാക്കുന്നതിനായി ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നവംബര്‍ മൂന്നിനു രാവിലെ 9.30നു പത്തനംതിട്ട അബാന്‍ ആര്‍ക്കേഡിന്റെ നാലാം നിലയില്‍ ക്യാംപ് സംഘടിപ്പിക്കും. 'നിങ്ങളുടെ പണം നിങ്ങളുടെ അവകാശം' ക്യാംപയിന്റെ ഭാഗമായാണ് ഈ സംരംഭം. ജില്ലയിലെ പ്രമുഖ ബാങ്കുകളുടെ പ്രതിനിധികളും ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ക്യാംപില്‍ പങ്കെടുക്കും.

ബാങ്കുകള്‍ ഇതിനകം തന്നെ ബന്ധപ്പെട്ട അക്കൗണ്ട് ഉടമകള്‍ക്കും അവകാശികള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. നോട്ടിസ് ലഭിച്ചവര്‍ തിരിച്ചറിയല്‍ രേഖകളും ആവശ്യമായ അനുബന്ധ രേഖകളും സഹിതം ക്യാംപില്‍ ഹാജരാവാനാണ് നിര്‍ദേശം. അവകാശികള്‍ ഇല്ലാത്ത അക്കൗണ്ടുകളിലെ തുക പിന്നീട് റിസര്‍വ് ബാങ്കിലേക്കാണ് മാറ്റപ്പെടുക. അവശ്യമായ രേഖകള്‍ സഹിതമെത്തിയാല്‍ തുക ബാങ്കുതന്നെ റിക്കവര്‍ ചെയ്ത് അനന്തരാവകാശികള്‍ക്ക് നല്‍കും.

Next Story

RELATED STORIES

Share it