Latest News

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ഇന്ന് അധികാരമേല്‍ക്കും

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ഇന്ന് അധികാരമേല്‍ക്കും
X

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനാണ് സുനക്. ഇന്ന് പ്രാദേശിക സമയം 11.30ന് ശേഷമാണ് ഋഷി സുനക് ബ്രിട്ടന്റെ പുതിയ സ്ഥാനം ഏറ്റെടുക്കുന്നത്. ബെക്കിങ് ഹാം കൊട്ടാരത്തില്‍ ചാള്‍സ് രാജാവിനെ കണ്ട ശേഷമാവും ചടങ്ങ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ഋഷിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഋഷി സുനകിന്റെ അച്ഛന്‍ യശ് വീറിന്റെയും അമ്മ ഉഷയുടെയും മാതാപിതാക്കള്‍ ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലുള്ളവരായിരുന്നു.

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ച കാലത്ത് അവര്‍ ബ്രിട്ടീഷുകാരുടെ തന്നെ കോളനികളായിരുന്ന കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കുടിയേറി. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അച്ഛന്‍ യശ് വീറും അമ്മ ഉഷയും 1960കളിലാണ് ബ്രിട്ടനിലെത്തിയത്. ഇപ്പോള്‍ 42 വയസ്സാണ് റിഷി സുനകിന്. 2009ലാണ് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെ ഋഷി വിവാഹം ചെയ്യുന്നത്. അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ് ഋഷി സുനക്.

വലിയ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന യുകെയെ കൈപ്പിടിച്ചുയര്‍ത്തുക എന്നത് തന്നെയാവും ഋഷിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പൊതുസഭാ നേതാവ് പെനി മോര്‍ഡന്റിനും 100 എംപിമാരുടെ പിന്തുണ കടക്കാനാവാത്തതാണ് ഋഷി സുനകിനെ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചത്. ഏഴുമാസത്തിനിടെ അധികാരത്തിലേറുന്ന മൂന്നാമത്തെ പ്രധാന മന്ത്രിയാവുകയാണ് ഋഷി സുനക്.

വെള്ളക്കാരനല്ലാത്ത ആദ്യ പ്രധാനമന്ത്രി, ബ്രിട്ടീഷ് ചരിത്രത്തില്‍ രാജ്യം ഭരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്നീ പ്രത്യേകതകള്‍ കൂടിയുണ്ട് ഈ വിജയത്തിന്. അഴിമതി ആരോപണങ്ങള്‍ക്കും പാര്‍ട്ടി തര്‍ക്കങ്ങള്‍ക്കും പിന്നാലെ സപ്തംബര്‍ ആറിന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. അതിനുശേഷം ലിസ് ട്രസ് അധികാത്തിലേറിയെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഈ മാസം 20ന് താഴെയിറങ്ങി. 45 ദിവസമാണ് ലിസ് ട്രസിന്റെ അധികാരം നിലനിന്നത്. ഇതിന് പിന്നാലെയാണ് ഋഷി സുനകിന്റെ സ്ഥാനാരോഹണം.

Next Story

RELATED STORIES

Share it