Latest News

ആര്‍എംപിഐ നേതാവ് എന്‍ വേണുവിനും കെ കെ രമയുടെ മകന്‍ അഭിനന്ദിനും വധഭീഷണി; ആഭ്യന്തര വകുപ്പുമായി ബന്ധമുള്ള ക്രിമിനല്‍ സംഘങ്ങളെ വെളിച്ചത്തു കൊണ്ടുവരണമെന്ന് കെ കെ രമ എംഎല്‍എ

ആര്‍എംപിഐ നേതാവ് എന്‍ വേണുവിനും കെ കെ രമയുടെ മകന്‍ അഭിനന്ദിനും വധഭീഷണി; ആഭ്യന്തര വകുപ്പുമായി ബന്ധമുള്ള ക്രിമിനല്‍ സംഘങ്ങളെ വെളിച്ചത്തു കൊണ്ടുവരണമെന്ന് കെ കെ രമ എംഎല്‍എ
X

വടകര: ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനും എംഎല്‍എ കെ കെ രമയുടെ മകന്‍ അഭിനന്ദിനും അജ്ഞാത കേന്ദ്രത്തില്‍ നിന്ന് വധഭീഷണി. എംഎല്‍എ ഓഫിസിന്റെ മേല്‍വിലാസത്തിലാണ് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചത്. ടിപിയുടെ മകന് ടിപിയുടെ അനുഭവമുണ്ടാകുമെന്നും എന്‍ വേണുവിനെ കൊലപ്പെടുത്തുമെന്നും കത്തില്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. പി.ജെ. ബോയ്‌സ്, റെഡ് ആര്‍മി തുടങ്ങിയ പേരുകളില്‍ കണ്ണൂരില്‍ നിന്നുള്ളവര്‍ എന്ന് അവകാശപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്.

ജീവന്റെ പാതിയല്ല, ജീവന്‍ തന്നെ പകുത്തു നല്‍കിയ പോരാട്ട പാതയിലാണ് വ്യക്തിപരമായി നിലയുറിപ്പിച്ചിട്ടുള്ളതെന്നും 2012 മെയ് 4 ന് വള്ളിക്കാട് വച്ച് നഷ്ടപ്പെട്ടതില്‍ കൂടുതലൊന്നും നഷ്ടപ്പെടാനില്ലെന്ന് ഉറച്ച ബോധ്യമുള്ളവരാണ് ആര്‍എംപിഐക്കാരെന്നും കെ കെ രമ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ പ്രതികരിച്ചു.

''ടി.പി.ചന്ദ്രശേഖരന്റെ അരുംകൊല ഞങ്ങള്‍ക്ക് നേരെ സി.പി.എം നടത്തിയ ആദ്യ ആക്രമണമായിരുന്നില്ല. അവസാനത്തേതുമായിരുന്നില്ല.

ആറോളം സഖാക്കള്‍ക്ക് നേരെ നടന്ന കൊലപാതക ശ്രമങ്ങളുടെ തുടര്‍ച്ചയിലാണ് ടി.പി. കൊല്ലപ്പെടുന്നത്. അതോടെ താല്‍ക്കാലിക വിരാമമായ ആക്രമണ പരമ്പരകള്‍ 2016ലെ സി.പി.എംന്റെ അധികാര ലബ്ധിയോടെ വീണ്ടും തുടങ്ങുകയുണ്ടായി. കടുത്ത പ്രതിസന്ധികളിലും പതറാതെ, ഒട്ടും മനസ്സാന്നിദ്ധ്യം ചോര്‍ന്നു പോവാതെ പ്രസ്ഥാനത്തെ നയിച്ച നേതൃത്വധീരതയാണ് എന്‍. വേണു. ഇതര മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്ന് സൈൗര്യജീവിതത്തിന്റെ സാമൂഹ്യാന്തരീക്ഷം ഒഞ്ചിയത്തും ഏറാമലയിലുമൊക്കെ ഒരു പരിധിവരെയെങ്കിലും തിരികെപ്പിടിക്കാന്‍ കഴിഞ്ഞതും സഖാവ് വേണുവിന്റെ നേതൃപാടവം കൊണ്ടുതന്നെയാണ്. തിരഞ്ഞെടുപ്പു വിധികളിലൂടെ ഒഞ്ചിയത്തും വടകരയിലും നിരന്തരമായി ജനത തങ്ങളെ തള്ളിക്കളയുന്നതിന്റെ ജാള്യം സി.പി.എമ്മിന് മറച്ചു വയ്ക്കാന്‍ സാധിക്കുന്നില്ല''- അത്തരമൊരു അന്തരീക്ഷം രൂപീകരിക്കുന്നതില്‍ നേതൃപരമായ പങ്കു വഹിക്കുന്ന നേതാവെന്ന നിലയിലാണ് വേണുവിനോട് സിപിഎമ്മിന് വിദ്വേഷമുളളതെന്ന് കെ കെ രമ പറഞ്ഞു.

അജ്ഞാത ഭീഷണിയുടെ പേരില്‍ പ്രവര്‍ത്തകരെ വലയത്തില്‍ വെയ്ക്കുകയല്ല, വേണ്ടതെന്നും ആഭ്യന്തര വകുപ്പുമായി രാഷ്ട്രീയ ബന്ധമുള്ള ക്രിമിനല്‍ സംഘങ്ങളെ വെളിച്ചത്തു കൊണ്ടുവരികയും തുറുങ്കിലടയ്ക്കുകയുമാണ് പോലിസ് ചെയ്യേണ്ടതെന്നും കെ കെ രമ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it